തട്ട: പ്രകൃതി ഒരുക്കിയിരിക്കുന്ന വിസ്മയം കാണുവാന്‍ ആഗ്രഹിക്കുന്ന ആളുകളെ സ്വാഗതം ചെയ്യുകയാണ് അഞ്ചുമലപ്പാറ. മാറിമാറി ഭരിച്ച സര്‍ക്കാരുകളുടെ അവഗണനക്കിടയിലും അഞ്ചു മലപ്പാറ കാണുവാന്‍ എത്തുന്ന സന്ദര്‍ശകരുടെ തിരക്ക് ഓരോ ദിവസവും വര്‍ദ്ധിച്ചു വരികയാണ്.
ദിവസേന ആയിരത്തോളം ആളുകള്‍ ഈ പ്രദേശം സന്ദര്‍ശിക്കുന്നതിനായി എത്തുന്നുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. ലോക്ഡൗണ്‍ കാലത്ത് ആളുകളുടെ എണ്ണം കുറഞ്ഞെങ്കിലും ഇന്നും ഇവിടുത്തെ കാഴ്ചകള്‍ കാണാന്‍ ആളുകള്‍ എത്താറുണ്ട്. ഏനാദിമംഗലം പഞ്ചായത്തിലെ കുന്നിടയില്‍ സ്ഥിതി ചെയ്യുന്ന ഈ പാറയുടെ മുകളിലേക്ക് കാല്‍നടയായി എത്താന്‍ കഴിയും.
ജില്ലയില്‍ ടൂറിസത്തിന് ഏറ്റവുമധികം സാധ്യതയുള്ള പ്രദേശമാണ് അഞ്ചുമലപ്പാറ. അടൂര്‍, പത്തനാപുരം പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ ഈ പാറപ്പുറത്ത് എത്തിയാല്‍ പത്തനംതിട്ട, കൊല്ലം, ജില്ലയിലെയും സമീപ പ്രദേശങ്ങളായ പത്തനാപുരം പട്ടണം, സെന്റ്സ്റ്റീഫന്‍സ് കോളേജ് ഉള്‍പ്പെടെ ഉള്ള പ്രദേശങ്ങളുടെ ദൂരക്കാഴ്ച വളരെ മനോഹരമാണ്. ഒരുകാലത്ത് ദൂരെ കടല്‍ തിരമാലകള്‍ ഉള്‍പ്പെടെ എവിടെ നിന്നാല്‍ കാണാമായിരുന്നു എന്ന് പഴമക്കാര്‍ ഓര്‍ക്കുന്നു. അഡ്വഞ്ചര്‍ ടൂറിസം വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ പദ്ധതികളാണ് ഇവിടെ അനുയോജ്യമെന്നാണ് അഭിപ്രായം ഉയരുന്നത്. മുന്‍പ് സംസ്ഥാന ടൂറിസം വകുപ്പിലേയും ജില്ലാ ടൂറിസം പ്രൊമേഷന് കൗണ്‍സിലിലെയും പ്രതിനിധികള്‍ ഇവിടെയെത്തി സാധ്യതകള്‍ പരിശോധിച്ചിരുന്നു. ട്രക്കിങ്, റോപ്പ് കാര്‍, വ്യൂ പോയിന്റ് തുടങ്ങിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണിതെന്നും കണ്ടെത്തിയിരുന്നു. പാറയുടെ മുകളിലുള്ള ചെറിയ കുളം കടുത്ത വേനലിലും വറ്റാറില്ല എന്നത് എടുത്തു പറയണ്ട കാര്യമാണ്.അഞ്ച് മലകളുടെ കേന്ദ്രസ്ഥാനം എന്ന നിലയില്‍ അഞ്ചുമലയ്ക്ക് പ്രാധാന്യം വളരെയേറെയാണ്. കാഴ്ചയുടെ വിസ്മയം ഒരുക്കി സാഞ്ചാരികളെ കാത്തിരിക്കുന്ന അഞ്ചു മലപ്പാറയെപ്പറ്റി ഐതിഹ്യങ്ങളും കഥകളും ഏറെയാണ്. അഞ്ചു മലപ്പാറ, കൊടക്കണ്ണാമല, മുട്ടിയാക്കോട്ട്, പുലിമല, അക്കമല, എന്നിങ്ങനെ അഞ്ചു മലകളാണ് ഇവിടെ കാഴ്ചയുടെ വിസ്മയമാകുന്നത്. അഞ്ചുമലപ്പാറയെ ആയിരം തൂണിമല എന്ന വിളിപ്പേരിലും അറിയപ്പെടുന്നുണ്ട്.
പണ്ട് താന്നിക്കല്‍ തറവാട്ടുകാരുടെ പേരിലായിരുന്നു മല മുഴുവനും. പിന്നീട് കാടുവെട്ടി വിത്തുവിതച്ച് കരനെല്‍കൃഷി നടത്തിയ സ്ഥലമായിരുന്നു അഞ്ചു മലപ്പാറ. ഇവിടെ വിതച്ച വിത്തുപാകമായപ്പോള്‍ എല്ലാം ഉപയോഗ്യ ശൂന്യമായ മങ്കായ് പോയതായും കര്‍ഷകര്‍ അതെല്ലാം അഞ്ചു മലയിലെ പാറയുടെ മുകളില്‍ ഉപേക്ഷിച്ചുപോയതായും പറയുന്നു. മൂന്നു നാള്‍ക്കു ശേഷം കന്നുകാലികള്‍ക്ക് തീറ്റ തേടിയെത്തിയവര്‍ കണ്ടത് മങ്ക് ആയി ഉപേക്ഷിച്ചത് എല്ലാം നല്ല നെല്ലായി കിടക്കുന്നതാണ്. മാത്രമല്ല ആയിരം തുണിപാറ അളന്നിട്ടും നെല്ല് അധികം വന്നതായും പിന്നീട് അളക്കാതെ നെല്ല് കൊണ്ടുപോകുകയായിരുന്നു എന്നും അങ്ങനെയാണ് ആയിരം തൂണിമല എന്ന് അറിയപ്പെട്ടതെന്നും പഴമക്കാര്‍ പറയുന്നു. ഇതിനൊപ്പം നാട്ടുകാരുടെ വിശ്വാസ പ്രസിദ്ധമായ സ്ഥലവുമാണിത്.
അഞ്ചുമലപ്പാറ പാറയുടെ വിസൃതി 14 ഏക്കറാണ്. വസ്തു മൊത്തത്തില്‍ 24 ഏക്കര്‍ ഉണ്ടെന്നാണ് റവന്യു രേഖകളിലെ കണക്ക്. എന്നാല്‍ പാറയുടെ സമീപ സ്ഥലങ്ങളെല്ലാം കൈയേറ്റക്കാരുടെ പിടിയിലാണ്. പാറയോട് ചേര്‍ന്നു നിന്ന മരങ്ങളെല്ലാം മുറിച്ച് മാറ്റിയിട്ടുണ്ട്. ഈ സ്ഥലത്ത് വിലയേറിയ വൃക്ഷങ്ങളും ധാരാളം നില്‍പ്പുണ്ട്. സ്ഥലം അളന്ന് തിട്ടപ്പെടുത്തണമെന്നും ആവശ്യമുയരുന്നു. മുന്‍പ് അമൂല്യമായ ധാരാളം ഔഷധ സസ്യങ്ങളും ഇവിടെയുണ്ടായിരുന്നതായി പറയപ്പെടുന്നു. മുന്‍പ് പലതവണ ഈ പാറയും അനുബന്ധ പാറകളും പൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും പ്രദേശവാസികള്‍ സംഘടിച്ച് ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ചു തടയുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: