മൂലമറ്റം: കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരികെ പോയ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി തിരിച്ച് വരുന്നത് ഏറെ ആശങ്ക ഉയര്‍ത്തുന്നു.
കൊറോണ രോഗികളുടെ എണ്ണം ദിവസേന ഉയരുന്ന സാഹചര്യത്തില്‍ ഇവരുടെ തിരിച്ച് വരവ് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. പലരും കൊറോണ രോഗികള്‍ വളരെ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ നിന്നുമാണ് തിരികെ ജോലിക്കായി കേരളത്തിലേക്ക് എത്തുന്നത്.
ഇവിടെ ഉള്ള കോണ്‍ട്രാക്ടര്‍മാര്‍ ഇവരെ ഫോണില്‍ ബന്ധപ്പെട്ടാണ് മടങ്ങിവരുവാന്‍ ആവശ്യപ്പെടുന്നത്. ആരോഗ്യ വകുപ്പിനെ അറിയിച്ച് മടങ്ങിവരുന്ന ഇവര്‍ കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മുറികളില്‍ കഴിയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10 പേര് അടങ്ങുന്ന സംഘം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തി. തൊടുപുഴ ഭാഗത്ത് നിന്നും നെടുമ്പാശേരിയിലെത്തിയ ആരോഗ്യവകുപ്പിന്റെ 2 ആംബുലന്‍സിലാണ് രാത്രി 2 മണിയോടെ തൊടുപുഴ മാര്‍ക്കറ്റ് റോഡിന് സമീപം ഇവരെ ഇറക്കി വിട്ടത്.
ഇവര്‍ക്ക് നിര്‍ദേശങ്ങള്‍ കൊടുക്കുവാനും ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോ, പോലീസോ സ്ഥലത്തില്ലായിരുന്നു. ഇവിടെ ഒരു കെട്ടിടത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ ഇരിക്കുകയാണ് എന്നാണ് ആരോഗ്യ വകുപ്പ് നല്കുന്ന വിശദീകരണം. ഇത്തരം സംഘങ്ങള്‍ അന്യസംസ്ഥാനത്തു നിന്നും അടുത്തിടെ വന്ന് മുട്ടത്തിലും താമസിക്കുന്നുണ്ട്. കൂട്ടത്തോടെ താമസിക്കുന്ന ഇവര്‍ സാധനങ്ങള്‍ വാങ്ങുവാന്‍ മാര്‍ക്കറ്റുകളില്‍ എത്തുന്നുണ്ട്. ഇവരെ കൃത്യമായി നിരീക്ഷിക്കുവാനുള്ള സൗകര്യം ആരോഗ്യ വകുപ്പിന് പരിമിതമാണ്.
വിമാനത്തില്‍ എത്തിയവര്‍ തന്നെയാണോ താമസ സ്ഥലത്ത് ഉള്ളതെന്ന് പരിശോധിക്കാനുള്ള യാതൊരു സൗകര്യവും ആരോഗ്യ വകുപ്പിനില്ല. പണി ഉപേക്ഷിച്ച് അന്യസംസ്ഥാനത്തേക്ക് പോയവര്‍ തിരക്കിട്ട് തിരികെ എത്തി പൊതു സമൂഹത്തില്‍ ഇടപെടുന്നത് ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമാക്കും. വന്നവരില്‍ പലരും ഇവരെ തിരികെ എത്തിച്ചവരുടെ ആവശ്യപ്രകാരം വിവിധ സ്ഥലങ്ങളില്‍ പണിക്ക് പോകുന്നതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: