ന്യൂദല്‍ഹി: ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കി രാജ്യത്ത് പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം പ്രാബല്യത്തില്‍ വന്നു. ഓണ്‍ലൈന്‍ മാറിയ ബിസിനസ് രീതികളും ഉപഭോക്താക്കളുടെ ആവശ്യങ്ങളും പരമാവധി ഉള്‍ക്കൊണ്ടുക്കൊളളുന്നതാണ് പുതിയ നിയമം.34 വര്‍ഷം പഴക്കമുളള ഉപഭോക്തൃ സംരക്ഷണ നിയമം കാലോചിതമായി പൊളിച്ചെഴുതിയാണ് രാജ്യത്ത് പുതിയ നിയമം നിലവില്‍ വന്നത്.
2019 ഓഗസ്റ്റ് 6-ന് പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിന്റെ വിജ്ഞാപനം ഇക്കഴിഞ്ഞ 15-നായിരുന്നു പുറത്തിറങ്ങിയത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കും മോശം ഉല്പന്നങ്ങള്ക്കും കാരണക്കാരായ കമ്പനികള്‍ക്കുമേല്‍ കര്‍ശന നിയന്ത്രണം, മോശം ഉല്പന്നങ്ങള് പരസ്യങ്ങളിലൂടെ പ്രോല്‍സാഹിപ്പിക്കുന്ന താരങ്ങള്‍ക്ക് പിഴ തുടങ്ങി പുതുതായി നിലവില്‍ വരുന്ന നിയമത്തില്‍ ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കാന്‍ ഒട്ടേറെ വകുപ്പുകളുണ്ട്. പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളെ നടപടിയില്‍ നിന്നൊഴിവാക്കും. ഗുണനിലവാരമില്ലാത്ത ഉല്പന്നങ്ങള്ക്ക് തടയിട്ടും വ്യാജ പരസ്യങ്ങള്‍ക്ക് മൂക്കുകയറിട്ടുമാണ് ശക്തമാക്കിയ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം ഇന്നു മുതല്‍ നിലവില്‍ വന്നത്. ഉപഭോക്തൃ പരാതികളില്‍ 21 ദിവസത്തിനുള്ളില്‍ നടപടി ഉറപ്പാക്കുന്ന നിയമം ഉല്പന്നത്തിലെ പിഴവു മൂലം ഉപഭോക്താവിനു പരുക്കേറ്റാല്‍ ഉല്പാദകര്ക്ക് ജയില്‍ശിക്ഷയും പിഴയും വ്യവസ്ഥചെയ്യുന്നു.
ഉല്പന്നത്തിന്റെ അളവ്, ഗുണനിലവാരം, വില എന്നിവ വ്യക്തമായി രേഖപ്പെടുത്താത്തവര്‍ക്കെതിരെ ഉപഭോക്താവിന് പരാതി നല്‍കാം, നഷ്ടപരിഹാരം ആവശ്യപ്പെടാം. ഉല്പന്നത്തിലെ പിഴവു മൂലം ഉപഭോക്താവിനു പരുക്കേറ്റാല്‍ ഉല്പാദകര്ക്കു 7 വര്‍ഷം തടവും 5 ലക്ഷം രൂപ പിഴയുവരെ ശിക്ഷ ലഭിക്കാം.ജില്ലാ കമ്മീഷനിലോ സംസ്ഥാന കമ്മീഷനിലോ ദേശീയ കമ്മീഷനിലോ ഒരു പരാതി നല്കിയാല് അത് മൂന്നു മാസത്തിനകം തീര്‍പ്പാക്കണം. ഉല്‍പ്പന്നത്തിന്റെ ലബോറട്ടറി ടെസ്റ്റ് ആവശ്യമെങ്കില്‍ അഞ്ച് മാസം വരെ സമയമെടുക്കാം.
ജില്ലാ ഉപഭോക്തൃ ഫോറത്തിന് കൈകാര്യം ചെയ്യാവുന്നത് പരമാവധി 20 ലക്ഷം രൂപ വരെ മൂല്യമുളള ഉല്‍പ്പന്നങ്ങളുടെ കേസുകള്‍ ആയിരുന്നു. എന്നാല്‍ പുതിയ നിയമ പ്രകാരം ജില്ലാ കമ്മീഷന് ഒരു കോടി രൂപ വരെയുളള കേസുകള്‍ പരിഗണിക്കാം. സംസ്ഥാന കമ്മീഷന് 10 കോടി രൂപ വരെയുളള കേസുകളും. 10 കോടി രൂപയ്ക്ക് മുകളിലുളള ഉല്‍പ്പന്നങ്ങളുടെയോ സേവനങ്ങളുടെയോ കേസുകള്‍ ദേശീയ കമ്മീഷനാണ് പരിഗണിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: