ന്യദല്‍ഹി : ഗല്‍വാന്‍ അതിര്‍ത്തിയില്‍ ചൈന നടത്തിയ നീക്കം വളരെ നാളത്ത മുന്നൊരുക്കങ്ങള്‍ക്ക് ശേഷമാണെന്ന് റിപ്പോര്‍ട്ട്. മുന്‍കൂട്ടി ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പര്‍വ്വതാരോഹകരേയും ആയോധനകലയില്‍ പ്രാവീണ്യം നേടിയവരേയും വിന്യസിച്ചിരുന്നതായാണ് റിപ്പോര്‍ട്ട് ചൈനീസ് മാധ്യമമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ആയോധന കല ക്ലബില്‍ നിന്നുള്ള സൈനികരെയാണ് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ചൈന വിന്യസിച്ചത്. അതുകൊണ്ടുതന്നെ ഏറ്റുമുട്ടലുണ്ടാവുകയാണെങ്കില്‍ ശക്തമായ പ്രതിരോധം പുറത്തുവിടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇതിനൊപ്പം എവറസ്റ്റ് ടോര്‍ച്ച് റിലേ ടീമിലെ മുന്‍ അംഗങ്ങളേും ഈ സംഘത്തിലായി ചൈനീസ് സൈന്യം ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ സൈന്യം ഉയര്‍ത്തിയ പ്രതിരോധത്തില്‍ നാശനഷ്ടങ്ങള്‍ കൂടുതലും ചൈനയ്ക്കാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചൈന ഔദ്യോഗികമായി ഇതുസംബന്ധിച്ച് പ്രസ്താവനയൊന്നും നടത്തിയിട്ടില്ല.
ടിബറ്റന്‍ തലസ്ഥാനമായ ലാസയില്‍ നൂറുകണക്കിന് പുതിയ സൈനികര്‍ അണിനിരക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ചാനലായ സിസിടിവി നേരത്തെ പുറത്തുവിട്ടിരുന്നു. പര്‍വ്വതാരോഹണ സംഘത്തിലേയും ശക്തവും ഊര്‍ജ്ജസ്വലവുമായ സംഘത്തില്‍ നിന്നുള്ളവരേയുമാണ് ഈ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നത്.
എത്ര ചെങ്കുത്തായ മലകള്‍ കയറാനും ഏത് ദുര്‍ഘട സാഹചര്യത്തില്‍ പോരാടാനും പറ്റുന്നവരാണ് ഇവര്‍. കനത്ത മഞ്ഞില്‍ പോരാടാന്‍ പാകത്തിന് ഒരു മാസം മുന്നേ സ്ഥലത്തെത്തിച്ച് പരിശീലനം തുടങ്ങിയിരുന്നു. അനായാസമാണ് അവര്‍ മലകയറിയതെന്നുമാണ് ചൈനീസ് മാധ്യമങ്ങള്‍ അവകാശപ്പെട്ടിരുന്നത്.
ഇവിടെ നിന്ന് 1300 കിലോമീറ്റര്‍ ദൂരമുള്ള ലഡാക്ക് മേഖലയിലാണ് ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച സംഘര്‍ഷത്തില്‍ തങ്ങളുടെ എത്ര സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ചൈന വ്യക്തമാക്കിയിട്ടില്ല. മുതിര്‍ന്ന സൈനികന് ഉള്‍പ്പടെ 35 ഓളം പേര് മരിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയ്ക്കെതിരെ അതിശക്തമായ സൈനികരെ തന്നെ നിയോഗിച്ചിട്ടും സംഭവിച്ചത് എന്താണെന്ന് ചൈന വ്യക്തമാക്കുന്നില്ലെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: