ഇരിട്ടി : തുടര്‍ച്ചയായി 10ാം ദിവസവും കാട്ടാന ജനവാസ കേന്ദ്രത്തിലെത്തി. എന്ത് ചെയ്യണമെന്നോ ആരോട് പരാതി പറയണമെന്നോ അറിയാതെ ആറളം പറമ്പത്തെ കണ്ടി നിവാസികള്‍. ജീവനുതന്നെ ഭീഷണി സൃഷ്ടിച്ചു കൊണ്ട് വീട്ട് മുറ്റത്തും കൃഷിയിടങ്ങളിലും കറങ്ങി നടക്കുന്ന ആനകൾ ഓരോ ദിവസവും നിരവധി പേരുടെ കാര്‍ഷിക വിളകളാണ് നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. ആറളം വന്യജീവി സങ്കേതത്തിൽ നിന്നും എത്തി ആറളം ഫാമില്‍ തമ്പടിച്ചിരുന്ന കാട്ടാനകളാണ് ആറളം പഞ്ചായത്തിലെ പറമ്പത്തെകണ്ടി, പെരുമ്പഴശി, കൊക്കോട് മേഖലകളില്‍ സ്ഥിരമായി എത്തുന്നത്.
തുടര്‍ച്ചയായി 10ാം ദിവസവും പറമ്പത്തെക്കണ്ടിയിൽ എത്തിയ കാട്ടാന കൂട്ടം നിരവധി കർഷകരുടെ തെങ്ങുകളും കവുങ്ങുകളും, വാഴകളും നശിപ്പിച്ചു. കുളങ്ങരത്ത് ഗോപിയുടെ 5 തെങ്ങാണ് കാട്ടാന കൂട്ടം നശിപ്പിച്ചത് .കുളങ്ങരത്ത് കണ്ണന്റെ വീട്ടുമുറ്റത്ത് തന്നെയുള്ള തെങ്ങും കാട്ടാന മറിച്ചിട്ടു.
താഴെ വീട്ടില്‍ രാഘവന് , കൊട്ടാരത്തില്‍ അയ്യൂബ്, പി. സി. ഇബ്രാഹിം, പുറപ്പുഴ തങ്കച്ചന് എന്നിവരുടെ കാര്‍ഷിക വിളകളും കാട്ടാന നശിപ്പിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് അധികൃതര്‍ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് വരാനാണ് പ്രദേശവാസികളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: