തിരുവനന്തപുരം : വെര്‍ചല്‍ ക്യൂ ആപ്പായ ബെവ്ക്യൂവിന്റെ സാങ്കേതിക തകരാര്‍ മൂലം മദ്യ വില്‍പ്പന ആരംഭിച്ച ഇന്നു തന്നെ വില്‍പ്പന താറുമാറായി. ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഒടിപി ലഭിക്കുന്നില്ലെന്നതാണ് സാങ്കേതിക തകരാര്‍. ഇതോടെ നാളത്തേയ്ക്കുള്ള ബുക്കിങ്ങുകളും വൈകിയേക്കും.
ഇതോടെ ഫെയര്‍കോഡ് ഒടിപി സേവന ദേതാക്കളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. ആപ്പ് നിലവില്‍ വന്നതോടെ ആളുകള്‍ ഒരുമിച്ച് ബുക്ക് ചെയ്യാന്‍ തുടങ്ങിയതോടെ ആപ്പ് ഹാങ് ആവുകയും പ്രശ്നങ്ങള്‍ ഉണ്ടാവുകയും ആയിരുന്നു. നിലവില്‍ ഒരു കമ്പനി മാത്രമാണ് ഒടിപി സേവനം നല്‍കുന്നത്.
ബുക്ക് ചെയ്യുന്ന എല്ലാവര്ക്കും ഒടിപി നല്‍കുകയും വേണം. കൂടുതല്‍ ആളുകള്‍ ഒരേസമയം ബുക്ക് ചെയ്യുമ്പോള്‍ ഒടിപി വരുന്നതിന്റെ എണ്ണം കുറഞ്ഞതാണ് പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ പ്രധാന കാരണം. ഒരു തവണ ബുക്ക് ചെയ്ത ആള് ഒടിപിക്കായി വീണ്ടും ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍.
ഇങ്ങനെവരുമ്പോള്‍ ഒരാള്‍ക്കു തന്നെ ഒന്നിലധികം ഒടിപി നല്‍കേണ്ടി വരുന്നു. ഒടിപി കൂടുതല്‍ ഉല്പാദിപ്പിക്കാന് കഴിഞ്ഞെങ്കിലേ പ്രശ്നം പരിഹരിക്കാനാകൂ. അതിനാള് രണ്ടു കമ്പനികളെ കൂടി ഒടിപി സേവനത്തിനായി ഫെയര്‍കോഡ് സമീപിച്ചിട്ടുണ്ട്. ഒരേ സമയം മൂന്നു കമ്പനികളുടെ ഒടിപി സേവനം ലഭ്യമാക്കി പ്രശ്നം പരിഹരിക്കാനാകുമെന്നാണ് ഫെയര്‍കോഡ് പ്രതീക്ഷിക്കുന്നത്.
കമ്പനികളുടെ കാര്യത്തില്‍ തീരുമാനമായാല്‍ നാലു മണിക്കൂറിനുള്ളില്‍ പ്രശ്നം പരിഹരിച്ച് സാധാരണ നിലയില്‍ ആപ് ഉപയോഗിക്കാനാകും. അതേസമയം പല സ്ഥലങ്ങളിലും ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യാന്‍ ആകുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ബെവ് ക്യൂ ആപ്പിന്റെ പോരായ്മകള്‍ പരിഹരിക്കുമെന്ന് ബവ്കോ എംഡി സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: