ഉപ്പുതറ: കോടതി ഉദ്യോഗസ്ഥനെ തൊഴിലാളികള്‍ തടഞ്ഞത് വന്‍ സംഘര്‍ഷത്തിനിടയാക്കി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ താമസസ്ഥലത്തു നിന്നും ഇറക്കിവിടാനെത്തിയ കോടതി ഉദ്യോഗസ്ഥനെ ആത്മഹത്യാ ഭീഷണി മുഴക്കി തോട്ടം തൊഴിലാളികള്‍ പ്രതിരോധിച്ചത് നാലു മണിക്കൂറാണ്.
ഹെലിബറിയ എസ്റ്റേറ്റിന് അനുകൂലമായ കോടതി വിധിയില്‍ സെമിനിവാലി ഡിവിഷനിലെ ചെമ്മണ്ണ് മൊട്ടലയത്തിന് സമീപം താമസിക്കുന്ന കാളിയപ്പന്, ജാന്‍സി സുരേന്ദ്രന്, എ.ബിനു, അംബ്രോസ് എന്നിവരെ കുടിയൊഴിപ്പിക്കാനാണ് തിങ്കളാഴ്ച രാവിലെ 10 മണിയോടെ പീരുമേട് മുന്‍സിഫ് കോടതിയില്‍ നിന്നും കോടതി ഉദ്യോഗസ്ഥന് എത്തിയത്. കഴിഞ്ഞ ദിവസം നോട്ടീസ് നല്കാന് എത്തിയപ്പോള്‍ പ്രതിഷേധം ഉണ്ടായതിനാല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥന് എത്തിയത്. എന്നാല്‍ മണ്ണെണ്ണ ജാറുമായി ആത്മഹത്യാ ഭീഷണി മുഴക്കി തൊഴിലാളികള്‍ പ്രതിരോധിച്ചു.
വിവരം അറിഞ്ഞ് കുട്ടികളും, പ്രായമായവരും, സ്ത്രീകളും ഉള്‍പ്പെടെ കൂടുതല്‍ തൊഴിലാളികളും, നാട്ടുകാരും സമീപ പ്രദേശങ്ങളിലെ സ്റ്റേഷനുകളില്‍ നിന്നും ഇടുക്കി കെഎപി ക്യാമ്പില്‍ നിന്നും കൂടുതല്‍ പോലീസും എത്തിയതോടെ പ്രദേശം സംഘര്‍ഷഭരിതമായി. 12 മണിയോടെ ഫയര്‍ഫോഴ്സും എത്തി. ഇതോടെ എന്തും സംഭവിക്കുമെന്ന ഘട്ടമായി. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് അവസരവും, സാവകാശവും ആവശ്യപ്പെട്ട് വെള്ളിയാഴ്ച കോടതിയെ സമീപിച്ചിട്ടുണ്ടെന്നും, തിങ്കളാഴ്ചച രാവിലെ വീണ്ടും അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ട്രേഡ് യൂണിയന് നേതാക്കള്‍ ഉദ്യോഗസ്ഥനെയും, പോലീസിനേയും അറിയിച്ചു.
തുടര്‍ന്ന് സ്ഥലത്തെ സ്ഥിതിഗതികള്‍ ഉദ്യോഗസ്ഥന് കോടതിയെ ഫോണില്‍ അറിയിച്ചു. ഈ സമയമെല്ലാം എന്തും നേരിടാന്‍ തയ്യാറായി ഫോഴ്സും, മറു വശത്ത് മുദ്രാവാക്യം വിളികളുമായി തൊഴിലാളികളും നിലയുറപ്പിച്ചിരുന്നു. തൊഴിലാളികളുടെ അപേക്ഷ ഫയലില്‍ സ്വീകരിച്ചതായി കോടതിയില്‍ നിന്നും അറിയിച്ചതിനെ തുടര്‍ന്ന് 2 മണിയോടെ കോടതി ഉദ്യോഗസ്ഥനും, പിന്നാലെ പോലീസും ,തൊഴിലാളികളും മടങ്ങിയതോടെയാണ് സംഘര്‍ഷം അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: