കൊട്ടാരക്കര: ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി കല്ലടയാറ്റില്‍ തടയണ നിര്‍മിക്കുന്നതിന് അടുത്ത മാസം തുടക്കമാകും. ഇതിന്റെ ടെണ്ടര്‍ നടപടി പൂര്‍ത്തിയായി. മഴക്കാലമായതിനാല്‍ കല്ലടയാറ്റില്‍ നീരൊഴുക്ക് കൂടുതലുള്ളതിനാലാണ് നിര്‍മാണജോലികള്‍ നീളുന്നത്. കരാര്‍ ഏറ്റെടുത്ത കോണ്ട്രാക്ടര് സ്ഥലം സന്ദര്‍ശിച്ചു. 25 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്.
പദ്ധതിക്കായി കല്ലടയാറിന്റെ തീരത്തായി ഞാങ്കടവില്‍ കിണറും പമ്പ് ഹൗസും പൂര്‍ത്തിയായിരുന്നു. ഇതില്‍ നിന്ന് നൂറ് മീറ്ററിനുള്ളില്‍ വരുന്ന അകലം പാലിച്ചാണ് തടയണ നിര്‍മിക്കുക. ഉപ്പുവെള്ളത്തിന്റെ ശല്യം ഉണ്ടാകാതെയും വെള്ളത്തിന്റെ ലഭ്യത എല്ലാ സീസണിലും തുല്യമായിരിക്കാനുമാണ് തടയണ നിര്‍മാണം. കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തരത്തില്‍ 88 മീറ്റര്‍ നീളമുള്ളതാണ് നിര്‍ദ്ദിഷ്ട തടയണ. പഴയ ചീപ്പിനെപ്പോലെ റഗുലേറ്റര്‍ മാതൃകയിലാണ് നിര്‍മിക്കുന്നത്. അടിഭാഗത്ത് പൈലിംഗ് നടത്തി അടിസ്ഥാനം കോണ്‍ക്രീറ്റ് ചെയ്യും. മുകളിലേക്ക് 6 മീറ്റര്‍ ഉയരമുള്ള സ്റ്റീല്‍ ഷട്ടര്‍ സ്ഥാപിച്ചാണ് വെള്ളം നിയന്ത്രിക്കുക. ഇരുമ്പ് കമ്പി ഉപയോഗിച്ച് ഷട്ടര്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യാം. ഹൈടെക് സംവിധാനങ്ങളാണ് ഇതിനായി ഉപയോഗിക്കുക.
കോണ്‍ക്രീറ്റില്‍ നിര്‍മിക്കുന്ന തടയണയില്‍ സ്റ്റീല്‍ ഷട്ടറുകളുണ്ടാകും. മഴക്കാലത്ത് അധിക ജലമെത്തുമ്പോള്‍ ഷട്ടര്‍ തുറന്നുവിടാനുള്ള സംവിധാനമുണ്ടാകും. ഞാങ്കടവ് പാലത്തിന്റെ അടിസ്ഥാനത്തിന്റെ ഉയരത്തിലാണ് തടയണയുടെ ഉയരവും ക്രമീകരിക്കുക. പാലത്തിന്റെ നിലനില്‍പ്പിന് യാതൊരു ദോഷവും ഉണ്ടാകില്ലെന്ന് വിലയിരുത്തിയ ശേഷമാണ് തടയണ നിര്‍മാണത്തിന് അനുമതി നല്‍കിയത്. ഇറിഗേഷന്‍ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് തടയണ നിര്‍മാണം. മഴയെത്തുംമുമ്പേ നിര്‍മാണത്തിന്റെ നല്ലൊരു ഘട്ടം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് തിരിച്ചടിയായി.
രണ്ട് സീസണ് ജോലിയായിട്ടാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കണക്കാക്കിയിട്ടുള്ളത്. ഒന്നരവര്‍ഷംകൊണ്ട് ഇതിന്റെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: