പുതുക്കാട്: നിര്‍ധന കുടുംബത്തിലെ യുവാവിന് വികലാംഗ പെന്ഷന് മുടങ്ങിയതോടെ ആശ്രയമില്ലാതെ കുടുംബം ദുരിതത്തില്‍. തൃക്കൂര് ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡില്‍ ഞെള്ളൂര്‍ ചുക്കിരി വീട്ടില്‍ രാമന്റെ മകന് സിജോഷിന് (35) ആണ് വര്‍ഷങ്ങളായി പെന്ഷന് ലഭിക്കാത്തത്. ഇരുകാലുകളും സ്വാധീനം നഷ്ടപ്പെട്ടതിനാല്‍ യാത്ര ചെയ്യാനും നടക്കാനും പ്രയാസമാണ്. 70 ശതമാനം ഭിന്നശേഷിയുണ്ടെന്ന് സാക്ഷ്യപെടുത്തിയ സര്‍ട്ടിഫിക്കറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് സിജോഷിന് ലഭിച്ചിട്ടുണ്ട്.
ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ പഞ്ചായത്തില്‍ പെന്ഷന് മസ്റ്ററിങ് നടത്താന്‍ സാധിച്ചിട്ടില്ല. ഇതിനാല്‍ 30 മാസമായി സിജോഷിന് വികലാംഗ പെന്ഷന് മുടങ്ങി. 20 വര്‍ഷമായി സിജോഷും മാതാപിതാക്കളും ഷീറ്റ് മേഞ്ഞ കൂരയിലാണ് താമസം. 2000ല്‍ ഭവന നിര്‍മ്മാണത്തിന് പഞ്ചായത്തില്‍ നിന്ന് ധനസഹായം അനുവദിച്ചിരുന്നു. ഇതേ തുടര്‍ന്ന് മുമ്പുïായിരുന്ന ഓട് മേഞ്ഞ വീട് പൊളിച്ചു നീക്കി. സാങ്കേതിക കാരണങ്ങളാല്‍ പുതിയ വീട് നിര്‍മ്മിക്കാന്‍ ധനസഹായം ലഭിക്കാത്തതിനാല്‍ ഇവര്‍ ഷീറ്റ് മേഞ്ഞ കൂരയില്‍ തന്നെയാണിപ്പോഴും താമസിക്കുന്നത്. കൂലിപ്പണിക്ക് പോയിരുന്ന രാമന് (62) ഇപ്പോള്‍ അസുഖത്തെ തുടര്‍ന്ന് കിടപ്പുരോഗിയായതോടെ കുടുംബത്തിന്റെ ദൈനംദിന കാര്യങ്ങള്‍ ഏറെ പ്രയാസത്തിലാണ്.
വീട്ടിലേക്ക് വൈദ്യുതി കണക്ഷന് ഇല്ലാത്തതിനാല്‍ ദുരിതപൂര്‍ണമായ ജീവിതമാണ്. രണ്ടര വര്‍ഷമായി മുടങ്ങിയ സിജോഷിന്റെ വികലാംഗ പെന്ഷന് ലഭിച്ചാല്‍ ഈ കുടുംബത്തിന് അത് വലിയ ആശ്വാസമാകും. ബന്ധപ്പെട്ട അധികൃതര്‍ ഈ വിഷയത്തില്‍ നടപടിയെടുക്കുന്നില്ലെന്നാണ് പരാതി. കാലവര്‍ഷം ശക്തമായകുകയും ഇഴജന്തുക്കളുടെ ശല്യം വര്‍ദ്ധിക്കുകയും ചെയ്തതിനാല്‍ ഭയത്തോടെയാണ് മൂന്നു പേരും കൂരയില്‍ കഴിയുന്നത്.
തറയില്‍ കിടന്ന് ഉറങ്ങുന്ന സിജോഷിന് രാവിലെ എഴുന്നേല്ക്കാന് പ്രയാസമാണ്. ലോക്ഡൗണ്‍ കാലത്ത് ദുരിതത്തില്‍ ജീവിക്കുന്ന സിജോഷിന്റെ കുടുംബത്തെ സഹായിക്കാന്‍ അധികൃതര്‍ ഇതുവരെയും തയ്യാറായിട്ടില്ല. സിജോഷിനും മാതാപിതാക്കള്‍ക്കും കയറി കിടക്കാന്‍ നല്ലൊരു വീട് നിര്‍മ്മിച്ചു നല്‍കാനുള്ള ശ്രമത്തിലാണ് ജിന്‍ഷാദ് കല്ലൂരും മധുചന്ദ്രനും രാജു കിഴക്കൂടനും ഉള്‍പ്പെടെയുള്ള കല്ലൂര്‍ ചാരിറ്റി കൂട്ടായ്മയിലെ പ്രവര്‍ത്തകര്‍. പെന്ഷന് കുടിശിക ലഭ്യമാക്കാന്‍ അധികൃത ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: