കോഴിക്കോട്: കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ എസ്. സാംബശിവ റാവു ഉത്തരവിറക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ജില്ലയില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ആയിരിക്കും.
മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവയൊഴികെയുള്ള അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും മെഡിക്കല്‍ ഷോപ്പുകളും മാത്രമേ തുറക്കാവൂ. വൈദ്യസഹായത്തിനും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുമല്ലാതെ പൊതുജനങ്ങള്‍ യാത്ര ചെയ്യരുത്. വിവാഹത്തിലും അതിനോടനുബന്ധിച്ച ചടങ്ങുകളിലും ആകെ 50ലധികം ആളുകള്‍ പങ്കെടുക്കരുത്. ഒരേ സമയം 20 പേരിലധികം പേര് ഒത്തുചേരാനും പാടില്ല. മരണാനന്തര ചടങ്ങുകളില്‍ 20ലധികം പേര് പങ്കെടുക്കരുത്.
വിവാഹം , മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവ സംബന്ധിച്ച വിവരം വാര്‍ഡ് തല ദ്രുതകര്‍മ്മസേനയെ (ആര്‍ആര്‍ടി) അറിയിക്കണം. ആളുകള്‍ നിയന്ത്രിതമായി മാത്രമേ ചടങ്ങില്‍ പങ്കെടുക്കുന്നുള്ളൂവെന്ന് ആര്‍ആര്‍ടികള്‍ സാക്ഷ്യപ്പെടുത്തണം. പോലീസിന്റെ അനുമതിയില്ലാതെ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങള്‍, ധര്‍ണകള്‍, ഘോഷയാത്രകള്‍, മറ്റു പ്രക്ഷോഭ പരിപാടികള്‍ എന്നിവ നിരോധിച്ചു. പോലീസിന്റെ അനുമതിയോടെ നടത്തുന്ന ഇത്തരം പരിപാടികളില്‍ പത്തിലധികം ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല.
കൊയിലാണ്ടി, ചോമ്പാല ഹാര്‍ബറുകളുടെ പ്രവര്‍ത്തനം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു. അന്തര്‍ജില്ലാ യാത്രകള്‍ നടത്തുന്നവര്‍ വാര്‍ഡ് ആര്‍ആര്‍ടിയെ അറിയിക്കണം. രാത്രി 10 മുതല്‍ രാവിലെ അഞ്ചു മണിവരെ രാത്രി കര്‍ഫ്യൂ കര്‍ശനമായി നടപ്പിലാക്കാന്‍ പോലീസ് കര്‍ശന നടപടി സ്വീകരിക്കണം. എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും പോലീസിന്റെ ശക്തമായ നിരീക്ഷണം ഉണ്ടായിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: