ബല്ഗ്രെയ്ഡ്: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ദ്യോകോവിച്ചിന് കൊറോണ. സെര്‍ബിയയിലും ക്രൊയേഷ്യയിലുമായി ദ്യോകോയുടെ നേതൃത്വത്തില്‍ നടന്ന അഡ്രിയാ ടെന്നീസ് പ്രദര്‍ശന ടൂര്‍ണമെന്റില്‍ നിന്നാണ് ദ്യോകോവിച്ചിനും വൈറസ് പകര്‍ന്നതെന്നാണ് സൂചന. നേരത്തെ ടൂര്‍ണമെന്റില്‍ പങ്കെടുത്ത രണ്ട് പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിരുന്നു.
ടൂര്‍ണമെന്റില്‍ പങ്കെടുത്തവരിലേക്ക് വൈറസ് പടരുന്ന സാഹചര്യമുണ്ടായതോടെ ദ്യോകോവിച്ചും ആന്‍ഡ്രേ റുബ്ലേവും തമ്മില്‍ നടക്കേണ്ടിയിരുന്ന ഫൈനല്‍ മത്സരം റദ്ദാക്കിയിരുന്നു. തുടര്‍ന്ന് സെര്‍ബിയന്‍ താരത്തെ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. ഇന്നലെ തനിക്കും ഭാര്യ ജലീനയ്ക്കും വൈറസ് സ്ഥിരീകരിച്ച കാര്യം ദ്യോകോവിച്ച് നേരിട്ട് അറിയിച്ചു. കുട്ടികളുടെ ഫലം നെഗറ്റീവാണെന്നും ദ്യോകോ വ്യക്തമാക്കി.
കൊറോണ വ്യാപിക്കുന്നതിനിടെ ടൂര്‍ണമെന്റ് നടത്തിയതിനെതിരെ ദ്യോകോവിച്ചിന് വലിയ വിമര്‍ശനം നേരിടേണ്ടിവന്നിരുന്നു. നേരത്തെ ടൂര്‍ണമെന്റില്‍ പങ്കെടുത്ത വിക്ടര്‍ ട്രോയിക്കും ഗ്രിഗര്‍ ദിമിത്രോവിനും ബൊര്ണ കോറിച്ചിനും വൈറസ് സ്ഥിരീകരിച്ചിരുന്നു. സാമൂഹികഅകലം പാലിക്കാതെയാണ് ടൂര്‍ണമെന്റ് നടത്തിയതെന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. അഡ്രിയാ ടൂര്‍ണമെന്റിന്റെ ഭാഗമായ രണ്ട് പരിശീലകര്‍ക്കും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
പിന്നീട് സുരക്ഷാ ക്രമീകരണങ്ങളോടെയാണ് മത്സരങ്ങള്‍ നടക്കുന്നതെന്ന വിശദീകരണം ദ്യോകോവിച്ച് നല്‍കിയെങ്കിലും താരങ്ങള്‍ക്ക് കൂട്ടത്തോടെ വൈറസ് ബാധ സ്ഥിരീകരിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: