കൊട്ടിയം: കോടതിവിധി മറികടന്ന് ക്ഷേത്രഭൂമിയില്‍ ഷോപ്പിംഗ് കോംപ്ലക്സ് പണിയാന്‍ നീക്കം. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ അധീനതയിലുള്ള കണ്ണനല്ലൂര്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന്റെ ഭൂമിയിലാണ് വികസനത്തിന്റെ പേരില്‍ ഹിന്ദുവിശ്വാസത്തെ അധിക്ഷേപിക്കാനും രാഷ്ട്രീയമുതലെടുപ്പ് നടത്തി ഷോപ്പിംഗ് കോംപ്ലക്സ് പണിയാനും നീക്കം നടത്തുന്നത്. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ജെ. മേഴ്സികുട്ടിയമ്മയുടെ അറിവോടെയാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മതസ്പര്‍ധ വളര്‍ത്താനുള്ള നീക്കം നടക്കുന്നതെന്ന് വിശ്വാസികള്‍ ആരോപിക്കുന്നു.
ഇതിന്റെ ഭാഗമായി ഇന്നലെ ക്ഷേത്രത്തിന് സമീപം ഷോപ്പിംഗ് കോംപ്ലക്സിന് കല്ലിടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ക്ഷേത്രഭൂമി കയ്യേറി നിര്‍മാണം തുടങ്ങുന്നുവെന്ന വാര്‍ത്ത അറിഞ്ഞ് നൂറുകണക്കിന് ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ തടിച്ചുകൂടി. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രതിഷേധം കനത്തതോടെ ക്ഷേത്രഭൂമിയില്‍ വച്ച് ഉദ്ഘാടനം നടത്താതെ മന്ത്രിയും സംഘവും മടങ്ങി. രഹസ്യമായി ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ചശേഷം പോലീസിനെ ഉപയോഗിച്ച് ഷോപ്പിംഗ് കോംപ്ലക്സിന്റെ നിര്‍മാണം ആരംഭിക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്.
മന്ത്രിയുടെ വികസനപദ്ധതിയാണെന്നു കാണിച്ച് സ്കെച്ച് പ്ലാന്‍ ഉള്‍പ്പടെ പത്രപ്രസ്താവന അടക്കം നല്കി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണവും സിപിഎമ്മിന്റെ സൈബര്‍വിംഗ് ആരംഭിച്ചിട്ടുണ്ട്. നിലവില്‍ പ്രദേശത്തെ പത്തേക്കറോളം വസ്തു ക്ഷേത്രഭൂമിയാണെന്ന 2011ലെയും 2016ലെയും കോടതിവിധികള്‍ നിലനില്‍ക്കെയാണ് വീണ്ടും പഞ്ചായത്തിന്റെയും മന്ത്രിയുടെയും നേതൃത്വത്തില്‍ വികസനത്തിന്റെ പേരുപറഞ്ഞ് ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം നടത്തുന്നത്. 2006 ല്‍ പത്ത് ഏക്കറോളം ഭൂമി ക്ഷേത്രത്തിന് ഉണ്ടായിരുന്നു. ഇന്ന് ഒന്നര ഏക്കറോളം ഭൂമിയാണ് അവശേഷിക്കുന്നത്. ദേവസ്വം രേഖകളിലും പത്ത് ഏക്കറിലധികം ഭൂമിയുള്ളതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ കയ്യേറ്റം മൂലം ദേവസ്വം ഭൂമി ഇന്ന് മറ്റുപലരുടെയും കൈവശമായി. ഇപ്പോള്‍ ഒന്നര ഏക്കര്‍ മാത്രമേ ഉള്ളൂ. അവശേഷിക്കുന്ന ആ ഭൂമിയാണ് വീണ്ടും വികസനത്തിന്റെ പേരില്‍ കയ്യേറുന്നത്. 2006ലാണ് ഒരുകൂട്ടം വിശ്വാസികള്‍ ക്ഷേത്രഭൂമി ക്ഷേത്രത്തിന് അവകാശപ്പെട്ടതാണെന്നും അത് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലം കോടതിയെ സമീപിച്ചത്. 2011 ല്‍ കൊല്ലം കോടതി ക്ഷേത്രഭൂമിയാണെന്ന് വിധിച്ചു. തുടര്‍ന്ന് പഞ്ചായത്ത് കീഴ്ക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. അവിടെയും തിരിച്ചടി ലഭിച്ചു. ഭൂമി ക്ഷേത്രത്തിന്റെതാണ് എന്ന ഹൈക്കോടതി വിധി നിലനില്‍ക്കെയാണ് ഇപ്പോള്‍ ഭരണസ്വാധീനം ഉപയോഗിച്ച് കോടതിവിധി അട്ടിമറിച്ചുകൊണ്ട് വികസനത്തിന്റെ പേരില്‍ നീക്കം നടത്തുന്നത്.
പുതിയ പ്രോജക്ട് നടപ്പാക്കാനാവശ്യമായ സ്ഥലവും സൗകര്യങ്ങളും പഴയ മാര്‍ക്കറ്റിലും അനുബന്ധ സ്ഥലങ്ങളിലും ഉണ്ട്. എന്നിട്ടും ക്ഷേത്രഭൂമി കയ്യേറുന്നത് ജനങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്തി വിശ്വാസികള്‍ക്കിടയില്‍ ചേരിതിരിവ് സൃഷ്ടിക്കാനുള്ള രാഷ്ടീയതന്ത്രമാണെന്ന് വിശ്വാസികള്‍ ആരോപിക്കുന്നു. വികസനത്തിന്റെ പേരില്‍ പലപ്പോഴായി കണ്ണനല്ലൂര്‍ ക്ഷേത്രത്തിന്റെ ഏക്കര്‍ കണക്കിന് ഭൂമി തൃക്കോവില്‍വട്ടം പഞ്ചായത്ത് കയ്യേറിയിട്ടുണ്ട്. ഇത് വഴി ക്ഷേത്രത്തിന് ഏക്കര്‍ കണക്കിന് ഭൂമി നഷ്ടപ്പെട്ടിട്ടുമുണ്ടെന്ന് ഭക്തര്‍ ചൂണ്ടിക്കാട്ടുന്നു.
ക്ഷേത്രവിശ്വാസത്തെയും ആരാധനാ സ്വതന്ത്യത്തെയും ചോദ്യം ചെയ്തു കൊണ്ട് ഇത്രയും നാളും കേസില്‍ പെട്ട് കിടക്കുന്ന ഭൂമിയാണ് എന്ന് പ്രചരിപ്പിച്ചവര്‍ക്ക് ഒരുദിവസം കൊണ്ട് ഇത് പുറമ്പോക്കുഭൂമിയായി മാറിയത് എങ്ങനെയാണെന്ന് ഭക്തര്‍ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: