ഒറ്റശേഖരമംഗലം: പ്രശാന്തിന്റെ കുടുംബത്തിന്റെ അടച്ചുറപ്പുള്ള ഒരു വീട് വേണമെന്ന സ്വപ്നത്തിന് സാക്ഷാത്കാരമാകുന്നു. ആര്യന്‍കോട് പഞ്ചായത്തില്‍ മൈലച്ചല് വാര്‍ഡിലാണ് പ്രശാന്തും കുടുംബവും ഇടിഞ്ഞു വീഴാറായ വീട്ടില്‍ താമസിച്ചിരുന്നത്. കുടുംബത്തിന്റെ ദുരവസ്ഥ ‘ജന്മഭൂമി’യില്‍ വാര്‍ത്തയായതോടെ സേവാഭാരതി പ്രവര്‍ത്തകര്‍ കുടുംബത്തിന് വീട് വച്ച് നല്കാന് തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന സെക്രട്ടറി കരമന ജയന് പുതിയ വീട് നിര്‍മിക്കുന്നതിനായി തറക്കല്ലിട്ടു. ആര്‍എസ്എസ് തിരുവനന്തപുരം ജില്ലാ സംഘചാലക് അരവിന്ദാക്ഷന്, ബിജെപി പാറശ്ശാല നിയോജക മണ്ഡലം പ്രസിഡന്റ് ഇഞ്ചിവിള അനില്‍, ജനറല്‍ സെക്രട്ടറി ആലത്തൂര്‍ പ്രസന്നന്, സേവാപ്രമുഖ് വിനോദ് ആനാവൂര്‍, യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് മൈലച്ചല് രാജേഷ്, ബിജെപി ആര്യങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഉന്നത്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന മേല്‍ക്കൂരക്കു കീഴില്‍ മഴവെള്ളം അകത്തു വീഴാതിരിക്കാന്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് മറച്ച വീട്ടിലാണ് പ്രശാന്തും കുടുംബവും കഴിഞ്ഞിരുന്നത്. മണ്ചുമര് മഴയില്‍ നനഞ്ഞ് അടര്‍ന്നുവീണ് തുടങ്ങിയ വീട്ടില്‍ രോഗികളായ നാലുപേര്‍ ജീവഭയം അടക്കി കഴിയുന്ന ദയനീയമായ കാഴ്ച ആരുടെയും കരളലിയിക്കുന്നതായിരുന്നു.
വാര്‍ഡ് മെമ്പറെയും ഗ്രാമപഞ്ചായത്ത് അധികൃതരെയും പല തവണ സമീപിച്ചിട്ടും അവഗണന തുടരുകയായിരുന്നു. മൈലച്ചല് പ്ലാക്കോട് കിഴക്കതില്‍ വീട്ടില്‍ ഹൃദയസംബന്ധമായ രോഗബാധിതനായ തങ്കപ്പന്‍നായരും ഭാര്യ ചന്ദ്രികയും നിത്യരോഗികളാണ്. ചന്ദ്രിക തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലിക്ക് പോകുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്.
മകന് പ്രശാന്ത് രണ്ടു വര്‍ഷം മുമ്പ് നടന്ന അപകടത്തില്‍ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് കിടപ്പിലായശേഷം ഇപ്പോഴും ചികിത്സയിലാണ്. ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു. സുമനസ്സുകളുടെ സഹായത്താലാണ് ചികിത്സയ്ക്കും അന്നന്നുള്ള അന്നത്തിനും ഈ കുടുംബം വഴി കണ്ടെത്തുന്നത്. പ്രശാന്തിന്റെ തൊണ്ണൂറ്റിയഞ്ച് വയസ്സുള്ള മാനസികരോഗിയായ മുത്തശ്ശിയടക്കം ഇടിഞ്ഞു വീഴാറായ ഈ വീട്ടിലാണ് താമസം.
വര്‍ഷങ്ങളായി ഭവനപദ്ധതി പ്രകാരം വീടു ലഭിക്കാനായി ഇവര്‍ ശ്രമം തുടങ്ങിയിട്ട്. ലിസ്റ്റില്‍ ആദ്യ അഞ്ചു പേരുകളില്‍ ഉണ്ടായിട്ടും തഴയപ്പെട്ടു. 2018ല്‍ തങ്ങളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി കളക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ല. 2020 മാര്‍ച്ചില്‍ മുഖ്യമന്ത്രിക്കും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും പരാതി നല്‍കുകയുണ്ടായെങ്കിലും അതിനും മറുപടിയുണ്ടായില്ല. സ്ഥലം വില്ലേജ് ഓഫീസര്‍ക്ക് നല്കിയ അപേക്ഷയിന്മേല് നേരിട്ട് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് തയാറാക്കി ആര്യങ്കോട് ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിച്ചെങ്കിലും ഒരു നടപടിയും നാളിതുവരെ സ്വീകരിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: