കണ്ണൂർ: ഇരിക്കൂർ ബ്ളാത്തൂരിൽ കൊറോണ ബാധിച്ച് മരിച്ച മട്ടന്നൂർ റെയ്ഞ്ച് എക്സൈസ് ഡ്രൈവർ കെ.പി. സുനിലിന് പരിയാരം ഗവ.മെഡിക്കൽ കോളേജ് അധികൃതർ വേണ്ട ചികിത്സ ലഭ്യമാക്കിയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. മുഖ്യമന്ത്രിയെ കൂടാതെ പട്ടികജാതി-വർഗ കമ്മിഷൻ ചെയർമാൻ, ജില്ലാ മെഡിക്കൽ ഓഫിസർ എന്നിവർക്കും ഇതു സംബന്ധിച്ച പരാതി നൽകിയിട്ടുണ്ട്.
കടുത്ത പനി ഭേദമാകാത്തതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും പരിയാരത്തുള്ള കണ്ണുർ ഗവ: മെഡിക്കൽ കോളേജിലേക്ക് മാറ്റിയ സുനിൽകുമാറിന് ജൂൺ 14 മുതൽ 16 വരെ ഒരു ചികിത്സയും ലഭിച്ചില്ലെന്ന് പരാതിയിൽ പറഞ്ഞു. തനിക്ക് ചികിത്സ കിട്ടുന്നില്ലെന്ന് ആരോപിച്ച് മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് സുനിൽ സഹോദരനോട് പറയുന്ന ഫോൺ റെക്കാർഡ് കുടുംബം നേരത്തെ പുറത്തുവിട്ടിരുന്നു.
കൊവിഡ് വ്യാപന പ്രതിരോധവും ചികിത്സയും അതീവ ജാഗ്രതയോടെ നടത്തുന്നുവെന്നു അവകാശപ്പെടുന്ന മുഖ്യമന്ത്രിയുടെ നാട്ടിലാണ് മറ്റു രോഗങ്ങളൊന്നുമില്ലാതെ പൂർണാരോഗ്യവാനായിരുന്ന എക്സൈസ് ഡ്രൈവറായ യുവാവ് ചികിത്സ ലഭിക്കാതെ മരിച്ചുവെന്ന പരാതി ഉയരുന്നത്. മട്ടന്നൂർ റെയ്ഞ്ച് എക്സൈസ് ഡ്രൈവറായിരുന്ന കെ.പി.സുനിലിന് എവിടെ നിന്നാണ് കൊ വിഡ് വൈറസ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. സുനിലിന്റെ മരണവുമായി ബന്ധപ്പെട്ട് ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് പരിയാരം മെഡിക്കൽ കോളേജാശുപത്രി പ്രിൻസിപ്പാൾ നൽകുന്ന വിശദീകരണം.
ആശുപത്രിയിൽ എത്തുമ്പോൾ തന്നെ സുനിലിന് കടുത്ത ന്യുമോണിയ ബാധിക്കുകയും ശ്വാസകോശത്തിന് തകരാർ സംഭവിക്കുകയും ചെയ്തുവെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്. എന്നാൽ സുനിലിന്റെ കുടുംബാംഗങ്ങൾ നൽകിയ പരാതിയിൽ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തി വരികയാണ്.
കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടിയ എ ക്സൈസ് സംഘത്തിൽ സുനിലുമുണ്ടായിരുന്നു. എന്നാൽ പ്രതികളിലൊരാൾ പിന്നിട് എക്സൈസ് സംഘത്തെ വെട്ടിച്ചു കടന്നു കളഞ്ഞു. കസ്റ്റഡിയിലുള്ള പ്രതിയെയും കൊണ്ട് ജില്ലാ ആശുപത്രിയിൽ പോയി പരിശോധന നടത്തുകയും തോട്ടട പോളിയിൽ ഒരുക്കിയ ക്വാറന്റിനിലാക്കിയതും സുനിൽ ഓടിച്ച എക്സൈസ് വാഹനത്തിലാണ്. ഇതിനു ശേഷമാണ് സുനിൽ പനി ബാധിച്ച് ഇരിക്കുറിലെ സ്വകാര്യ ആശുപത്രിയിലും പിന്നിട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളജിലും ചികിത്സ തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: