തിരുവനന്തപുരം:ശബരിമലയില്‍ മിഥുനമാസത്തിലെ മാസപൂജകള്‍ക്കായി ജൂണ്‍ 14 നട തുറക്കും. 14 മുതല്‍ 28 വരെ മാസപൂജയും ഉത്സവവും നടക്കും. 28ന് ആറാട്ട് നടക്കും.
നിലവില്‍ ശബരിമലയിലുള്ള വെര്‍ച്വല്‍ ക്യൂ സമ്പ്രദായത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. ഒരു മണിക്കൂറില്‍ 200 പേരെ വെര്‍ച്വല്‍ ക്യൂ വഴി അനുവദിക്കും. രാവിലെ നാലുമുതല്‍ ഉച്ചക്ക് ഒന്നുവരെയും വൈകിട്ട് നാലുമുതല്‍ രാത്രി 11 വരെയും ദര്‍ശനം അനുവദിക്കും. ആകെ 16 മണിക്കൂറായിരിക്കും ദര്‍ശനസമയം.
50 പേരെ മാത്രമേ ഒരുസമയം ക്ഷേത്രമുറ്റത്ത് പ്രവേശിപ്പിക്കുകയുള്ളൂ. അടുത്ത ക്യൂവില്‍ അടുത്ത 50 പേരെ പ്രവേശിപ്പിക്കും. ക്യൂവില്‍ സാമൂഹ്യ അകലം പാലിക്കാന്‍ കൃത്യമായ ക്രമീകരണം വട്ടം വരച്ച് രേഖപ്പെടുത്തും. 10 വയസിന് താഴെയുള്ളവര്‍ക്കും 65 വയസിനുമേലെയുള്ളവര്‍ക്കും രജിസ്ട്രേഷന് അനുവദിക്കില്ല.
പമ്പയിലും സന്നിധാനത്തും തെര്‍മല്‍ സ്കാനിംഗ് ഉണ്ടാകും. ഭക്തര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. കൈ സോപ്പുപയോഗിച്ച് കഴുകാനും സാനിറ്റൈസേഷനും സൗകര്യമുണ്ടാകും.വരുന്ന ഭക്തര്‍ക്ക് താമസസൗകര്യവുമുണ്ടാകില്ല.
കൊടിയേറ്റവും ആറാട്ടും ഇത്തവണ ചടങ്ങുകളായി മാത്രമാകും നടത്തുക. നെയ്യഭിഷേകത്തിന് സൗകര്യമുണ്ടാകും. എന്നാല്‍ തങ്ങള്‍ കൊണ്ടുവരുന്ന നെയ് തന്നെ അഭിഷേകം നടത്തി അതിന്റെ ആടിയശിഷ്ടം വേണമെന്ന് നിര്‍ബന്ധം ചെലുത്തരുത്. എന്നാല്‍ അഭിഷേകം നടത്തിയ നെയ്യ് നല്കാന് സൗകര്യമൊരുക്കും. പാളപാത്രത്തില്‍ ചൂടുകഞ്ഞി ഭക്തര്‍ക്ക് നല്‍കും.
കെ.എസ്.ആര്.ടി.സി ബസുകള്‍ വഴിയും സ്വകാര്യവാഹനങ്ങള്‍ ഉപയോഗിച്ചും വരാം. ഇത്തവണ പ്രത്യേക സാഹചര്യത്തില്‍ പമ്പ വരെ വാഹനങ്ങള്‍ വരാന്‍ യാത്രാനുമതിയുണ്ട്. പാര്‍ക്ക് ചെയ്യാനും സൗകര്യമുണ്ടാകും. മഴ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ വിലയിരുത്തി ആവശ്യമെങ്കില്‍ മാറ്റം വരുത്തും.
അഞ്ചുപേര്‍ വീതമുള്ള ടീമുകളായാണ് അനുവദിക്കുക. ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന ഭക്തര്‍ ശബരിമല ദര്‍ശനത്തിന് കേരളത്തിലേക്ക് വരാന്‍ ‘കോവിഡ്19 ജാഗ്രത’ പോര്‍ട്ടല്‍ വഴി പാസിന് രജിസ്റ്റര്‍ ചെയ്യണം. പേരും വിവരങ്ങള്‍ക്കുമൊപ്പം ശബരിമലയില്‍ വരുന്നവര്‍ വരുന്നതിന് രണ്ടുദിവസം മുമ്പെങ്കിലും ഐ.സി.എം.ആര് അംഗീകൃത ലാബിന്റെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണമെന്നത് നിര്‍ബന്ധമാണ്. സര്‍ട്ടിഫിക്കറ്റ് ഉള്ള ഇതര സംസ്ഥാന ഭക്തര്‍ക്കേ ശബരിമലയിലേക്ക് യാത്രാനുമതിക്ക് പാസ് നല്കൂം.
യാത്രയ്ക്ക് അത്യാവശ്യം ലഗേജ് മാത്രമേ ആകാവൂ. വരുന്നവര്‍ ആവശ്യമായ ചൂടുവെള്ളം, മെഡിക്കല്‍ സൗകര്യം എന്നിവയുണ്ടാകും. അപ്പവും അരവണയും ഓണ്‍ലൈനായി നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്കാവും വിതരണം ചെയ്യുക. നേരത്തെ പണമടച്ച് ബുക്ക് ചെയ്തവര്‍ക്ക് സന്നിധാനത്ത് നിന്ന് ഇവ ശേഖരിക്കാം.
ശബരിമലയിലേക്ക് വണ്ടിപ്പെരിയാര്‍ വഴി വന്നുള്ള ദര്‍ശനം അനുവദിക്കില്ല. ശബരിമലയില്‍ ശുചീകരണത്തില്‍ കേരളത്തില്‍നിന്നുള്ള തൊഴിലാളികളെ നിയോഗിക്കും. പൊതുസ്നാനഘട്ടങ്ങള്‍ ഉപയോഗിക്കാനാകാത്തതിനാല്‍ പമ്പാസ്നാനം ഇത്തവണ അനുവദിക്കില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: