ശാസ്താംകോട്ട: പോരുവഴി കമ്പലടിയില്‍ മെത്ത വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പോരുവഴി പഞ്ചായത്തില്‍ കൂടി സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കുന്നത്തൂര്‍ താലൂക്ക് ഏറെക്കുറെ നിശ്ചലമായി. രോഗ വ്യാപനം ദിനംപ്രതി വര്‍ധിച്ചുവരുന്ന ശാസ്താംകോട്ട, ആഞ്ഞിലിമൂട് പ്രദേശങ്ങളില്‍ ഇന്നലെ നാലു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇവിടെ കോവിഡ് രോഗികളുടെ എണ്ണം ഇരുപത്തിയഞ്ചായി.
പോരുവഴിയില്‍ രോഗം സ്ഥിരീകരിച്ചയാളുടെ സഞ്ചാരവഴികളും ഭീതി പരത്തുന്നതാണ്. മെത്തയും ചവിട്ടിയും കര്‍ട്ടനും വില്‍ക്കുന്ന ഇയാള്‍ വീട് വീടാന്തരം കയറിയാണ് വില്‍പ്പന നടത്തിയിരുന്നത്. രോഗം സ്ഥിരീകരിച്ച ദിവസവും തലേന്നുമായി ഇയാള്‍ നൂറില്‍പ്പരം വീടുകളില്‍ കച്ചവടത്തിനായി കയറിയിറങ്ങിയതായാണ് പ്രാഥമിക വിവരം. കൂടാതെ പ്രാര്‍ത്ഥനയ്ക്ക് പോയ പള്ളി, കടകള്‍ തുടങ്ങി ഈ രോഗിയുടെ യാത്രാവിവരം ആരോഗ്യ വകുപ്പ് ശേഖരിച്ചു വരികയാണ്.
ശാസ്താംകോട്ടയെ കണ്ടയിന്മെന്റ് സോണായി പ്രഖ്യാപിച്ച ശേഷം കഴിഞ്ഞ ദിവസങ്ങളില്‍ ബാങ്കുകള്‍ തുറക്കാന്‍ പോലീസ് അനുവദിക്കാതിരിക്കുന്നത് ആളുകളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. അവശ്യ സാധനങ്ങള്‍ പോലെ ബാങ്കുകളും തുറക്കണമെന്നാണ് പൊതുവിലുള്ള ആവശ്യം. ശാസ്താംകോട്ടയിലും ഭരണിക്കാവിലുമായി ദേശസാല്‍കൃത ബാങ്കുകള്‍ അടക്കം പതിനൊന്നോളം ബാങ്കുകളാണ് ഒരാഴ്ചയായി അടഞ്ഞ് കിടക്കുന്നത്. നിരവധി പേരുടെ പെന്‍ഷനും ക്ഷേമ പെന്‍ഷനും കൈപ്പറ്റാന്‍ കഴിയാത്ത സ്ഥിതിയാണ്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും കൂലി ബാങ്കിലാണ് വരുന്നത്. അവശ്യ സര്‍വീസായ കച്ചവട സ്ഥാപനങ്ങളിലെ ബാങ്ക് ഏര്‍പ്പാടും ഇതോടെ മുടങ്ങിയിരിക്കുകയാണ്. കണ്ടയിന്മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള മറ്റ് സ്ഥലങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ രോഗവ്യാപനത്തിന് അയവു വരാതെ ബാങ്ക് പ്രര്‍ത്തിപ്പിക്കാന്‍ കഴിയില്ലന്നാണ് പോലീസിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: