കോട്ടയം: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ജന്‍ധന്‍, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി, പ്രധാനമന്ത്രി മാതൃവന്ദന യോജന തുടങ്ങിയ പദ്ധതികള്‍ ദൂരെക്കാഴ്ചയുള്ള നടപടികളായിരുന്നുവെന്ന് കൊറോണക്കാലം ബോധ്യപ്പെടുത്തിയെന്ന് ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന ജോയിന്റ് ഡയറക്ടര്‍ ആര്. സഞ്ജയന്. കാശ്മീര്‍ പ്രശ്നം, മുത്തലാഖ്, പൗരത്വനിയമഭേദഗതി എന്നീ കാര്യങ്ങളിലൊക്കെ കേന്ദ്രസര്‍ക്കാര്‍ എടുത്ത ധീരമായ നടപടികള്‍, ചില കോണുകളില്‍ നിന്ന് എതിര്‍പ്പ് നേരിട്ടുവെങ്കിലും രാഷ്ട്രത്തെ ശക്തിപ്പെടുത്തുന്നവയായിരുന്നു. ഇവ കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളാണ്. ഭാരതീയവിചാരകേന്ദ്രം സംസ്ഥാനസമിതി യോഗം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം പരമ്പരാഗതമായിത്തന്നെ പൊതുജനാരോഗ്യം, വിദ്യാഭ്യാസം, സാമൂഹികസുരക്ഷ സംബന്ധിച്ച അവബോധം തുടങ്ങിയ കാര്യങ്ങളില്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലാണ്. കേരളത്തിന്റെ മുന്നേറ്റം തുടര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു.നിലവില്‍ കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന കേരളത്തിന് പ്രളയാനന്തര പുനര്‍നിര്‍മ്മാണം എന്ന പദ്ധതി ഇനിയും നടപ്പിലാക്കുവാന്‍ സാധിച്ചിട്ടില്ല. സമൂഹത്തില്‍ മനുഷ്യബന്ധങ്ങളില്‍ വന്‍മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. പുതിയ കാലത്തിന് അനുസരിച്ച് പുതിയ സമീപനങ്ങള്‍ ആവശ്യമാണ്. അതിന് പഠനവും വിശകലനവും നടത്താന്‍ കഴിയണം. നവീനങ്ങളായ ആശയങ്ങളെ കാലഘട്ടത്തിന് അനുയോജ്യമായ രീതിയില്‍ അവതരിപ്പിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയവിചാരകേന്ദ്രം സംസ്ഥാന പ്രസിഡന്റ് ഡോ. എം. മോഹന്‍ദാസ് അദ്ധ്യക്ഷനായി ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു സംഘടന സെക്രട്ടറി വി. മഹേഷ്, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, ജെ. മഹാദേവന്, ജി.കെ.സുരേഷ്ബാബു, ഡോ. രാജലക്ഷ്മി, ശ്രീധരന് പുതുമന തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: