മിലാന്: സിരി എയില്‍ നിലവിലെ ചാമ്പ്യന്മാരായ യുവന്റസിന്റെ അപ്രമാദിത്വത്തിന് കനത്ത വെല്ലുവിളി. കൊറോണ വൈറസ് സമ്മാനിച്ച മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കുമ്പോള്‍ യുവന്റസിന് കിരീടം നിലനിര്‍ത്താന്‍ കടുത്ത വെല്ലുവിളി നേരിടേണ്ടിവരും. നിലവില്‍ പോയിന്റ് നിലയില്‍ യുവന്റസാണ് മുന്നില്‍. എന്നാല്‍ രണ്ടാം സ്ഥാനത്തുള്ള ലാസിയോയെക്കാള്‍ ഒരു പോയിന്റു മാത്രമാണ് കൂടുതലുള്ളത്.
മൗറിസിയോ സാരി പരിശീലിപ്പിക്കുന്ന യുവന്റസ് ഈയാഴ്ചയുടെ തുടക്കത്തില്‍ ഇറ്റാലിയന്‍ കപ്പിന്റെ ഫൈനലില്‍ നാപ്പോളിയോട് ഷൂട്ടൗട്ടില്‍ തോറ്റു. ഡിസംബറില്‍ അവര്‍ ഇറ്റാലിയന്‍ സൂപ്പര്‍ കപ്പില്‍ ലാസിയയോട് തോറ്റിരുന്നു. ലോക്ഡൗണിനു ശേഷം സൂപ്പര്‍ താരങ്ങളായ റൊണാള്‍ഡോയും പാവ്ലോ ഡിബാലയും ഫോമിലേക്കുയരാത്തത് യുവന്റസിന് തിരിച്ചടിയായരിക്കുകയാണ്. ഇറ്റാലിയന്‍ കപ്പിന്റെ ഫൈനലില്‍ റൊണോയും ഡിബാലയും നിറം മങ്ങി.
യുവന്റസിന് 26 മത്സരങ്ങളില്‍ 63 പോയിന്റ് ഉണ്ട്. അതേസമയം ലാസിയോക്ക് 26 മത്സരങ്ങളില്‍ 62 പോയിന്റാണുള്ളത്. ഈ മുന്‍നിര ടീമുകള്‍ ജൂലൈ ഇരുപതിന് ടൂറിനില്‍ വീണ്ടും ഏറ്റുമുട്ടും.
രണ്ട് ദിവസങ്ങളിലായി നാലു മത്സരങ്ങള്‍ നടക്കും. ഇന്ന് ടോറിനോ പാര്‍മയേയും കാഗ്ലിയാരി ഹെല്ലാസ് വെറോണയേയും എതിരിടും. നാളെ അറ്റലാന്റ- സസ്സോളു മത്സരവും ഇന്റര്‍ മിലാന്- സാംപഡോറിയ മത്സരവും നടക്കും. അടച്ചിട്ട സ്റ്റേഡിയത്തിലാണ് എല്ലാ മത്സരങ്ങളും നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: