തൃശൂര്‍: ചാവക്കാട് ബ്ലാങ്ങാട് ബീച്ച് പാറമ്പടിയില്‍ കടലില്‍ മുങ്ങി മരിച്ച യുവാക്കളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം അലയടിക്കുന്നു. യുവാക്കളുടെ വീടുകളില്‍ ജില്ലയിലെ മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളോ, കളക്ടറുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോ സന്ദര്‍ശിക്കാത്തതിലും വ്യാപക പ്രതിഷേധമുണ്ട്. ഇരട്ടപ്പുഴ-കുമരന്‍പടി സ്വദേശികളായ ജഗന്നാഥന്, ജിഷ്ണു സാഗര്‍, വിഷ്ണുരാജ് എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഒരുമിച്ചു കളിച്ചു വളര്‍ന്ന മൂന്നു പേരും മുക്കുവ സമുദായത്തില്‍ നിന്നുള്ളവരാണ്.
സാധാരണ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ഭാവി പ്രതീക്ഷകളായിരുന്നു ഇവര്‍. അപകടമുണ്ടായിട്ട് 4 ദിവസം പിന്നിട്ടിട്ടും മൂന്ന് പേരുടെയും കുടുംബങ്ങള്‍ സന്ദര്‍ശിക്കാനോ, ബന്ധുക്കളെ ആശ്വസിപ്പിക്കാനോ ജില്ലയില്‍ നിന്നുള്ള മൂന്ന് മന്ത്രിമാരോ, ജില്ലാ ഭരണകൂടമോ തയ്യാറായിട്ടില്ല. മരണത്തിലും രാഷ്ട്രീയം കാണുന്ന മന്ത്രിമാരുടെയും മറ്റു ജനപ്രതിനിധികളുടെയും നടപടിയില്‍ കടുത്ത വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
ഇതിനു പുറമേ മരിച്ച യുവാക്കളുടെ നിര്‍ധന കുടുംബങ്ങള്‍ക്ക് ആശ്വാസമായി സാമ്പത്തിക സഹായം സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ഉത്തര്‍പ്രദേശില്‍ മരിച്ച ജുനൈദിന്റെ കുടുംബത്തിന് വരെ 10 ലക്ഷം രൂപ നല്കിയ മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം നാട്ടിലുള്ള ഈ യുവാക്കളുടെ ദാരുണാന്ത്യത്തെ കുറിച്ച് അറിഞ്ഞ ഭാവമില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. നിര്‍ധന കുടുംബങ്ങളെ രാഷ്ട്രീയത്തിന്റെ പേരു പറഞ്ഞ് അവഗണിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റേയും നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍പ്രതിഷേധമാണുള്ളത്.
അകാലത്തില്‍ വിടപറഞ്ഞ ജിഷ്ണുവിന്റേയും വിഷ്ണുവിന്റെയും ജഗന്നാഥിന്റെയും നിര്‍ധന കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം അടിയന്തര ആശ്വാസമായി നല്‍കണമെന്നും ഇവരുടെ കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് പരക്കേയുള്ള ആവശ്യം.
കുമരന്‍പടി-ഇരട്ടപുഴ ഗ്രാമങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്ന യുവാക്കള്‍ക്ക് സംഭവിച്ച ദാരുണാന്ത്യത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും നാട്ടുകാര്‍. യുവാക്കളുടെ കുടുംബങ്ങളുടെ അവസ്ഥ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കണമെന്നു തന്നെയാണ് മുക്കുവ സമുദായ പ്രതിനിധികളും നാട്ടുകാരും ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: