ആലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ധീവരസഭ ജനറല്‍ സെക്രട്ടറി വി. ദിനകരന്. പാരിസ്ഥിതിക അനുമതിയും മൈനിങ് അനുമതിയും ഇല്ലാതെയാണ് കെഎംഎംഎല്‍ കരിമണല്‍ ഖനനം നടത്തിയത്.
കഴിഞ്ഞ ഒന്നിന് പുറക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തി പുതിയ പഞ്ചായത്ത് സെക്രട്ടറിയെ കൊണ്ട് സ്റ്റോപ്പ് മെമ്മോ പിന്‍വലിപ്പിക്കാന്‍ ശ്രമിക്കുകയും, കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതായി ദിനകരന് പത്രസമ്മേളനത്തില്‍ ആരോപിച്ചു.
നേരത്തെ പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാന പ്രകാരം കെഎംഎംഎലിന് സ്റ്റോപ്പ് മെമ്മോ നല്കിയ സെക്രട്ടറിയെ തൊട്ടടുത്ത ദിവസം തന്നെ സര്‍ക്കാര്‍ സ്ഥലം മാറ്റുകയായിരുന്നു. പഞ്ചായത്ത് ഭരണസമിതിയെ നിഷ്പ്രഭമാക്കി സിപിഎം ഭരണസ്വാധീനം ഉപയോഗിച്ച് കാര്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുകയാണ്.
മന്ത്രി ജി. സുധാകരന് കരിമണല്‍ വിഷയത്തില്‍ വ്യാജപ്രചാരണമാണ് നടത്തുന്നത്. ഖനനം അവസാനിപ്പിക്കുന്നത് വരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ സമരവും, നിയമപോരാട്ടവും തുടരുമെന്നും ദിനകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: