രാഹുല്‍രാജ്
അഞ്ചാലുംമൂട്: ദേശീയതലത്തില്‍ കോളിളക്കം സൃഷ്ടിച്ച ഏറ്റവും വലിയ ട്രെയിന്‍ അപകടമായ പെരുമണ്‍ ദുരന്തത്തിന് നാളെ 32 വര്‍ഷം. 105 പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്നത് 1988 ജൂലൈ എട്ടിനാണ്.
റെയില്‍വെ സേഫ്റ്റി കമ്മീഷണര്‍ സൂര്യനാരായണന്, റിട്ട. എയര്‍മാര്‍ഷല്‍ സി.എസ്. നായ്ക്ക് എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് കമ്മീഷനുകളെയാണ് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ റെയില്‍വേ മന്ത്രാലയം അന്ന് നിയോഗിച്ചിരുന്നത്.
രണ്ട് കമ്മീഷനുകളുടെയും റിപ്പോര്‍ട്ടില്‍ ദുരന്തകാരണം ചുഴലിക്കാറ്റാണെന്നായിരുന്നു പറഞ്ഞത്. ദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യത്തിനും ഫലം കണ്ടില്ല. മരണപ്പെട്ടവരുടെ ബന്ധുക്കളില്‍ പലര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരത്തുക ലഭിച്ചിട്ടില്ലെന്ന പരാതി ഇപ്പോഴും നിലനില്ക്കുന്നു.
ദുരന്തദിനത്തില്‍ കോരിച്ചൊരിയുന്ന മഴയില്‍ പതിവിലും നേരത്തെയാണ് ഐലന്റ് എക്സ്പ്രസ് എത്തിയത്. സംഭവദിവസം രാവിലെ മുതല്‍ പെരുമണ്‍ പാലത്തിന് സമീപം വളവുകളില്‍ ട്രെയിന്‍ അതിവേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ പാളം തെറ്റാതിരിക്കാനായുള്ള ജോലി ആരംഭിച്ചിരുന്നു. ജാക്കി വച്ച് പാളം ഉയര്‍ത്തിയ ശേഷം മെറ്റല്‍ ഇടുന്ന ജോലിയായിരുന്നു നടന്നിരുന്നത്.
ഈ സമയം ട്രെയിനുകള്‍ വന്നാല്‍ ജീവനക്കാരന് മുട്ടിനു താഴെ കൊടി കാണിക്കുകയും ഇതനുസരിച്ച് എഞ്ചിന് ഡ്രൈവര്‍ ട്രെയിനിന്റെ വേഗം പത്തുകിലോമീറ്ററില്‍ താഴെയായി കുറയ്ക്കുകയും ചെയ്യണമെന്നാണ് നിയമം. എന്നാല്‍ അപകടസമയം സിഗ്നല്‍ കൊടുക്കേണ്ട ജോലിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ അവിടെ ഉണ്ടായിരുന്നില്ലെന്നും പറയപ്പെടുന്നു. ഐലന്റ് എക്സ്പ്രസ് 80 കിലോമീറ്ററിലധികം വേഗത്തിലായിരുന്നു. ട്രെയിനിലെ ഓട്ടോമാറ്റിക് സ്പീഡ് മീറ്ററില്‍ ഇത് രേഖപ്പെടുത്തപ്പെട്ടു. ഇങ്ങനെ ട്രെയിന്‍ പാളം തെറ്റി ഉരഞ്ഞതിന്റെ അടയാളങ്ങള്‍ അന്നത്തെ തടി സ്ലീപ്പറില്‍ ഉണ്ടായിരുന്നു. ഇത് അന്നത്തെ റെയില്‍വെ മന്ത്രി മാധവറാവു സിന്ധ്യയ്ക്ക് ബോധ്യമായി.
എന്നാല്‍ ഇത് അംഗീകരിക്കാന്‍ അദ്ദേഹമോ റെയില്‍വേയോ തയ്യാറായില്ല. ദുരന്തം നടന്ന സ്ഥലത്ത് റെയില്‍വേ നിര്‍മിച്ച സ്മൃതിമണ്ഡപം വര്‍ഷങ്ങളായി കാടുപിടിച്ച് കിടക്കുകയായിരുന്നു.
റെയില്‍വേയുടെ കൈവശമുള്ള ഈ ഭൂമി തങ്ങള്‍ക്ക് കൈമാറണമെന്ന് സംഘടനകള്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധികൃതര്‍ ഇതെല്ലാം അവഗണിച്ചു. മാത്രമല്ല വികസനത്തിന്റെ പേരില്‍ അധികൃതര്‍ സ്മൃതിമണ്ഡപം പലതവണ മാറ്റിസ്ഥാപിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: