കൊല്ലം: വറുതിയുടെയും ദുരിതത്തിന്റെയും മാസമായ കള്ളക്കര്‍ക്കടകത്തെ പുണ്യ കര്‍ക്കടകമാക്കുന്ന രാമായണശീലുകള്‍ അലയടിക്കാന്‍ ഇനി ദിനങ്ങള്‍ മാത്രം. രാമായണത്തിന്റെ പുണ്യവുമായി കര്‍ക്കടമാസത്തിന് വ്യാഴാഴ്ച തുടക്കമാവുകയാണ്. ഈ കോവിഡ് കാലത്തും രാമായണപാരായണത്തിലൂടെ മനസ്സില്‍ പുണ്യം നിറയ്ക്കാനൊരുങ്ങുകയാണ് ഭക്തര്‍.
കര്‍ക്കടകത്തിന്റെ വറുതിയില്‍ തുണയാകാന്‍ മര്യാദാ പുരുഷോത്തമന്റെ കഥ കേള്‍ക്കണം എന്നാണ് ആചാര്യന്മാര് പറയുന്നത്. ഇനിയുള്ള ഒരു മാസം രാമായണമാസമായി ആചരിക്കും. ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വീടുകളിലും രാമായണം വായിക്കും.
ഓണ്‍ലൈന്‍ വഴിയും നവമാധ്യമങ്ങളില്‍ കൂടിയുമാണ് ഇപ്രാവശ്യം ആധ്യാത്മികപ്രഭാഷണം, രാമായണ ചര്‍ച്ചകള്‍ എന്നിവ ഉണ്ടാകുക. കഴിഞ്ഞ വര്‍ഷങ്ങളിലെപ്പോലെ വനിതകളുടെയും ചെറുപ്പക്കാരുടെയും നേതൃത്വത്തിലുള്ള കൂട്ടായ്മകള്‍ വീടുകള്‍തോറും 30 ദിവസം തുടര്‍ച്ചയായി രാമായണം വായിക്കുന്ന ചടങ്ങുകളും ഒഴിവാക്കിയിട്ടുണ്ട്.
ബാലഗോകുലവും ആധ്യാത്മിക സമുദായസംഘടനകളും വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. വിവിധ ക്ഷേത്രങ്ങളും സംഘടനകളും സാമൂഹ്യ അകലം പാലിച്ച് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കി രാമായണമാസത്തെ എതിരേല്ക്കുന്നതിനായി നിയന്ത്രിത സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കര്‍ക്കടകം ഒന്നുമുതല്‍ സുഖചികിത്സ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങള്‍.
കര്‍ക്കടക ചികിത്സയ്ക്കായി എത്തുന്നവര്‍ക്ക് മുന്‍കരുതലെന്നോണം കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയശേഷവും വിദേശത്തുനിന്നും എത്തിയവരെ നിരീക്ഷണകാലാവധി കഴിഞ്ഞശേഷവും മാത്രമേ ഇത്തവണ ചികിത്സ നല്‍കൂ. കോവിഡിനെ തുടര്‍ന്ന് വിദേശികള്‍ എത്താതായതോടെ ആയുര്‍വേദ റിസോര്‍ട്ടുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.
തിരക്കേറിയ ആധുനിക ജീവിതരീതിക്കിടെ നഷ്ടമായ ആരോഗ്യം തിരിച്ചെടുക്കാന്‍ കര്‍ക്കടകത്തില്‍ ആയുര്‍വേദചികിത്സകള്‍ ചെയ്യുന്നവരും ഏറെയാണ്. കര്‍ക്കടകക്കഞ്ഞി ഉള്‍പ്പെടെയുള്ള പോഷകഗുണമേറിയ ഭക്ഷണത്തിന് പ്രധാന്യം നല്‍കുന്നതും ഈ മാസത്തില്‍ തന്നെ.
കോവിഡ് സമൂഹ വ്യാപന ഭീഷണി നേരിടുന്ന ഈ സമയത്ത് നാട്ടിലെ വിവിധ ക്ഷേത്രങ്ങളും സംഘടനകളും സാമൂഹ്യ അകലം പാലിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി രാമായണമാസത്തെ എതിരേല്ക്കുന്നതിനായി നിയന്ത്രിത സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: