തിരുവനന്തപുരം: മലയാള സിനിമയിൽ മഹാനടൻമാരുടെ പട്ടികയിലേക്ക് ആദ്യപേരുകാരനായി കടന്നുവന്നയാൾ. മരണമെന്ന നിത്യസത്യത്തിലേക്ക് നടന്നു പോയിട്ട് അരനൂറ്റാണ്ടിലേക്ക് കടക്കുന്നു. അതിഭാവുകത്വത്തിന്റെ പിടിയിൽ കുടുങ്ങിയിരുന്ന മലയാള സിനിമയിൽ സ്വാഭാവികാഭിനയത്തിന് തുടക്കം കുറിച്ച, പരിമിതികളെ പടിക്കുപുറത്തു നിർത്തി ഇരുപതുവർഷത്തോളം വെള്ളിത്തിരയിൽ നായകനായി തുടർന്ന നടൻ. തിരുവനന്തപുരത്ത് തിരുമല ആറാമട ചെറുവിളാകത്ത് വീട്ടിൽ മാനുവലിന്റേയും ലില്ലിയമ്മയുടെയും മൂത്തമകനായി 1912 നവംബർ 9 നാണ് സത്യനേശൻ എന്ന സത്യൻ ജനിച്ചത്. പഠനത്തിൽ മിടുക്കനായിരുന്ന അദ്ദേഹം വിദ്വാൻ പരീക്ഷ പാസ്സായി. വീട്ടിലെ സാമ്പത്തിക പരാധീനതകൾ നേരിടാൻ പഠനം കഴിഞ്ഞയുടൻ ജോലിക്കിറങ്ങി. അധ്യാപകൻ, ഗുമസ്തൻ, പട്ടാളക്കാരൻ, പോലീസ് ഇൻസ്പെക്ടർ തുടങ്ങി നിരവധി വേഷങ്ങൾ.
സത്യൻ നാടകത്തിലൂടെയാണ് അഭിനയലോകത്തേക്ക് ചുവടുവച്ചത്. പിന്നീട് സിനിമയിലുമെത്തി. ആദ്യ ചിത്രം ‘ത്യാഗസീമ’ പുറത്തിറങ്ങിയില്ല. ‘ആത്മസഖി’യിലൂടെയാണ് ആദ്യമായി ആ രൂപം വെള്ളിത്തിരയിൽ പതിഞ്ഞത്. പിന്നീട് ജോലി ഉപേക്ഷിച്ച് സിനിമയിൽ സജീവമായി. നീലക്കുയിലിലെ പ്രകടനം സത്യനെ മലയാളിയുടെ പ്രിയങ്കരനാക്കി. സംസ്ഥാന ചലച്ചിത്ര അവാർഡ് ആരംഭിച്ച 1969ൽ മികച്ച നടനുള്ള ആദ്യ പുരസ്കാരം സത്യൻ സ്വന്തമാക്കി. ‘കടൽപ്പാലം’ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്കാരം. മികച്ച നടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം 1971ൽ മരണാനന്തര ബഹുമതിയായിട്ടും സത്യന് ലഭിച്ചു.
1951 മുതൽ 1971 വരെ നീണ്ട കരിയറിൽ നൂറ്റിയമ്പതിലധികം മലയാള സിനിമകൾ. രണ്ട് തമിഴ് ചിത്രങ്ങളിലും സത്യൻ വേഷമിട്ടു. അർബുദത്തിന്റെ പിടിയിലായിട്ടും രോഗത്തെ അവഗണിച്ചായിരുന്നു സത്യൻ അഭിനയം തുടർന്നത്. ഒടുവിൽ അസുഖം മൂർശ്ചിച്ച് 1971 ജൂൺ 15ന് സത്യൻ സ്വയം കാറോടിച്ച് ചെന്നൈയിലെ ആശുപത്രിയിലെത്തി. പക്ഷേ, അന്നുതന്നെ മരണം സത്യനെ തേടിയെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: