കുന്നത്തൂര്‍: ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ കക്കാക്കുന്ന് കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാകുന്നു. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ സംയോജിത കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6.81 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഇതോടെ ശൂരനാട് തെക്ക് പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനു പരിഹാരമാകും.
2014ലാണ് പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചത്. ആദ്യഘട്ടമായി കക്കാക്കുന്നില്‍ 8.35 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള വാട്ടര്‍ ടാങ്കും പമ്പ് ഹൗസും വാട്ടര്‍ അതോറിറ്റി സ്ഥാപിച്ചു. തുടര്‍ന്ന് കുടിവെള്ള വിതരണത്തിനായി 5200 മീറ്റര്‍ പൈപ്പ് ഇടുന്ന പ്രവര്‍ത്തിയും പൂര്‍ത്തിയായി. ശാസ്താംകോട്ട ഫില്‍റ്റര്‍ ഹൗസില്‍ നിന്ന് പൈപ്പുവഴി എത്തുന്ന വെള്ളം പമ്പു ചെയ്ത് ടാങ്കില്‍ എത്തിക്കും. തുടര്‍ന്ന് ടാങ്കില്‍ നിന്നും പതാരത്തെയും കെസിടി ജങ്ഷനിലെയും പൈപ്പ് ലൈനുമായി ബന്ധപ്പെടുത്തി പഞ്ചായത്തിലെ എല്ലാ ഭാഗങ്ങളിലേക്കും കുടിവെള്ളം വിതരണം ചെയ്യും. റോഡ് കണക്ഷന് എടുത്തിട്ടുള്ള എല്ലാ വീടുകളിലും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് വാട്ടര്‍ അതോര്‍ട്ടി അധികൃതര്‍ അറിയിച്ചു.
പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കക്കാക്കുന്ന് ഉള്‍പ്പെടെയുള്ള എല്ലാ മേഖലയിലും കൃത്യമായി കുടിവെള്ളം ഉറപ്പാക്കാനാകും. നിലവില്‍ ശാസ്താംകോട്ട ഫില്‍റ്റര്‍ ഹൗസിലെ ടാങ്കില്‍ സംഭരിക്കുന്ന വെള്ളമാണ് ശൂരനാട് തെക്ക് പഞ്ചായത്തിലേക്ക് വിതരണം ചെയ്യുന്നത്. എന്നാല്‍ ജലവിതരണം പലപ്പോഴും മുടങ്ങുന്നത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. കക്കാകുന്ന് ജലപദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ ഇതിന് ശാശ്വത പരിഹാരമാണുണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: