മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കിരീട ധാരണം വൈകും. ലീഗില്‍ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റി ബേണ്‍ലിയെ ഗോള്‍മഴയില്‍ മുക്കിയതോടെ സിറ്റിയും ലിവര്‍പൂളും തമ്മിലുള്ള പോയിന്റ് വ്യത്യാസം വീണ്ടും ഇരുപതായി കുറഞ്ഞു. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് സിറ്റിയുടെ ജയം.
നിലവിലെ ചാമ്പ്യന്മാര് എന്ന വിശേഷണത്തിന് ചേരുന്ന പ്രകടനമാണ് സിറ്റി പുറത്തെടുത്തത്. ലീഗില്‍ ആകമാനം നിറംമങ്ങിയ പെപ് ഗ്വാര്‍ഡിയോളയുടെ തന്ത്രങ്ങള്‍ ലോക്ഡൗണിന് ശേഷം പ്രതാപത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. തുടക്കം മുതല്‍ സിറ്റി ആക്രമിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
22-ാം മിനിറ്റില്‍ ഫില്‍ ഫോഡന് ആദ്യ ഗോളടിച്ച് കളി ആവേശത്തിലാക്കി. അധികം വൈകാതെ ആദ്യ പകുതിയില്‍ തന്നെ റിയാദ് മാറസ് ഡബിളടിച്ച് സിറ്റിയുടെ ലീഡ് മൂന്നിലെത്തിച്ചു. നാല്‍പ്പത്തിമൂന്നാം മിനിറ്റിലും ആദ്യ പകുതിയുടെ അധിക സമയത്ത് ലഭിച്ച പെനാല്‍റ്റിയിലൂടെയുമായിരുന്നു മാറസിന്റെ ഗോളുകള്‍. 51-ാം മിനിറ്റില്‍ ഡേവിഡ് സില്‍വ ലീഡുയര്‍ത്തി. 63-ാം മിനിറ്റില്‍ ഫില്‍ ഫോഡന് വീണ്ടും വല കുലുക്കിയതോടെ 5-0 എന്ന സമ്പൂര്‍ണ വിജയത്തിലേക്കെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: