പ്രേക്ഷകശ്രദ്ധ നേടിയ പാവ, എന്റെ മെഴുകുതിരി അത്താഴങ്ങള്‍ എന്നീ സിനിമകള്‍ക്ക് ശേഷം യുവ സംവിധായകന് സൂരജ് ടോം ഒരുക്കുന്ന വെബ് മൂവിയായ ബെറ്റര്‍ ഹാഫ് ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുന്നു. യഥാര്‍ത്ഥ സംഭവങ്ങളെ പ്രമേയമാക്കി ചിത്രീകരിക്കുക സിനിമയില്‍ പതിവാണ്. എന്നാല്‍ ആ രീതിയില്‍നിന്ന് വ്യത്യസ്തമായി നടന്ന സംഭവത്തെ അതേ ഭാവതീവ്രതയോടെ ആവിഷ്ക്കരിക്കുകയാണ് ബെറ്റര്‍ ഹാഫ്. കുടുംബ ബന്ധങ്ങളുടെയും ദാമ്പത്യ ജീവിതത്തിന്റെ മൂല്യങ്ങളാണ് ബെറ്റര്‍ ഹാഫ് മുന്നോട്ട് വയ്ക്കുന്നത്.
പച്ചയായ ജീവിതത്തിന്റെ ചൂടും ചൂരും ചോര്‍ന്ന് പോകാതെയുള്ള ആവിഷ്ക്കാരം പുതിയൊരു ദൃശ്യഭാഷ അവതരിപ്പിക്കുകയാണ്. ഫാന്റസിയോ അതിഭാവുകത്വമോ ഒന്നും ചിത്രം ആവിഷ്ക്കരിക്കുന്നില്ല. വളരെ തന്മയത്വത്തോടെ റിയല്‍ സ്റ്റോറിയെ പുനരാവിഷ്ക്കരിക്കുകയാണ്. ലളിതമായി കഥ പറയുന്നതിലൂടെ കുടുംബ പ്രേക്ഷകരെയും ലക്ഷ്യമിട്ടാണ് ബെറ്റര്‍ ഹാഫ് ഒരുക്കുന്നത്.
ഇന്ത്യന്‍ ഇവാഞ്ചലിക്കല്‍ ടീമിന്റെ ബാനറില്‍ ഡോ. പി. ജി. വര്‍ഗ്ഗീസാണ് ബെറ്റര്‍ ഹാഫ് നിര്‍മിക്കുന്നത്. പാവ, വികൃതി എന്നീ സിനിമകള്‍ക്ക് കഥയും തിരക്കഥയും ഒരുക്കിയ അജീഷ് പി.തോമസിന്റേതാണ് തിരക്കഥ. ട്രാഫിക്, മേല്‍വിലാസം, പള്ളിക്കൂടം പോകാമലെ (തമിഴ് മൂവി) എന്നീ സിനിമകള്‍ക്ക് സംഗീതം ഒരുക്കിയ സാംസണ് കോട്ടൂരിന്റേതാണ് ബെറ്റര്‍ ഹാഫിന്റെ സംഗീതവും പശ്ചാത്തല സംഗീതവും.
പാവ, മേരാനാം ഷാജി, മംഗല്യം തന്തുനാനേന എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത ജോമോന് കെ. ജോണ്‍ ആണ് ബെറ്റര്‍ ഹാഫിലെ നായകന്. ഒരു ഞായറാഴ്ച എന്ന ചിത്രത്തിലൂടെ വന്ന പുതുമുഖ താരം മേഘ തോമസാണ് നായിക. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ രമേശന്, ഡോ. റോണി ഡേവിഡ്, ഗ്രീഷ്മ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: