പൊങ്ങച്ചങ്ങളെ നിശിതമായും നിലവാരത്തിലും വിമര്ശിക്കുവാന് നാടകങ്ങളെ സമര്‍ഥമായി ഉപയോഗിച്ച രണ്ട് പ്രതിഭകളായിരുന്നു സി.ജെ. തോമസും എന്‍.എന്‍. പിള്ളയും. സിജെയുടെ ‘1928ല്‍ ക്രൈം 27’ എന്ന നാടകവും എന്‍.എന്‍. പിള്ളയുടെ ‘ഞാന്‍ സ്വര്‍ഗത്തില്‍’ എന്ന നാടകവും ലോക ക്ലാസിക്കുകളുടെ നിലവാരത്തിലാണ്. രണ്ടും മലയാളത്തിലായിപ്പോയെന്ന പരിമിതിയേ ഉള്ളൂ. ഹിപ്പോക്രസി-പൊങ്ങച്ചം- അത് മനുഷ്യനായാലും സമൂഹത്തിനായാലും സംസ്ഥാനത്തിനായാലും അലങ്കാരമല്ല എന്ന് അവ സ്ഥാപിക്കുന്നു.
ആ നാടകത്തില്‍, മരണാനന്തരം സ്വര്‍ഗത്തിലെത്തുന്ന എന്‍.എന്‍. പിള്ളയുടെ പ്രവൃത്തി കണ്ട് അവിടത്തെ ന്യായാധിപന് ചോദിക്കുന്നുണ്ട്- കേരളത്തില്‍ നിന്നാണല്ലേ? എന്ന്. മറുപടിയായി ഞാന്‍ എന്ന കഥാപാത്രം (എന്‍.എന്‍. പിള്ള) പറയുന്നു: ”ഞങ്ങളാരും ഈയിടെയായി അവകാശങ്ങള്‍ക്കു വേണ്ടി അടങ്ങി നില്‍ക്കാറില്ല, പിടിച്ചു വാങ്ങാറാണ്.” നാടകം ഇറങ്ങിയത് 50 വര്‍ഷം മുമ്പാണ്, 1970-ല്‍. അതിനു മുമ്പാണെങ്കിലും ഇന്നാണെങ്കിലും ആ സംഭാഷണത്തില്‍ മാറ്റം വരില്ല. മലയാളി അങ്ങനെയാണ്, ഇക്കാലത്ത്, ഈ കൊറോണക്കാലത്ത് അവകാശവാദങ്ങള്‍ കുറച്ചു കൂടുതലാണെന്നു മാത്രം.
കേരളത്തിന് അഭിമാനിക്കാനേറെയുണ്ട് എന്നതു വാസ്തവം. എല്ലാ രംഗത്തും കേരളം മാതൃകയുമായിട്ടുണ്ട്, ഇപ്പോഴും ആണ്. സാംസ്കാരികമായി ഉന്നതബോധമുള്ളവരെന്ന പ്രചാരണവും ഉണ്ട്. പക്ഷേ, ഒറ്റപ്പെട്ട സംഭവങ്ങളെന്ന് ഓരോ വട്ടവും സ്വയം പറഞ്ഞ് ലഘൂകരിക്കുന്ന ഒട്ടേറെ സംഭവങ്ങളിലൂടെ വന്നുവന്ന് നമ്മുടെ പൊങ്ങച്ചങ്ങളുടെ പൂച്ച് പുറത്താകുകയാണ് എന്നു പറയാതെ വയ്യ. അതില്‍ അഭിമാനിക്കുകയോ ആനന്ദിക്കുകയോ ആശ്വസിക്കുകയോ അല്ല, ചൂണ്ടിക്കാണിക്കുകയാണ്.
ഈ കൊറോണക്കാലവും ലോക്ഡൗണും ഒന്നിച്ചപ്പോഴത്തെ ചില സംഭവങ്ങള്‍ മാത്രം ചിന്തിക്കാം. ഇക്കാലത്ത് നടന്ന കൊള്ള-കൊലപാതകം തുടങ്ങിയ കുറ്റ കൃത്യങ്ങള്‍ വിഷയമാക്കുന്നില്ല. ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്നതും പറയുന്നില്ല. അച്ഛന് മകനെ കൊന്നതും ഭാര്യയെ മദ്യപിപ്പിച്ച് കൊച്ചുകുട്ടിയുടെ മുന്നിലിട്ട് ഭര്‍ത്താവ് പീഡിപ്പിച്ചതും മറ്റും പറയുന്നില്ല.മിണ്ടാ പ്രാണിയായ, ഗര്‍ഭിണിയായ, പിടിയാനയ്ക്ക് കൈതച്ചക്കയില്‍ പടക്കംവെച്ചു തീറ്റിച്ചു കൊന്നതിനെക്കുറിച്ച് മിണ്ടുന്നില്ല. അങ്ങനെ എത്രയെത്ര. പക്ഷേ, മദ്യശാലകള്‍ ലോക്ഡൗണ്‍ ഇളവില്‍ തുറന്നപ്പോള്‍ മലയാളി കാട്ടിക്കൂട്ടിയതൊക്കെയും സൂചിപ്പിക്കാതെ വയ്യ. മദ്യശാല തുറക്കാനും ലോട്ടറിക്കച്ചവടം തുടങ്ങാനും സര്‍ക്കാര്‍ കാണിച്ച ആവേശം പരാമര്‍ശിക്കാതെ വയ്യ.
ആരോഗ്യത്തിലേക്ക് വരാം. ആരോഗ്യ സംരക്ഷണ ബോധത്തിലും സൗകര്യത്തിലും ഒന്നാം നിരയിലാണ് കേരളം എന്നാണ് കാലങ്ങളായുള്ള പറച്ചില്. രോഗ വൈവിധ്യം കേരളത്തിലാണ്. പകര്‍ച്ച വ്യാധികളുടെ കണക്കു നോക്കിയാലും കേരളം മുന്നിലാണ്. ഇതിനെല്ലാം കാരണം മലയാളിയുടെ ആരോഗ്യ സംരക്ഷണ ബോധമാണ്, അതിന് അടിസ്ഥാനം സാക്ഷരതയാണ് എന്നാണ് വിശകലനങ്ങള്‍. എന്നാല്‍, ഈ സാക്ഷരത സാമൂഹ്യ ജീവിതത്തില്‍ പ്രകടമാകുന്നുണ്ടോ അതോ പൊങ്ങച്ചമോ എന്നത് പ്രധാനമാണ്.
കൊറോണാ വൈറസ് വ്യാപനത്തോടെ, ലോക്ഡൗണിന്റെ ആദ്യകാല കൗതുകം കഴിഞ്ഞതോടെ, ആശങ്കയും ഭയവും മലയാളി മനസിനേയും ബാധിച്ചു. സഹജീവി, സാമൂഹ്യബോധം, സാഹോദര്യം, മാനവികത തുടങ്ങിയ ആശയങ്ങള്‍ പ്രവൃത്തിയില്‍ എളുപ്പമല്ലെന്ന് തെളിഞ്ഞു. ‘അതിഥി’യെന്നു വിളിച്ചാദരവു പ്രകടിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളിയെ സര്‍ക്കാര്‍തന്നെ ഇതര ഭാഷാ തൊഴിലാളിയെന്നു വിളിച്ചതും പ്രവാസിയാണ് സംസ്ഥാനത്തെ ചോറൂട്ടുന്നതെന്ന് പുകഴ്ത്തിയശേഷം അവരെ തള്ളിപ്പറഞ്ഞതും സര്‍ക്കാരിന്റെ പൊങ്ങച്ചം പൊളിഞ്ഞ പ്രവൃത്തി വിശേഷം.
എന്നാല്‍, സാധാരണ ജനങ്ങളും ജനനേതാക്കളും കാട്ടിക്കൂട്ടിയതാണ് മലയാളിയുടെ യഥാര്‍ഥ മുഖം. നിരത്തിയാല്‍ ഏറെയാണ്. ചിലതു മാത്രം: കൊറോണപ്പേടി തുടങ്ങിയ കാലം, 2020 ഫെബ്രുവരി ആദ്യവാരം. വിദേശത്തുനിന്നുവന്ന് എറണാകുളത്ത് കളമശേരി മെഡിക്കല്‍ കോളെജില്‍ നിരീക്ഷണത്തിലായിരുന്ന നൗഷാദ് ചാടിപ്പോയി. സാമൂഹ്യ വ്യാപനം ഉണ്ടാകാതിരിക്കാന്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് സര്‍ക്കാര്‍ നിര്‍ബന്ധ പ്രകാരം മാധ്യമപ്രവര്‍ത്തകനെ പോലീസ് ചോദ്യം ചെയ്തു. വിവരം ചോര്ന്നതെങ്ങനെയെന്നായിരുന്നു സര്‍ക്കാര്‍ ശങ്ക. പക്ഷേ, പിന്നീട് സംഭവിച്ചതൊക്കെയും കേരള മനസിന്റെ വിചിത്ര ഭാവമാണ് പ്രകടമാക്കിയത്. ഏപ്രില്‍ ഒമ്പതിനാണ്, കോയമ്പത്തൂരില്‍ നിന്നുവന്ന പത്തനംതിട്ട തണ്ണിത്തോട് സ്വദേശിനിയെ വീട്ടില്‍ കയറി ചിലര്‍ ആക്രമിച്ചത്. കൊറോണാ നിയന്ത്രണം ലംഘിച്ചുവെന്നായിരുന്നു ആരോപണം. സിപിഎമ്മിന്റെ നേതാക്കളും അക്രമികളിലുണ്ടായിരുന്നു. മെയ് അവസാനം, റാന്നിയില്‍ അങ്ങാടി കുന്നുംപുറത്ത് ജോസഫിന്റെ വീട് ആക്രമിച്ചു. ജോസഫിന് കൊറോണയാണെന്നതായിരുന്നു കാരണം. തിരുവനന്തപുരത്ത് ആനാട് എന്ന സ്ഥലത്ത് ഒരാളെ കല്ലെറിഞ്ഞ് ഓടിച്ചു, തലയ്ക്ക് പരിക്കേറ്റ അയാള്‍ പിറ്റേന്ന് ആശുപത്രിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. സ്ഥലത്തെ കോണ്‍ഗ്രസ് നേതാക്കളാണ് മുഖ്യ പ്രതികള്‍.
പ്രതിരോധക്കരുതലുകളുടെ പേരിലെ നടപടികള്പ്പുറമായി സാമൂഹ്യ ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലുമായി ജനങ്ങളാല്‍’ശിക്ഷിക്കപ്പെട്ടവര്‍’ ഏറെയുണ്ട്. ‘അപകടകാരികളെ’ പോലെ പരിഗണിച്ച് ആരോഗ്യപ്രവര്‍ത്തകരെ പോലും ചിലര്‍ അകറ്റി നിര്‍ത്തി. വീട്ടിലെ ക്വാറന്റൈന് ലംഘിച്ചതിന് സര്‍ക്കാര്‍ സംവിധാനത്തില്‍ കഴിയെ, ചായ വൈകിയതിന് നഴ്സിനെ എന്‍ആര്‍ഐ ആക്രമിച്ചത് കൊല്ലത്താണ്. കോഴിക്കോട്ട് സിപിഎം നേതാവും മുന്‍ എംപിയുമായ എ.കെ. പ്രേമജം, വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന മകനെക്കുറിച്ച് റിപ്പോര്‍ട്ടെടുക്കാന്‍ ചെന്ന ആശാ വര്‍ക്കറെ ആക്രമിച്ചതും മലപ്പുറത്തും തിരുവനന്തപുരം വാമനപുരത്തും എന്‍ആര്‍ഐകള്‍ ആശാ വര്‍ക്കറെ ആക്രമിച്ചതും അത്തരം സംഭവങ്ങളില്‍ ചിലതുമാത്രം. ഇതൊക്കെയാണെങ്കിലും സഹിഷ്ണുത, സാമൂഹ്യബോധം, വിശ്വ മാനവികത തുടങ്ങിയവയിലെല്ലാം ഒന്നാം നമ്പറാണെന്ന് പൊങ്ങച്ചം പറയുമെന്നു മാത്രം.
ഭാരതമെന്നു കേട്ടാല്‍ അഭിമാന പൂരിതരാകുകയും കേരളമെന്നാണെങ്കില് ചോര തിളയ്ക്കുകയും വേണ്ടതുതന്നെ. പക്ഷേ, ഇല്ലാത്തതു സ്ഥാപിക്കാന്‍ ശ്രമിക്കുന്ന പൊങ്ങച്ചമല്ലേ നമ്മള് കൊട്ടിഘോഷിക്കുന്നതെന്ന പുനര്ചിന്തയും വേണം. ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് സമാധാനിക്കാനും വിമര്‍ശിക്കാനും കഴിയും. പക്ഷേ, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ അവിടങ്ങളിലെ ജനങ്ങളെ ഇകഴ്ത്താന്‍ വിനിയോഗിക്കുന്നതോടെ ആ യുക്തിയും നിലനില്ക്കാതെ പോകുന്നു.
പറഞ്ഞു വരുന്നത് മലയാളി മോശക്കാരാണെന്നല്ല, കൊറോണ പഠിപ്പിച്ച മറ്റൊരു പാഠമതാണ്, പേടിയും ആശങ്കയും ആകാംക്ഷയും സ്വാര്‍ഥതയും അടക്കം സാധാരണക്കാര്‍ക്ക് ജീവിതത്തിലുള്ള എല്ലാ പോരായ്മകളുമുള്ളവരാണ് നമ്മളും. അല്ലെന്നു പറയുന്നത് പൊങ്ങച്ചമാണ്. അതിനപ്പുറം മനസു വളരാന്‍ ഇനിയും വളരേണ്ടതുണ്ടെന്നതാണ് തിരിച്ചറിയേണ്ട കാര്യം.
വാല്‍ക്കഷണം: മുഖംമൂടി പൊതു വസ്ത്രധാരണത്തിന്റെ ഭാഗമാകുകയും പലരുടെയും മുഖംമൂടികള്‍ അഴിഞ്ഞു വീഴുകയും ചെയ്യുന്ന കാലമാണിപ്പോള്‍. ‘അനാചാര’ങ്ങളെയും ‘അന്ധ വിശ്വാസ’ങ്ങളെയും അജ്ഞതകൊണ്ടാണ് എതിര്‍ത്തതെന്ന് പലരും സമ്മതിക്കുന്ന കാലവും വരികയാണ്. പതിനെട്ടാംപടിയില്‍ തടയാന്‍ ശ്രമിച്ച് ഒടുവില്‍ അത് ‘ക്ലിഫ് ഹൗസ്’ പടിയും കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: