കോട്ടയം: രോഗഭീതിയില്‍ വീട്ടിലിരിക്കേണ്ടി വരുന്ന കുട്ടികളുടെ മാനസികോല്ലാസത്തിന് വേണ്ടി പരമേശ്വരീയം രാമായണ കലോത്സവമെന്ന ഓണ്‍ലൈന്‍ മത്സരം സംഘടിപ്പിക്കുന്നു. കര്‍ക്കടകം ഒന്ന് മുതല്‍ ചിങ്ങം ഒന്ന് വരെ വിവിധ ദിവസങ്ങളിലായി ആറു കാണ്ഡങ്ങളിലൂടെയുള്ള ആനന്ദോത്സവമായാണ് വിവിധ കലാവിജ്ഞാന മത്സരങ്ങള്‍ അരങ്ങേറുന്നത്.
ശിശു, ബാല, കിഷോര്‍ വിഭാഗങ്ങളിലായി 38 ഗോകുല ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഏറ്റവും വലിയ ഓണ്‍ലൈന്‍ രാമായണ കലോത്സവം നടക്കുന്നത്. രാമായണ മാസത്തെ ജനകീയമാക്കിയ പി. പരമേശ്വര്ജിയ്ക്കുള്ള ആദരവായി പരമേശ്വരീയം എന്ന പേരാണ് നല്‍കിയിരിക്കുന്നത്. പാരായണം, പ്രശ്നോത്തരി, പ്രഭാഷണം, ഏകാഭിനയം തുടങ്ങി പതിനഞ്ചോളം വിഷയങ്ങളില്‍ പതിനായിരത്തിലേറെ ബാലികാ ബാലന്മാര് മത്സരിക്കും. കലോത്സവ ലോഗോ പ്രകാശനം കാവാലം ശ്രീകുമാര്‍ നിര്‍വഹിച്ചു.
16ന് ജി. വേണുഗോപാല്‍ രാമായണ കലോത്സവം ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ രാമായണസന്ധ്യ. യുട്യൂബ് വഴി രാമായണ ദര്ശന്, രാമായണവിശേഷങ്ങള്‍ പങ്കു വെക്കുന്ന ഡിജിറ്റല്‍ മാഗസിന്, ഹ്രസ്വചിത്രങ്ങള്‍ മുതലായ വേറിട്ട പ്രവര്‍ത്തനങ്ങളും അനുബന്ധമായി നടക്കും. ചിങ്ങം ഒന്നിന് കണ്ണൂരില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ രാമായണ പ്രതിഭകളായ രാഹുല്‍, ആദിദേവ് എന്നീ കുട്ടികള്‍ക്ക് ലവകുശ പുരസ്കാരം സമ്മാനിക്കും. കലോത്സവത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമാക്കി രജിസ്ട്രേഷന് ആരംഭിച്ചതായി സംസ്ഥാന അധ്യക്ഷന്‍ ആര്. പ്രസന്നകുമാറും ജനറല്‍ സെക്രട്ടറി കെ.എന്‍. സജികുമാറും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: