കൊട്ടാരക്കര: ബാറില്‍ പരസ്യ മദ്യപാനം നടത്തിയതിന് ആക്ഷേപം നേരിട്ടുവരുന്ന ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ ഏരിയാ കമ്മിറ്റിയിലേക്ക് ഉയര്‍ത്തിയതില്‍ സിപിഎമ്മിനുള്ളില്‍ കലാപം. ഏരിയാ കമ്മിറ്റിയോഗത്തിലും അംഗങ്ങള്‍ വിയോജിപ്പ് വ്യക്തമാക്കി.
സിപിഎം മൈലം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആര്. മധുവിനെയാണ് കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍ പുതുതായി ഉള്‍പ്പെടുത്തിയത്. പകരം മൈലം ലോക്കല്‍ കമ്മിറ്റിക്ക് പുതിയ സെക്രട്ടറിയെയും നിശ്ചയിച്ചു. ലോക് ഡൗണ്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ആര്. മധു ബാറില്‍ ഇരുന്ന് മറ്റൊരു പാര്‍ട്ടി അംഗത്തിനൊപ്പം മദ്യപിക്കുന്ന വീഡിയോ പ്രചരിച്ചത്. സമൂഹമാദ്ധ്യമങ്ങളില്‍ വീഡിയോ വൈറല്‍ ആകുകയും ചെയ്തു. പാര്‍ട്ടിയിലെ അംഗങ്ങള്‍തന്നെ നേതാവിന്റെ പരസ്യ മദ്യപാനവും അതിന് മുമ്പുള്ള സ്വഭാവരീതികളും വിശദീകരിച്ച് ഏരിയ, ജില്ലാ നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതി പരിഗണിക്കുന്നതിനിടയിലാണ് ഏരിയാ കമ്മിറ്റി പുനഃസംഘടിപ്പിക്കാന്‍ തീരുമാനമുണ്ടായത്.
ഏറെക്കാലമായി വിവാദങ്ങളിലാണ് കൊട്ടാരക്കര ഏരിയാ നേതൃത്വം. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളും പടലപ്പിണക്കങ്ങളും രൂക്ഷമായപ്പോള്‍ ജില്ലാ സെക്രട്ടേറിയറ്റംഗം ജോര്‍ജ്ജ് മാത്യുവിന് സെക്രട്ടറിയുടെ ചുമതല നല്‍കിയാണ് ഇത്രനാളും മുന്നോട്ടുപോയത്. ഇപ്പോള്‍ ഏരിയാ കമ്മിറ്റി പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ പ്രതിഫലിച്ചു. ഇതിന്റെ ഭാഗമായി ആരോപണവിധേയനായ ആളെ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതാണ് വീണ്ടും വിവാദങ്ങളിലേക്ക് നീങ്ങിയത്.
താമരക്കുടി സര്‍വ്വീസ് സഹകരണബാങ്കുമായി ബന്ധപ്പെട്ട അഴിമതിക്കഥകളിലും പങ്കാളിയാണ് ഇദ്ദേഹമെന്നും പരാതികളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി നിശ്ചയിച്ച പണം തിരികെ അടയ്ക്കേണ്ടി വന്നയാളുമാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കരുതെന്ന് നേതൃത്വത്തിന്റെ കര്‍ശന നിര്ദ്ദേശവുമുണ്ടെങ്കിലും ബ്രാഞ്ച് തലം മുതല്‍ കലാപമുണ്ടാകുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: