മാഡ്രിഡ്: സ്പാനിഷ് ലീഗായ ലാ ലിഗയില്‍ ബാഴ്സലോണയും റയല്‍ മാഡ്രിഡും തമ്മിലുള്ള കിരീടപ്പോര് മുറുകുന്നു. കഴിഞ്ഞ ദിവസം റയലിനെ പിന്നിലാക്കി തലപ്പത്തെത്തിയ ബാഴ്സയെ വീണ്ടും റയല്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. റയല്‍ മയോര്‍ക്കയെ മടക്കമില്ലാത്ത രണ്ട് ഗോളിന് മുക്കിയാണ് മാഡ്രിഡ് വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കയറിവന്നത്. സെര്‍ജി രാമോസും വിനീഷ്യസ് ജൂനിയറുമാണ് ഗോളുകള്‍ നേടിയത്.
ഈ വിജയത്തോടെ റയല്‍ മാഡ്രിഡ് മുപ്പത്തിയൊന്ന് മത്സരങ്ങളില്‍ അറുപത്തയെട്ടുപോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. ബാഴ്സലോണയ്ക്കും മുപ്പത്തിയൊന്ന് മത്സരങ്ങളില്‍ അറുപത്തിയെട്ട് പോയിന്റുണ്ട്. എന്നാല്‍ ഗോള്‍ ശരാശരിയില്‍ റയല്‍ മാഡ്രിഡിന് പിന്നിലാണ് ബാഴ്സ. കഴിഞ്ഞ ദിവസം അത്ലറ്റിക് ബില്‍ബാവോയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബാഴ്സലോണ ഒന്നാം സ്ഥാനത്തെത്തിയത്.
പത്തൊമ്പതാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ റയല്‍ മാഡ്രിഡിനെ മുന്നിലെത്തിച്ചു. ഏഡന്‍ ഹസാര്‍ഡിന്റെ പാസ് മുതലാക്കിയാണ് വിനീഷ്യസ് ലക്ഷ്യം കണ്ടത്. ഇടവേളയ്ക്ക് റയല്‍ 1-0 ന് മുന്നിട്ടുനിന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ റയല്‍ മാഡ്രിഡ് രണ്ടാം ഗോളും കുറിച്ചു.
സെര്‍ജിയോ രാമോസിന്റെ അത്യുഗ്രന്‍ ഫ്രീകിക്കാണ് മയോര്‍ക്കയുടെ വലയില്‍ കയറിയത്. ഈ സീസണില്‍ രാമോസിന്റെ എട്ടാം ഗോളാണിത്. ഞായറാഴ്ച റയല്‍ സോസിഡാഡിനെതിരായ മത്സരത്തില്‍ പെനാല്‍റ്റിയിലൂടെ രാമോസ് ഗോള്‍ നേടിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: