ന്യൂദല്‍ഹി: രാജ്യത്ത് ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം 2.11 ലക്ഷമായി. ഇതില്‍ 1,04,107പേര്‍ക്ക് രോഗം ഭേദമായി. 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം ഭേദമായത് 3804 പേര്‍ക്കാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 47.99 ശതമാനം. 1,06,737പേരാണ് ചികിത്സയിലുള്ളത് .
പരിശോധന ശേഷി ഐസിഎംആര്‍ വര്‍ധിപ്പിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 498 സര്‍ക്കാര്‍ ലാബുകളിലും, 212 സ്വകാര്യ ലാബുകളിലുമാണ് ഇപ്പോള്‍ കൊറോണ പരിശോധന സൗകര്യമുള്ളത്. ഇതുവരെ 42,42,718 സാമ്പിളുകള്‍ പരിശോധിച്ചു. 24 മണിക്കൂറിനിടെ 1,39,485 സാമ്പിളുകള്‍ പരിശോധിച്ചു.
ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ രോഗികളെ ചികിത്സിക്കാന്‍ താല്‍ക്കാലിക കൊറോണ ആശുപത്രികളും വേണ്ടിവരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗികളെ ചികിത്സിക്കാനാവശ്യമായ ആരോഗ്യപ്രവര്‍ത്തകരെ ഉറപ്പാക്കുമെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്ര
മുംബൈ മെട്രോപോളിറ്റന്‍ നഗരത്തിനുള്ളില്‍ മറ്റ് ജില്ലക്കാര്‍ക്കും യാത്രാനുമതി നല്കി മഹാരാഷ്ട്ര സര്‍ക്കാര്‍. എന്നാല്‍, കുടിയേറ്റ തൊഴിലാളികള്‍ക്കും സഞ്ചാരികള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല. മുംബൈ നഗരം, പ്രാന്തപ്രദേശങ്ങള്‍, താനെ, പാല്‍ഗഡ്, റായ്ഗഡ് ജില്ലയുടെ ചില ഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് മുംബൈ മെട്രോപൊളിറ്റന്‍ റീജിയണ്‍. 56,794 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഇവിടെ 1742 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടിരുന്നു.
ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള സംസ്ഥാനത്താകെ 74,860 പേര്‍ക്ക് കൊറോണ കണ്ടെത്തിയിട്ടുണ്ട്. 39,944 പേര് ഇപ്പോഴും ചികിത്സയിലുള്ള മഹാരാഷ്ട്രയില്‍ 32329 പേര് രോഗമുക്തി നേടി. 2587 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു.
ബംഗാള്‍
കൊല്‍ക്കത്ത പോലീസ് ട്രെയിനിങ് സ്കൂളിലെ(പിടിഎസ്) 40 പേര്‍ക്ക് ഇന്നലെ മാത്രം കൊറോണ കണ്ടെത്തി. കൊല്‍ക്കത്ത പോലീസില്‍ ഇത്രയധികം പേര്‍ക്ക് ഒറ്റ ദിവസം രോഗം കണ്ടെത്തുന്നത് ഇതാദ്യം. മുഴുവന്‍ പേരും ജാദവ്പൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുന്‍പ് 27 പേര്‍ക്ക് കൂടി പി
ടിഎസില്‍ കൊറോണ കണ്ടെത്തിയിരുന്നു. ഇതോടെ ഇവിടെ ആകെ രോഗികള്‍ 67 ആയി. വൈറസ് വ്യാപനത്തില്‍ രാജ്യത്ത് എട്ടാമതുള്ള ബംഗാളില്‍ ആകെ 6508 പേര്‍ക്കാണ് കൊറോണ കണ്ടെത്തിയത്. 2580 പേര് ഇവിടെ രോഗമുക്തരായി. 345 പേര് മരിച്ചു.
തമിഴ്നാട്
വൈറസ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി ഉയര്‍ന്നതോടെ മുഖ്യമന്ത്രിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കു കീഴിലുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളിലും കൊറോണ ചികിത്സ സൗജന്യമാക്കി തമിഴ്നാട്. ഇതുവരെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമായിരുന്നു കൊറോണ ചികിത്സ സൗജന്യം. ഇത് സ്വകാര്യ ആശുപത്രികളില്‍ കൂടി ലഭ്യമാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി ഉത്തരവിറക്കി.
25872 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊറോണ കണ്ടെത്തിയത്. 208 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ട തമിഴ്നാട്ടില്‍ 14316 പേര് ഇതുവരെ രോഗമുക്തരായിട്ടുണ്ട്.
ദല്‍ഹി
ദല്‍ഹിയില്‍ പുതിയ അഞ്ച് പ്രദേശങ്ങള്‍ കൂടി കണ്ടൈന്‍മെന്റ് സോണുകളുടെ പട്ടികയിലേക്ക്. ഇതോടെ രാജ്യതലസ്ഥാനത്തെ കണ്ടൈന്‍മെന്റ് സോണുകളുടെ എണ്ണം 163 ആയി.
കഴിഞ്ഞ ദിവസം 59 സോണുകള്‍ കണ്ടൈന്‍മെന്റ് പട്ടികയില്‍ നിന്ന് നീക്കിയിരുന്നു. 1513 പേര്‍ക്ക് ഇന്നലെ മാത്രം ദല്‍ഹിയില്‍ കൊറോണ കണ്ടെത്തി. ഇതോടെ ആകെ ബാധിതര്‍ 23645. 13497 പേര് ഇപ്പോഴും ചികിത്സയിലുള്ള ഇവിടെ 9542 പേര് രോഗമുക്തരായി. 606 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: