കാസര്‍കോട്: കോവിഡ് ബാധിച്ച് കാസര്‍കോട് ജില്ലയില്‍ ആദ്യമരണം ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ നാട് ആശങ്കയിലായിരിക്കുകയാണ്. ഉപ്പള ഹിദായത്ത് നഗര്‍ സ്വദേശിനി 74 കാരിയായ നഫീസയാണ് മരണപ്പെട്ടിരിക്കുന്നത്. ഇവരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ലെന്നതാണ് ഏറെ ആശങ്കാജനകം. ഇവരുടെ കുടുംബത്തിലെ മറ്റ് ഏഴ് പേര്‍ക്കും രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
കോവിഡിന്റെ രണ്ട് ഘട്ടങ്ങളും കടന്നു പോയപ്പോഴും കാസര്‍കോട്ട് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. കോവിഡിന്റെ തുടക്കത്തില്‍ കാസര്‍കോട്ടാണ് കൂടുതല്‍ രോഗികള്‍ ഉണ്ടായിരുന്നതെങ്കിലും ഇന്നത്തെ അവസ്ഥയിലെത്തിയിരുന്നില്ല. സമ്പര്‍ക്ക രോഗികളുടെയും ഉറവിടമറിയാത്ത രോഗികളുടെയും എണ്ണം വര്‍ധിച്ച് വരികയാണ്. ഇന്നലെ മാത്രം 29 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ 22 പേര് സമ്പര്‍ക്കം വഴി രോഗികളായി. അഞ്ചുപേരുടെ രോഗ ഉറവിടം വ്യക്തമല്ല.
കഴിഞ്ഞ ദിവസം 32 പേര്‍ക്ക് കോവിഡ് ബാധിച്ചപ്പോള്‍ ഇതില്‍ 22ഉം സമ്പര്‍ക്കത്തിലൂടെയാണ് ഉണ്ടായത്. ബുധനാഴ്ചയാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ സമ്പര്‍ക്ക രോഗികള്‍ ഉണ്ടായത്. 74 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 49 ഉം സമ്പര്‍ക്കത്തിലൂടെയായിരുന്നു. അന്നും എട്ടുപേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിരുന്നില്ല. ജില്ല അതീവ ഗുരുതരാവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.
ജില്ലയില്‍ ചെങ്കള, ചെമ്മനാട്, കാസര്‍കോട് മുനിസിപ്പാലിറ്റി, മധൂര്‍, മഞ്ചേശ്വരം, ഉപ്പള തുടങ്ങിയ പ്രദേശങ്ങളാണ് രോഗവ്യാപനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. മരണാനന്തര ചടങ്ങുകളിലും മറ്റു ചടങ്ങുകളിലും ഒരു നിയന്ത്രണവുമില്ലാതെ ആളുകളെത്തുന്നുവെന്ന ആരോപണം ചില ഭാഗങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്.
ആരോഗ്യ പ്രവര്‍ത്തകരുടെയും ജില്ലാ ഭരണകൂടത്തിന്റെയും കര്‍ശന നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ചിലര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. നേരത്തെ വിദേശത്തുനിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ് രോഗികളായി ഉണ്ടായിരുന്നത്. അവര്‍ കൃത്യമായി ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നതിനാല്‍ രോഗ വ്യാപനം തടയാനായി. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല. സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ സമൂഹ വ്യാപനത്തിലേക്കാണ് നീങ്ങുന്നത്. ഇവര്‍ രോഗം അറിയാതെ തന്നെ സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലുകയാണ്. ലോക്ഡൗണ്‍ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് എവിടേക്കും സഞ്ചരിക്കാനാവും.
മാസ്ക് പോലും ധരിക്കാതെ ഇപ്പോഴും നിരവധി പേര് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നുണ്ട്. അതിന് തെളിവാണ് ഓരോ ദിവസവും പോലീസ് പിടികൂടുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവ്. പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കി രോഗവ്യാപനം തടയാന്‍ ശ്രമിക്കുമ്പോഴും സമ്പര്‍ക്ക രോഗികളുടെ വര്‍ദ്ധനവ് അധികൃതരെ ആശങ്കപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: