കണ്ണൂര്‍: കോവിഡ് മാനദണ്ഢങ്ങള്‍ പരിഗണിക്കാതെ ഭരണപക്ഷ വിരുദ്ധ നിലപാടുളള ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിദൂര സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റം നല്‍കുന്നതായി പരാതി. ആഭ്യന്തര വകുപ്പിന്റെ ഇത്തരം നടപടിയില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധം.
കോവിഡ് കാലഘട്ടത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം വീട് ചെയ്യുന്ന സ്ഥലത്ത് നിയമനം നല്കാന് ശ്രദ്ധിക്കണമെന്ന ഡിജിപിയുടെ നിര്‍ദ്ദേശം നിലനില്‍ക്കേയാണ് ഭരണപക്ഷത്തോട് രാഷ്ട്രീയപരമായി അഭിപ്രായ വിത്യാസമുളള ഉദ്യോഗസ്ഥരെ തിരഞ്ഞ് പിടിച്ച് വീട്ടില്‍ നിന്നും കിലോ മീറ്ററുകള്‍ അകലെയുളള സ്ഥലങ്ങളില്‍ നിസ്സാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥലം മാറ്റുന്നത്. സമീപ സ്റ്റേഷനുകളില്‍ ഒഴിവുകള്‍ ഉണ്ടെന്നിരിക്കെയാണ് ഈ സ്ഥലം മാറ്റം.
കോവിഡ് കാരണം ഇത്തവണ ജനറല്‍ ട്രാന്‍സ്ഫര്‍ നടന്നിരുന്നില്ല. കോവിഡ് കാലഘട്ടത്തില്‍ സാമൂഹ്യ അകലം പാലിച്ചും മറ്റും പ്രോട്ടോക്കോള്‍ പാലിക്കപ്പെടണമെന്ന് പറയുമ്പോഴും ഇത്തരം സ്ഥലം മാറ്റപ്പെട്ട പല ഉദ്യോഗസ്ഥരും പത്തും അറുപതും കിലോ മീറ്ററുകള്‍ പൊതു വാഹനങ്ങളില്‍ യാത്ര ചെയ്താണ് ജോലി സ്ഥലത്തെത്തുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായക പ്രവര്‍ത്തനം നടത്തി വരുന്ന പോലീസ് ഉദ്യോഗസ്ഥരെ ഇത്തരത്തില്‍ സ്ഥലം മാറ്റുന്നതോടെ യാത്രയ്ക്കിടയിലും മറ്റും രോഗ വ്യാപനത്തിനുളള സാധ്യത വര്‍ദ്ധിപ്പിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
സിപിഎമ്മിന്റെയും അവരുടെ നിയന്ത്രണത്തിലുളള പോലീസ് ഉദ്യോഗസ്ഥരുടേയും തീരുമാനങ്ങളെ ഏകപക്ഷീയമായി അംഗീകരിക്കാതിരിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതിന്റെ പേരില്‍ നിരവധി ഉദ്യോഗസ്ഥരാണ് കഴിഞ്ഞ നാലു വര്‍ഷക്കാലമായി അന്യായമായ സ്ഥലമാറ്റത്തിന്റെയും അകാരണമായ സസ്പെന്‍ഷനടക്കമുളള നടപടികളും നേരിട്ട് ദുരിതം അനുഭവിക്കുന്നത്. പയ്യന്നൂരില്‍ നിന്ന് ന്യൂ മാഹിയിലേക്കും അവിടെ നിന്ന് തിരിച്ചും മലയോര മേഖലയിലുളളവരെ ജില്ലാ ആസ്ഥാനത്തേക്കും തലശ്ശേരി, തളിപ്പറമ്പ് തുടങ്ങിയ വിദൂര സ്ഥലങ്ങളിലേക്കും രാഷ്ട്രീയ എതിരാളികളായ പോലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുളളില്‍ സ്ഥലം മാറ്റുകയുണ്ടായി.
നിസ്സാര കാരണം പറഞ്ഞ് ചില ഉദ്യോഗസ്ഥരെ വിദൂര ജില്ലകളിലേക്ക് സ്ഥലം മാറ്റിയ സംഭവങ്ങളും ജില്ലയിലുണ്ടായിട്ടുണ്ട്. ഇത്തരത്തിലുളള പല ഉദ്യോഗസ്ഥരുടേയും പ്രമോഷനും ഇഗ്രിമെന്റുകളും തടഞ്ഞുവെയ്ക്കുന്ന സംഭവങ്ങളും നിരവധിയാണെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. എവിടെയും ജോലി ചെയ്യാന്‍ തയ്യാറാണെങ്കിലും കോവിഡ് കാലത്തെങ്കിലും മാനദണ്ഡങ്ങള്‍ പാലിച്ച് സ്ഥലം മാറ്റം നടത്താന്‍ അദികൃതര്‍ തയ്യാറാവണമെന്നാണ് ഇവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: