തൃശൂര്‍: കോര്‍പ്പറേഷന്റെ കൗണ്‍സില്‍ യോഗത്തില്‍ നിന്നു വിട്ടു നിന്ന 10 സിപിഎം കൗണ്‍സിലര്‍മാരുടെ വീടുകളില്‍ അറ്റന്റന്‍സ് രജിസ്റ്ററുമായെത്തി ഒപ്പിടുവിച്ചതായി ആരോപണം. കോര്പ്പറേഷന് സെക്രട്ടറിയുടെ കൈവശമുള്ള ഹ ാജര് ബുക്കുമായി രാത്രിയില്‍ കോര്‍പ്പറേഷനിലെ ഡ്രൈവറാണ് സിപിഎം കൗണ്‍സിലര്‍മാരുടെ വീടുകളിലെത്തി ഒപ്പിടുവിച്ചത്എന്നാണ് ആക്ഷേപമുയരുന്നത്.
യോഗത്തില്‍ നിന്ന് വിട്ടുനിന്ന 10 കൗണ്‍സിലര്‍മാരില്‍ അഞ്ച് പേര് മാത്രം ഹാജര്‍ ഒപ്പിട്ടു നല്കി. അയ്യന്തോളിലെ സോണല്‍ ഓഫീസ് ഹാളില്‍ കഴിഞ്ഞ ദിവസമാണ് കൗണ്‍സില്‍ യോഗം നടന്നത്. ഭരണനേതൃത്വവുമായുള്ള കടുത്ത ഭിന്നതയെ തുടര്‍ന്ന് എല്‍ഡിഎഫ് കണ്‍സിലര്‍മാര്‍ യോഗം ബഹിഷ്ക്കരിക്കുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. 55 അംഗ കൗണ്‍സിലിലെ 27 എല്‍ഡിഎഫ് കൗണ്‍സിലര്‍മാരില്‍ 10 കൗണ്‍സിലര്‍മാര്‍ യോഗത്തിനെത്തിയില്ല.
അതേസമയം ചര്‍ച്ചകള്‍ പാടില്ലെന്നും പ്രോട്ടോകോള്‍ മാനദണ്ഡമനുസരിച്ചുള്ള യോഗം പെട്ടെന്ന് തീര്‍ക്കണമെന്നും ചര്‍ച്ച അനുവദിക്കാനാകില്ലെന്നും മേയര്‍ വ്യക്തമാക്കിയതോടെ ബിജെപിയുള്‍പ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിപക്ഷത്തിന്റെ പിടിവാശിയെ തുടര്‍ന്നാണ് പിന്നീട് ചര്‍ച്ച നടത്തിയത്.
ചെറുകിട ജലവൈദ്യുതി പദ്ധതിയെ പ്രതിപക്ഷം എതിര്‍ത്തിരുന്നു. എന്നാല്‍ ഇതൊരു അറിയിപ്പ് മാത്രമാണെന്നും തീരുമാനമെടുക്കാന്‍ വീണ്ടും അജണ്ട വെച്ച് യോഗം ചേരുമെന്നും മേയര്‍ വിശദീകരണം നല്കി. പക്ഷേ യോഗ തീരുമാനങ്ങള്‍ മേയറുടെ പത്രക്കുറിപ്പായി മാധ്യമങ്ങളിലെത്തിയപ്പോള്‍ മേയര്‍ നിലപാട് മാറ്റി. പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചുവെന്നായിരുന്നു പത്രക്കുറിപ്പ്. യോഗം കഴിഞ്ഞ ശേഷമായിരുന്നു ഭൂരിപക്ഷമുണ്ടാക്കാന്‍ ഹാജര്‍ ബുക്കുമായി ഒപ്പിടിക്കല്‍ നടപടിയുണ്ടായത്.
ഹാജര്‍ ബുക്ക് വീടുകളില്‍ കൊണ്ടുപോയി ഒപ്പിടുവിച്ച നടപടി നിയമവിരുദ്ധവും ചട്ടലംഘനവുമാണെന്ന് പ്രതിപക്ഷ നേതാവ് രാജന് പല്ലനും ബിജെപി നേതാവ് എം.എസ് സമ്പൂര്‍ണ്ണയും പറഞ്ഞു. ജല വൈദ്യുത പദ്ധതി ചര്‍ച്ച അറിയിപ്പാണെന്നും തീരുമാനം പിന്നീടേ ഉണ്ടാകുവെന്നും കൗണ്‍സിലില്‍ വിശദീകരിച്ചതിന് ശേഷമുള്ള മേയറുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്നും കൗണ്‍സില്‍ തീരുമാനങ്ങളില്‍ വിയോജനകുറിപ്പ് നല്‍കിയതായും എം.എസ് സമ്പൂര്‍ണ്ണ അറിയിച്ചു. പ്രായോഗികമല്ലാത്ത പദ്ധതികളാണ് കോര്പ്പറേഷന് നടപ്പാക്കുന്നത്. മാലിന്യസംസ്കരണ പദ്ധതികളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും എം.എസ് സമ്പൂര്‍ണ്ണ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: