തൃശൂര്‍: ലോക്ഡൗണ്‍ ഇളവുകളില്‍ പൊതുഗതാഗതത്തിന് വരെ അനുവാദം നല്കിയ സംസ്ഥാന സര്‍ക്കാര്‍ ആയിരക്കണക്കിന് പേരുടെ ഉപജീവന മാര്‍ഗമായ മോട്ടോര്‍ ഡ്രൈവിങ് സ്കൂള്‍ വിഭാഗത്തെ അവഗണിച്ചതായി ഓള് കേരള മോട്ടോര്‍ ഡ്രൈവിങ് സ്കൂള്‍ ഇന്‍സ്ട്രക്ടേഴ്സ് ആന്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷന്.
മാസങ്ങളായി പരിശീലനം മുടങ്ങിയതിനാല്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആയിരങ്ങള്‍ പട്ടിണിയിലാണ്. വേനലവധിക്കാലത്താണ് കൂടുതലായി ഡ്രൈവിങ് പരിശീലനത്തിനായി ആളുകള്‍ എത്താറുള്ളത്. ലോക്ഡൗണിനെ തുടര്‍ന്ന് മാസങ്ങളായി ഡ്രൈവിങ് സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. കൊറോണ ചട്ടങ്ങള്‍ പാലിച്ച് ഡ്രൈവിങ് സ്കൂളുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും അനുകൂല നടപടിയുണ്ടായിട്ടില്ല. പരിശീലനത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങളെല്ലാം റോഡുകളിലും മറ്റും അനാഥമായി കിടക്കുകയാണ്.
പരിശീലകരും മറ്റു ജീവനക്കാരും ദുരിതത്തിലായിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം തുടരുകയാണെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. വിവിധ ആവശ്യങ്ങളുന്നയിച്ച് ഓള് കേരള മോട്ടോര്‍ ഡ്രൈവിങ് സ്കൂള്‍ ഇന്‍സ്ട്രക്ടേഴ്സ് ആന്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷന്. തൃശൂര്‍ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നില്‍പ്പ് സമരം നടത്തി.
ഡ്രൈവിങ് സ്കൂള്‍ മേഖലയെ സംരക്ഷിക്കുക,ലേണിങ് ടെസ്റ്റ്-ഡ്രൈവിങ് ടെസ്റ്റ് എന്നിവ പുനഃസ്ഥാപിക്കുക,ഡ്രൈവിങ് സ്കൂള്‍ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ദുരിതാവസ്ഥയിലായ കുടുംബങ്ങളെ പട്ടിണിയില്‍ നിന്ന് രക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോര്‍പറേഷനിലെ അഞ്ചു കേന്ദ്രങ്ങളിലാണ് നില്‍പ്പ് സമരം നടത്തിയത്. തെക്കേ ഗോപുരനടയില്‍ നടന്ന സമരം അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ്കെ.ആര് ജയപ്രകാശന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം.എം സുരേഷ് ബാബു അധ്യക്ഷനായി. സെക്രട്ടറി പി.ജി ശശീന്ദ്രന്, കെ.എസ് വിനോഷ്,എം.വി ശശി,കെ.വി ഡെന്നി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: