കാസര്‍കോട്: 67കാരന് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതോടെ ചട്ടഞ്ചാലില്‍ അധികൃതര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ചട്ടഞ്ചാല്‍ ടൗണ്‍ ഉള്‍പ്പെടെ ചെമ്മനാട് പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലാണ് നിയന്ത്രണം ശക്തമാക്കിയത്. ചെമ്മനാട് പഞ്ചായത്തിലെ ഏഴാംവാര്ഡില് ഉള്‍പ്പെടുന്ന ചട്ടഞ്ചാല്‍ തൈര സ്വദേശിയായ വയോധികന് തൊട്ടടുത്ത എട്ടാംവാര്‍ഡിലെ ചട്ടഞ്ചാല്‍ ടൗണ്‍ അടക്കമുള്ള സ്ഥലങ്ങളില്‍ പോകുകയും ആളുകളുമായി ഇടപഴകുകയും ചെയ്തിരുന്നതായി വ്യക്തമായിട്ടുണ്ട്.
ഇദ്ദേഹം ചട്ടഞ്ചാലിലെ സബ്ട്രഷറിയില്‍ പെന്ഷന് വാങ്ങാന്‍ പോയിരുന്നു. ഇതേ കെട്ടിടത്തില്‍ പെരുമ്പള സര്‍വീസ് സഹകരണബാങ്കും ചില കടകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതോടെ ട്രഷറിയും സഹകരണബാങ്കും കടകളും അടക്കം കെട്ടിടത്തിലെ മുഴുവന്‍ സ്ഥാപനങ്ങളും അടച്ചിട്ടു. ട്രഷറിയും സഹകരണബാങ്കും വെള്ളിയാഴ്ച മുതല്‍ മൂന്നുദിവസത്തേക്കാണ് അടച്ചത്.
ജീവനക്കാരെല്ലാം ക്വാറന്റൈനില്‍ പ്രവേശിച്ചു. തുറക്കുന്നതുവരെ സബ്ട്രഷറിയിലെ സേവനങ്ങള്‍ ജില്ലാ ട്രഷറിവഴി ഓണ്‍ലൈനില്‍ ലഭിക്കും. കോവിഡ് ബാധിതന് സന്ദര്‍ശനം നടത്തിയ സ്ഥലങ്ങളിലെല്ലാം മേല്‍പ്പറമ്പ് പോലീസും ആരോഗ്യപ്രവര്‍ത്തകരും അണുനശീകരണം നടത്തി.
ചട്ടഞ്ചാലിലെയും കാസര്‍കോട്ടെയും പല സ്ഥാപനങ്ങളിലും കോവിഡ് ബാധിതനായ 67കാരനെത്തിയിരുന്നതായും സ്ഥിരീകരിച്ചതോടെ ആശങ്ക ഇരട്ടിച്ചിരിക്കുകയാണ്. ചട്ടഞ്ചാല്‍ ടൗണില്‍ മെഡിക്കല്‍ ഷോപ്പുകളും ബാങ്കുകളും ഒഴികെയുള്ള സ്ഥാപനങ്ങളും കടകളും വെള്ളിയാഴ്ച അടഞ്ഞുകിടന്നു. അണുനശീകരണത്തിന് ശേഷം മാത്രമേ ഇവ തുറക്കുകയുള്ളൂ. ഇനി ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് മണിവരെ മാത്രമായി കടകളുടെ പ്രവര്‍ത്തനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദേശീയപാത കടന്നുപോകുന്ന ടൗണ്‍ ആയതിനാലാണ് ചട്ടഞ്ചാലില്‍ പൂര്‍ണ്ണമായ അടച്ചിടലേര്പ്പെടുത്താത്തതെന്ന് അധികൃതര്‍ പറഞ്ഞു. തൈര സ്വദേശിക്ക് എവിടെ നിന്നാണ് കോവിഡ് ബാധിച്ചതെന്ന് വ്യക്തമാകാത്തത് അധികൃതരെ കുഴക്കുകയാണ്. കണ്ണിന് അസുഖം ബാധിച്ചതിനാല്‍ വയോധികന് കോഴിക്കോട്ടെയും കാസര്‍കോട്ടെയും കണ്ണാശുപത്രികളില്‍ ചികിത്സ തേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: