അസമില്‍ ഭക്തിമുക്തിയുടെ സാന്ദ്രാനന്ദമായ പ്രചരണതപസ്യ പതിനഞ്ചാം ശതകത്തിലാണ് പൂര്‍വാധികം ശക്തിയാര്‍ജിച്ചത്. മഹാഗുരു ശങ്കരദേവന്റെ ദര്‍ശന സമീക്ഷയില്‍ മാധവദേവയെന്ന മഹോപാസകന്റെ അക്ഷീണമായ സപര്യ ഇതിന് ഊര്‍ജം പകരുകയായിരുന്നു. വിഷ്ണുഭക്തിയുടെ ആന്ദോളനങ്ങള്‍ സാമൂഹ്യ നവോത്ഥാനത്തിന്റെ അന്തരീക്ഷത്തില്‍ അലയടിക്കുകയായി. 1492 ല്‍ ലവിംപൂരിലെ കൊച്ചു ഗ്രാമത്തിലാണ് മാധവദേവയുടെ ജനനം. ആത്മീയ പ്രചാരത്തിനും സാമൂഹ്യ സേവനത്തി
നും ‘കേവലീയ’ എന്ന നിത്യബ്രഹ്മചാരികളുടെ സംഘരൂപീകരണം മാധവദേവയെ ശ്രദ്ധേയനാക്കി. ഗുരുവായ ശങ്കരദേവന്റെ ‘സത്ര’ത്തിന്റെ സൂത്രധാരനായി പ്രവര്‍ത്തിച്ച മാധവദേവ ചര്യാനുഷ്ഠാനങ്ങളുടെ ഒരു ക്രിയാപദ്ധതി തന്നെ ആവിഷ്കരിക്കുകയായിരുന്നു. മനസ്സും ശരീരവും ബുദ്ധിയും ചേര്‍ന്ന് സാധനാനുഷ്ഠാനത്തിലൂടെയുള്ള പുതിയൊരു ജീവിതക്രമമായിരുന്നു അത്. ഗുരുസമാധിക്കു ശേഷം സത്രത്തിന്റെ പരമാചാര്യപദവി വഹിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ പലതും ചോദ്യം ചെയ്യപ്പെട്ട അവസരത്തിലാണ് ‘മഹാപുരുഷീയ പ്രസ്ഥാനം’ ക്ഷയിക്കാന്‍ തുടങ്ങിയത്.
പുരാണസത്യങ്ങളുടെ വിചിന്തനങ്ങള്‍ക്ക് നവവ്യാഖ്യാനമേകുന്ന ‘ജന്മരഹസ്യം’ എന്ന മഹാദേവയുടെ ആദ്യകാവ്യം തന്നെ ഏറെ ചര്‍ച്ചാ വിധേയമായി. ‘കാന്തിമാല’, ‘രാമായണം ആദികാണ്ഡം’, ‘രാജസൂയം’, ‘ഭക്തിരത്നാമാവലി’യുടെ അസമീസ് തര്‍ജമ, കൃഷ്ണാലീലാവിഷ്കാരമായ ‘കോര്ധാര’, ‘ഭൂമിലുടുവ’ എന്നീ രചനകള്‍ മാധവദേവയുടെ ഉജ്വലമായ പ്രതിഭായത്നങ്ങളാണ്. പ്രകൃഷ്ടരചനയായ ‘നാമഘോഷ’ യെന്ന ‘ഹജാരി ഘോഷ’ യോഗാത്മക കാവ്യങ്ങള്ക്കിടയില് സമുന്നദ പദവിയര്ഹിക്കുന്നു. സഹസ്രപദങ്ങളുടെ സാരസംഗ്രഹമായ കൃതി അതീതങ്ങളുടെ അമേയാനുഭൂതിയാണ് വിടര്‍ത്തുന്നത്. ബാര്‍പേട്ട്, ഗുണകുച്ചി, സുന്ദരിദിയ എന്നീ പ്രദേശങ്ങളിലെ സത്രങ്ങളില്‍ മാറി മാറി ജീവിച്ചു വന്ന മാധവദേവ രാജാരഘുദേവന്റെ അനിഷ്ടത്തിന് പാത്രമായി. തുടര്‍ന്ന് ശത്രുക്കള്‍ ഗുരുവിനെ പ്രതിരോധിക്കുകയായിരുന്നു. ഒടുക്കം രാജാ ലക്ഷ്മീനാരായണ കൂച്ച്ബീഹാറിലേക്ക് മാധവദേവയെ സ്വാഗതം ചെയ്തു. അവിടെ ദേവു ദുവാര്‍ ഗ്രാമത്തിലെ സ്വന്തം സത്രത്തിലാണ് ഗുരു ശിഷ്ട ജീവിതം നയിച്ചത്. രാജാവും കുടുംബവും വൈഷ്ണവമതം സ്വീകരിച്ചതോടെ ഗുരുവിന് പിന്നില്‍ അനുയായികളും ആരാധകരും അണിനിരന്നു. വൈഷ്ണവനവോത്ഥാനത്തിന്റെ നല്ല നാളുകളില്‍ മാധവദേവ നല്കിയ നേതൃത്വവും പ്രദര്‍ശിപ്പിച്ച ആത്മീയ സംസ്കൃതിയും തുടര്‍ന്നുള്ള നവോത്ഥാന ദശയുടെ കര്‍മരംഗത്ത് മാതൃകയായി.
സ്ത്രീശക്തിയെ ആത്മീയശക്തിയാക്കി പരിവര്‍ത്തനം ചെയ്യാനുള്ള മാധവദേവയുടെ ആഹ്വാനം വനിതാ ശാക്തീകരണത്തിന് വഴിയൊരുക്കി. ശങ്കരദേവയുടെ പൗത്രിയും കവിയുമായ കനകലത സത്രത്തിന്റെ പ്രഥമാചാര്യയായാണ് പ്രവര്‍ത്തിച്ചത്. വ്യക്തി വികാസവും സമൂഹത്തിന്റെ അഭ്യുന്നതിയും വൈഷ്ണവസാരസന്ദേശത്തിലൂടെ സാക്ഷാത്കരിക്കുകയായിരുന്നു ഗുരു. മാധവദേവ ഉണര്‍ത്തിയെടുത്ത മനുഷ്യപുനഃസൃഷ്ടിയും മാനവസേവയും നവോത്ഥാനത്തിന്റെ ബീജമന്ത്രമായി നവയുഗം മാറോടണയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: