തിരുവനന്തപുരം: ഒരു കുടുംബത്തിലെ മൂന്നുപേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഐരാണിമുട്ടം സർക്കാർ ആശുപത്രിക്ക് സമീപം താമസിക്കുന്ന 52 കാരനായ ഓട്ടോ ഡ്രൈവർ, അദ്ദേഹത്തിന്റെ ഭാര്യ (42), ഇളയ മകൾ (14) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡ്രൈവറെയും ഭാര്യയെയും ഇളയ മകളെയും ആരോഗ്യപ്രവർത്തകരെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കിള്ളിപ്പാലം സ്റ്റാൻഡിലാണ് ഇയാൾ ഓട്ടോ ഓടിക്കുന്നത്. ചില ടെലിവിഷൻ സീരിയലുകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പ്ലസ്ടുവിന് പഠിക്കുന്ന മൂത്ത മകളെ ഐരാണി മുട്ടം ഹോമിയോ കോളേജ് ആശുപത്രിയിലെ കൊറോണ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇവർക്ക് 17 നാണ് രോഗലക്ഷണം കണ്ടത്. എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് കണ്ടുപിടിച്ചിട്ടില്ല.
സമ്പർക്കത്തിലൂടെയാകാം കൊറോണ പകർന്നതെന്ന് കരുതുന്നു. കുടുംബാംഗങ്ങളുമായും സമീപവാസികളുമായും ഇവർ അടുത്തിടപഴകിയിരുന്നു. ഐരാണിമുട്ടത്തിനു സമീപമുള്ള സ്വകാര്യ ആശുപത്രി, ചിറമുക്ക്, ഐരാണി മുട്ടത്തെ മെഡിക്കൽ സ്റ്റോർ എന്നിവിടങ്ങളിൽ ഓട്ടോഡ്രൈവറായ ഇയാൾ പോയിട്ടുള്ളതായി നാട്ടുകാർ അറിയിച്ചു. ആറ്റുകാൽ, ചിറമുക്ക്, ഐരാണിമുട്ടം, ചിറപ്പാലം എന്നിവിടങ്ങളിൽ കോർപ്പറേഷൻ ജീവനക്കാർ കൗൺസിലറുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: