കാസര്‍കോട്: ധാരാളം മഴ വെള്ളം ലഭിക്കുന്ന ജില്ലയാണ് കാസര്‍കോട്. എന്നാല്‍ വേനല്‍ക്കാലത്ത് വരള്‍ച്ചയെ അതിജീവിക്കുന്നത് ശ്രമകരമായ ജോലിയാണ്. നദികളെല്ലാം വറ്റുകയും ഉപ്പ് വെള്ള ഭീഷണി നേരിടുകയും ചെയ്യുമ്പോള്‍ ശരാശരി 3000 മില്ലി ലിറ്റര്‍ മഴ ലഭിക്കുന്ന പ്രദേശമാണ് നമ്മുടേതെന്ന വൈരുധ്യം ഏറുകയാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയെല്ലാം മികച്ച ഇടപെടലിലൂടെ കഴിഞ്ഞ വേനലിനെ നാം വിജയകരമായി അതിജീവിച്ചു. ഇത് തുടരാനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പുതിയൊരു ക്യാമ്പയിന് ആരംഭിക്കുകയാണ്. ജില്ലയിലെ മുഴുവന്‍ തെങ്ങുകളുടേയും തടമെടുത്ത് മഴവെളളം ഭൂമിയിലേക്ക് എത്തിക്കുന്നതാണ് ഈ പദ്ധതി.
തദ്ദേശ സ്വയംഭരണ മേധാവികള്‍, പ്രിന്‍സിപ്പിള്‍ കൃഷി ഓഫീസര്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍, പ്രോജക്ട് ഡയറക്ടര്‍, പി. എ.യു, അസോസിയേറ്റ് ഡീന്‍, കാര്‍ഷിക കോളേജ് പടന്നക്കാട്, അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് റിസേര്‍ച്ച്, ആര്.എ.ആര്.എസ്, പിലിക്കോട് പ്രൊഫസര്‍, എക്സ്റ്റന്‍ഷന്‍ ട്രെയിനിങ് സെന്റര്‍, കെ.എ.യു വോര്‍ക്കാടി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പദ്ധതി നടത്തിപ്പ്.
പൊതുജന സഹകരണത്തോടെയുളള ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കൊണ്ടുപോവുകയാണെങ്കില്‍ മാത്രമേ രൂക്ഷമായ വരള്‍ച്ചയില്‍ നിന്നും ജില്ലയെ പൂര്‍ണ്ണമായും സ്ഥിരമായും മോചിപ്പിക്കാന്‍ സാധിക്കുകയുള്ളു. ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിനായി പൊതുജന സഹകരണത്തോടെയാണ് ക്യാമ്പയിന്. ജില്ലയിലെ മുഴുവന്‍ തെങ്ങുകളുടേയും തടം എടുത്ത് കൂടുതല്‍ മഴവെള്ളം ഭൂമിയിലേക്ക് ഇറക്കുകയെന്നുളളതാണ് ഈ ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം.
ജില്ലയിലെ 67500 ഹെക്ടര്‍ ഭൂമിയില്‍ ഏകദേശം 1.14 കോടിയോളം തെങ്ങുകള്‍ ഉണ്ട്. ഒരു വര്‍ഷം ഏകദേശം 1.2 ലക്ഷം ലിറ്റര്‍ ജലം തെങ്ങോലയിലൂടെയും അല്ലാതെയും ഒഴുകി തടത്തിലൂടെ ഭൂമിയില്‍ എത്തുന്നുണ്ട്. തെങ്ങിന്റെ കടഭാഗത്ത് നിന്നും ചുരുങ്ങിയത് 1 1/2 മീറ്റര്‍ വീതിയില്‍ തടം എടുത്ത് വളപ്രയോഗം നടത്തുകയാണെങ്കില്‍ തെങ്ങിന്റെ ഉത്പാദനം വര്‍ദ്ധിക്കുന്നതോടൊപ്പം വലിയ തോതില്‍ മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങുന്നതിനും സഹായകരമാകും. തെങ്ങുകളുടെ ശാസ്ത്രീയമായ കൃഷിരീതിയില്‍ നിന്നും പിന്നോക്കം പോകുന്ന ഈ അവസ്ഥയില്‍ വളരെയധികം പ്രാധാന്യമുള്ള ഒരു പദ്ധതിയാണിത്.
തദ്ദേശഭരണസ്ഥാപനങ്ങള്‍ മേല്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കൃഷി വകുപ്പ്, കാര്‍ഷിക സര്‍വ്വകലാശാല, തൊഴിലുറപ്പ് പദ്ധതി, സിപിസിആര്‍ഐ, മണ്ണ്ജല സംരക്ഷണ വകുപ്പ് തുടങ്ങിയ വകുപ്പുകളും സ്ഥാപനങ്ങളും ഇതിനാവശ്യമായ സാങ്കേതിക സഹായങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ നടപ്പില്‍ വരുത്തുവാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. പദ്ധതിയുടെ ആദ്യ പടിയായി എല്ലാ ജനങ്ങളേയും തെങ്ങിന് തടം എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്ക്കരിക്കും. ഈ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിലൂടെ ഒഴുകിപ്പോകുന്ന മഴ വെള്ളം ഭൂമിയിലേക്ക് ഇറക്കി വിടാന്‍ കഴിയുമെന്നും കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്ന വന്‍ പദ്ധതിക്കാണ് ഈ പ്രചരണ പരിപാടിയിലൂടെ ജില്ല സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: