ഇരിട്ടി : വീട്ടിൽ മീറ്റർ റീഡിങ്ങ് എടുക്കാൻ വന്ന വൈദ്യുതി വകുപ്പ് ജീവനക്കാരന് നേരെ വീട്ടുകാരന്റെ മർദ്ദനം. പേരാവൂർ മണ്ഡപത്തിലെ പാലുമ്മിൽ ദിനേശനാണ് മർദ്ദനമേറ്റത്. ഇദ്ദേഹം റീഡിങ്ങ് എടുക്കാനായി എത്തിയ മാടത്തിൽ പട്ടാരത്തിലെ വീട്ടുകാരനിൽ നിന്നുമാണ് അധിക്ഷേപവും മർദ്ദനവുമേറ്റത് . തന്നെ മർദ്ദിച്ച വീട്ടുകാരനെതിരേ നിയമനടപടി ആവശ്യപ്പെട്ട് ദിനേശ് ഇരിട്ടി പോലീസിൽ പരാതി നൽകി.
ശനിയാഴ്ച വൈകുന്നേരം 3 മണിയോടെ ആയിരുന്നു സംഭവം. പട്ടാരത്തെ ആലീസിന്റെ പേരിലുള്ള 14456 കൺസ്യൂമർ നമ്പറിലുള്ള വീടിന്റെ മീറ്റർ റീഡിങ്ങ് എടുത്ത് വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ വീട്ടിലുണ്ടായിരുന്ന ആൾ കൈയ്യിൽ പിടിച്ച് നിർത്തുകയും തന്നോടാരാണ് എന്നോട് ചോദിക്കാതെ റീഡിങ്ങ് എടുക്കാൻ പറഞ്ഞത് എന്ന് ചോദിച്ചു മർദ്ദിക്കുകയായിരുന്നു എന്നാണ് ദിനേശൻ പരാതിയിൽ പറയുന്നത്.
പിടിവലിയിൽ ദിനേശന്റെ ഷർട്ട് കീറി. ഇത് കണ്ടുനിന്ന അടുത്ത വീട്ടുകാർ മർദ്ദിക്കരുതെന്ന് പറഞ്ഞെങ്കിലും കേട്ടാൽ അറക്കുന്ന ഭാഷയിൽ തെറി വിളിച്ചുകൊണ്ട് മർദ്ദനം തുടരുകയായിരുന്നു. ഷെഡ്യൂൾഡ് ട്രൈബിൽ വരുന്ന ആളാണ് ദിനേശൻ. ദിനേശന്റെ പരാതിയിൽ ഇരിട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: