കൊടകര: ആഘോഷങ്ങളില്‍ ആദ്യമെത്തി അവസാനം തിരിച്ചു പോകുന്നവരാണ് പന്തല്‍ പണിക്കാര്. കൊറോണയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയതിലൂടെ പതിനായിരക്കണക്കിന് വരുന്ന പന്തല്‍ തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലായി.
കേരള സ്റ്റേറ്റ് ഹയര്വുഡ് ഓണേഴ്സ് അസോസിയേഷന് കീഴില്‍ ജില്ലയില്‍ തന്നെ 800 ഓളം ഉടമകളും അവരുടെ കീഴിലുള്ള പതിനായിരക്കണക്കിന് തൊഴിലാളികളുമാണുള്ളത്. സീസണ് ലക്ഷ്യമിട്ട് പലരും ലക്ഷക്കണക്കിനു രൂപയുടെ പന്തല്‍ സാമഗ്രികളാണ് വാങ്ങികൂട്ടിയത്.
മാര്‍ച്ചില്‍ 80 ലക്ഷം രൂപയുടെ സാമഗ്രികളാണ് നെല്ലായിയിലെ പന്തല്‍ വര്‍ക്സ് ഉടമ പോള്‍സണ്‍ മാളിയേക്കല്‍ വാങ്ങിയത്.ലോണെടുത്തും പലിശയ്ക്ക് പണം കടമെടുത്തുമാണ് ജര്‍മന്‍ പന്തല്‍ നിര്‍മാണത്തിനുള്‍പ്പെടെയുള്ള മുന്തിയ ഇനം നിര്‍മാണ വസ്തുക്കള്‍ ഇറക്കിയത്. എന്നാല്‍ മാര്‍ച്ച് 13ന് ശേഷം ഒറ്റ പണി പോലും ചെയ്യാന്‍ സാധിച്ചിട്ടില്ല.
പോള്‍സണും സഹോദരന് ജോര്‍ജും ചേര്‍ന്നു നടത്തുന്ന സംരംഭത്തില്‍ അസാം, ഛത്തീസ്ഗട്ട് എന്നിവിടങ്ങളില്‍ നിന്നുള്ള 90 ഓളം തൊഴിലാളികളാണുള്ളത്. ഇവരില്‍ പകുതിയിലധികം പേര് തിരിച്ചു പോയെങ്കിലും മുപ്പതോളം പേര് പണിയൊന്നുമില്ലാതെ ഇപ്പോഴും ഇവര്‍ക്കൊപ്പമുണ്ട്. പന്തല്‍ പണിക്കാര്‍ക്കൊപ്പം വരുന്ന സ്റ്റേജ് ഡെക്കറേഷന് ജീവനക്കാരുടെ സ്ഥിതിയും ഭിന്നമല്ല.
ജോലികളൊന്നുമില്ലാതെ കുടുംബം തള്ളി നീക്കുന്ന പാവങ്ങളായ പണിക്കാര്‍ക്കു മുന്നില്‍ തുടര്‍ന്നുള്ള ജീവിതം ചോദ്യചിഹ്നമായി ശേഷിക്കുകയാണ്. ഇവരില്‍ പലര്‍ക്കും കുടുംബത്തിനൊപ്പം പണിക്കാരുടെ ചെലവും വഹിക്കണം. ലോണെടുത്ത പണം എങ്ങനെ തിരിച്ചടയ്ക്കുമെന്നുള്ള ആശങ്കയിലാണ് ഇവരോരുത്തരും. സര്‍ക്കാരിന്റെ വര്‍ക്കുകള്‍ നടത്തിയ വകയില്‍ തന്നെ ലക്ഷങ്ങള്‍ കിട്ടാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: