തിരുവനന്തപുരം: ശബരിമലയില്‍ പാത്രംവാങ്ങിയതില്‍ കോടികളുടെ അഴിമതി നടത്തിയ സംഭവത്തില്‍ മുന്‍ ബോര്‍ഡ് സെക്രട്ടറി വി എസ് ജയകുമാറിനെതിരേ വ്യക്തമായ തെളിവുകണ്ടെന്ന് അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട്. അഴിമതി അന്വേഷിച്ച മുന്‍ വിജിലന്‍സ് ട്രൈബ്യൂണല്‍ ചെറുന്നിയൂര്‍ പി. ശശിധരന് നായര്‍ ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ജയകുമാര്‍ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരിക്കെ 1.87 കോടി രൂപയുടെ പാത്രങ്ങള്‍ അനാവശ്യമായി വാങ്ങിക്കൂട്ടിയെന്നാണ് ആരോപണം. 2013-14 കാലയളവില്‍ മണ്ഡലമകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച പാത്രം ഇടപാടിലാണ് ക്രമക്കേട് നടന്നത്. കരുനാഗപ്പള്ളിയിലെയും തിരുവനന്തപുരത്തെയും ചില സ്ഥാപനങ്ങളുടെ പേരിലുള്ള ബില്‍ ഹാജരാക്കി തുക തട്ടിയെടുത്തുവെന്നാണ് ആരോപണം. ശബരിമലയില്‍ പാത്രംവാങ്ങിയതില്‍ കോടികളുടെ അഴിമതി നടത്തിയ സംഭവത്തില്‍ മുന്‍ ബോര്‍ഡ് സെക്രട്ടറി വി എസ് ജയകുമാറിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. മുന്‍ ദേവസ്വം മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ് ശിവകുമാര്‍ എംഎല്‍എയുടെ സഹോദരനാണ് ജയകുമാര്‍. ദേവസ്വം വിജിലന്‍സ് എസ്പി നടത്തിയ അന്വേഷണത്തില്‍ 1.87 കോടിയുടെ അഴിമതി ജയകുമാര്‍ നടത്തിയതായി കണ്ടെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവായ പ്രയാര്‍ ഗോപാലകൃഷ്ണന് പ്രസിഡന്റായ കാലത്താണ് ജയകുമാറിനെതിരെയുളള അഴിമതി പുറത്തുവന്നത്. തുടര്‍ന്നു വന്ന ബോര്‍ഡ് ഭരണസമിതിയാണ് അന്വേഷണത്തിനായി കമ്മിഷനെ നിയോഗിച്ചത്.
അന്വേഷണ റിപ്പോര്‍ട്ടിലെ പ്രധാനകണ്ടെത്തലുകള്‍- പാത്രങ്ങള്‍ കുന്നുകൂടി ഉപയോഗിക്കാതെ കിടക്കുമ്പോള്‍ പുതിയ പാത്രങ്ങള്‍ വീണ്ടും വാങ്ങിയതായി കാണിച്ച് കളവായ ബില്ലുകള്‍ ഹാജരാക്കിയാണ് അഴിമതി നടത്തിയത്. ഇതുവഴി അവിഹിത നേട്ടമുണ്ടാക്കുകയും ബോര്‍ഡിന് ഭീമമായ നഷ്ടമുണ്ടാക്കിയെന്നും കണ്ടെത്തി. ഓഡിറ്റ് സമയം ബന്ധപ്പെട്ട റെക്കോര്‍ഡുകള്‍ മറച്ചു വച്ചതായും അഴിമതിക്കാധാരമായ തെളിവുകള്‍ അടങ്ങിയ ഫയല്‍ നശിപ്പിച്ചെന്നുമുള്ള ആരോപണങ്ങള്‍ ശരിയെന്ന് കണ്ടെത്തി.
അന്വേഷണത്തില്‍ സഹകരിക്കാതെ പ്രതിക്ക് സഹായകമായ നിലപാടെടുത്ത ബോര്‍ഡിലെ ഓഡിറ്റ് വിഭാഗം ജോയിന്റ് ഡയറക്റ്റര്‍ സുദര്ശനന്, റിട്ട. ജോയിന്റ് ഡയറക്റ്റര്‍ വേലപ്പന് നായര്‍ക്കെതിരേ നടപടിക്കും ശുപാര്‍ശ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: