മുംബൈ: കൊറോണ പ്രതിരോധത്തില്‍ കേന്ദ്രത്തിന്റെ പ്രശംസ ഏറ്റുവാങ്ങി രാജ്യത്തേറ്റവും വലിയ ചേരിയായ ധാരാവി. ധാരാവിയിലെ വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷനും (ബിഎംസി) മഹാരാഷ്ട്ര സര്‍ക്കാരും നടത്തിയ പ്രവര്‍ത്തനങ്ങളെയാണ് കേന്ദ്രം അഭിനന്ദിച്ചത്.
ബിഎംസിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ധാരാവിയിലെ വൈറസ് വ്യാപനം നിയന്ത്രണവിധേയമാക്കി. മെയില്‍ 4.3 ശതമാനമായിരുന്ന വ്യാപന നിരക്ക് ജൂണില്‍ 1.02 ശതമാനമായി കുറഞ്ഞു. കൂടാതെ ജൂണ്‍ മൂന്നാമത്തെ ആഴ്ച വരെയും ദിനംപ്രതി വൈറസ് ബാധിതരാവുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാക്കാനും ബിഎംസിക്കായി, കേന്ദ്രം ചൂണ്ടിക്കാട്ടി. ഏപ്രിലില്‍ ധാരാവിയിലെ വൈറസ് ബാധിതര്‍ 491 ആയിരുന്നു. 12 ശതമാനമായിരുന്നു അന്നത്തെ വ്യാപന നിരക്ക്. 18 ദിവസം കൊണ്ടായിരുന്നു ഇരട്ടിയായിക്കൊണ്ടിരുന്നത്.
എന്നാല്‍, അധികൃതരുടെ സമയോചിതമായ ഇടപെടല്‍ ഇരട്ടിയാകുന്ന സമയം വര്‍ധിപ്പിച്ചു. ഇരട്ടിയാകുന്ന സമയം 18ല്‍ നിന്ന് മെയില്‍ നാല്‍പ്പത്തിമൂന്നും ജൂണില്‍ എഴുപത്തിയെട്ടുമായി മാറി, കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പല സംസ്ഥാനങ്ങളും വൈറസ് പ്രതിരോധ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെങ്കിലും ബിഎംസിയുടെയും മഹാരാഷ്ട്ര സര്‍ക്കാരിന്റെയും ധാരാവിയിലെ പ്രവര്‍ത്തനങ്ങളാണ് വൈറസ് പ്രതിരോധത്തില്‍ രാജ്യത്തിന് പ്രോത്സാഹനമാകുന്ന തരത്തിലുള്ള ഫലം തന്നത്. വൈറസ് ബാധിതരെയും അവരുമായി സമ്പര്‍ക്കത്തില്‍ വന്നവരെയും കണ്ടെത്തുന്നതിലും സംശയമുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിലും അധികൃതര്‍ ശ്രദ്ധചെലുത്തി. ധാരാവിയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വെല്ലുവിളികള്‍ വിശദീകരിച്ചുകൊണ്ടാണ് കേന്ദ്രം കോര്‍പ്പറേഷനെയും സംസ്ഥാന സര്‍ക്കാരിനെയും പ്രശംസിച്ചത്. സാമൂഹികഅകലം പോലെയുള്ള ഒന്നും ചേരി പ്രദേശമായ ധാരാവിയില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ല. ഇവിടത്തെ 80 ശതമാനം പേരും പൊതുശൗചാലയങ്ങളാണ് ഉപയോഗിക്കുന്നത്, കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: