തിരുവനന്തപുരം: വൈദ്യുതി ബില്ലില്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോഴും കാര്‍ഷിക, വ്യാപാര, വ്യാവസായിക, വാണിജ്യ സ്ഥാപനങ്ങളെ സര്‍ക്കാര്‍ പരിഗണിച്ചില്ല. കൊറോണ വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ഡൗണില്‍ ഏറ്റവും കൂടുതല്‍ ചെറുകിട വ്യാപാര വ്യാവസായിക മേഖലകളാണ് ദുരിതത്തിലായത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരും കെഎസ്ഇബിയും ഇവരുടെ വിഷയം പരിഗണിക്കാത്തതില്‍ ഈ മേഖലയിലുള്ളവര്‍ അതൃപ്തരാണ്. നട്ടെല്ലൊടിഞ്ഞ വ്യവസായിക മേഖലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഊര്‍ജം പരകുന്ന പാക്കേജോ ഇളവുകളോ പ്രഖ്യാപിച്ചിട്ടില്ല.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബിയുടെ ഇളവുകള്‍ ആശ്വാസമാണെങ്കിലും ബില്‍തുക കണക്കാക്കിയതില്‍ തെറ്റു പറ്റിയെന്നുള്ള മറ്റു അടിസ്ഥാന പരാതികള്‍ ബാക്കിനില്‍ക്കുന്നുണ്ട്. ലോക്ഡൗണ്‍കാലം കഷ്ടത അനുഭവിച്ച സാധാരണക്കാരുടെ സാമ്പത്തികഭാരം പരിഹരിക്കുന്നതില്‍ വൈദ്യുതി ബില്ലിലെ ഇളവ് നീണ്ട പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് പ്രഖ്യാപിച്ചത്.
പ്രഖ്യാപനം വളരെ വൈകിയെന്ന അഭിപ്രായമാണ് ഇടതുമുന്നണിക്കുള്ളില്‍ ഉള്ളത്. അതു കൊണ്ടു തന്നെ ഇളവുകള്‍ രാഷ്ട്രീയമായി സര്‍ക്കാരിന് നേട്ടമുണ്ടാക്കില്ലെന്നും വിലയിരുത്തുന്നു. പാര്‍ട്ടിക്ക് ഒരു നേട്ടവുമില്ലാതെ സാമ്പത്തിക പ്രതിസന്ധികാലത്ത് 200 കോടിയുടെ ആശ്വാസം പ്രഖ്യാപിച്ച് പാഴാക്കിയതില്‍ മന്ത്രിസഭയില്‍ തന്നെ ഭിന്നാഭിപ്രായമുണ്ട്.
അതേസമയം പരാതികള്‍ ഇപ്പോഴും ഉണ്ടെന്നത് യാഥാര്‍ഥ്യമായിത്തന്നെ നിലനില്ക്കുന്നു. ലോക്ഡൗണ്‍ സാഹചര്യത്തില്‍, മീറ്റര്‍ റീഡിങ് നടത്താതിരുന്ന നാലു മാസത്തെ ഉപയോഗത്തിന്റെ പകുതി കണക്കാക്കി ചുമത്തുന്ന ഡോര്‍ ലോക് (ഡിഎല്‍) അഡ്ജസ്റ്റ്മെന്റിന്റെ പേരിലുള്ള പരാതികള്‍ ഇപ്പോഴും ഉണ്ട്. കെഎസ്ഇബി ബില്ലിങ് സമ്പ്രദായത്തില്‍ സുതാര്യതയില്ലെന്ന പരാതിക്കും പരിഹാരമുണ്ടാക്കാന്‍ ബോര്‍ഡിനായിട്ടില്ല. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ചൂടു വര്‍ധിച്ചതും ലോക്ഡൗണ്‍ മൂലം ജനം വീട്ടിലിരുന്നതും വൈദ്യുതി ഉപയോഗം വര്‍ധിക്കാന്‍ കാരണമായിയെന്ന് ബോര്‍ഡ് പറഞ്ഞതിലെ ന്യായം ഇപ്പോഴും ആര്‍ക്കും ദഹിച്ചിട്ടില്ല.
കാര്‍ഷിക വാണിജ്യ വ്യവസായ മേഖലകള്‍ ദുരിതത്തില്‍; ആനുകൂല്യങ്ങള്‍ മുഴുവന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ലഭിക്കും: കെഎസ്ഇബി
തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ മുഴുവന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ലഭിക്കുമെന്ന് കെഎസ്ഇബി. ലോക്ഡൗണായ ഏപ്രില്‍ 20മുതല്‍ ജൂണ്‍ 19 വരെയുള്ള കാലയളവിലുള്ള ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലുകള്‍ക്കാണ് ഇളവുകള്‍ ബാധകമാകുന്നത്. നേരത്തെ ഉപയോഗിച്ച വൈദ്യുതിയുടെ ശരാശരി, കൊറോണയെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ സമയത്തെ ഉപഭോഗ വര്‍ധനവും കണക്കിലെടുത്താവും ഇളവുകള്‍. ബില്‍ തുക ഇതിനകം അടച്ചവര്‍ക്കും തുടര്‍ന്നുള്ള ബില്ലുകളില്‍ സബ്സിഡി ക്രമപ്പെടുത്തി നല്‍കും.
ഗഡുക്കളുടെ എണ്ണം അഞ്ചായി വര്‍ധിപ്പിച്ചു. സെക്ഷന്‍ ഓഫീസിലോ 1912എന്ന കെഎസ്ഇബിയുടെ കോള്‍സെന്റര്‍ നമ്പറില്‍ ബന്ധപ്പെട്ടോ തവണകള്‍ ആക്കാനും സാധിക്കും. ഇതിനു പുറമെ സ്വമേധയാ ബില്‍ തുകയുടെ അഞ്ചിലൊന്ന് ഓണ്‍ലൈനായി അടച്ചും തവണകളായി മാറ്റാവുന്നതാണ്. തവണകള്‍ ആവശ്യമില്ലാത്തവര്‍ക്കു നിലവില്‍ ലഭിച്ച ബില്‍തുകയുടെ 70 ശതമാനം ഇപ്പോള്‍ അടച്ചാല്‍ മതിയാകും.
ബാക്കിതുക തുടര്‍ന്നുള്ള ബില്ലുകളില്‍ ഇളവുകള്‍ ഉള്‍പ്പെടുത്തി നല്‍കുന്നതായിരിക്കും. ആദ്യമായി ഓണ്‍ലൈന്‍ മുഖാന്തിരം പണമടയ്ക്കുന്നവര്‍ക്കു ബില്‍തുകയുടെ 5 ശതമാനം, പരമാവധി 100 രൂപവരെ ക്യാഷ് ബാക്ക് ആയി നല്കുന്ന ആനുകൂല്യം 2020 ഡിസംബര്‍ 31വരെ ദീര്‍ഘിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: