ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിതയുടെ സ്വത്തിന്റെ അവകാശികളെ പ്രഖ്യാപിച്ച് മദ്രാസ് ഹൈക്കോടതി. പെയ്സ് ഗാർഡനിലെ ജയലളിതയുടെ വസതിയായ വേദനിലയത്തിന്റെ ഒരു ഭാഗം സ്മാരകമാക്കാനും ബാക്കി ഭാഗം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കാനും ഹൈക്കോടതി നിർദേശിച്ചു.
ജസ്റ്റിസ് എന്‍ കൃപാകരന്‍, ജസ്റ്റിസ് അബ്ദുല്‍ ഖുദ്ദോസ് എനനിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ജയലളിതയുടെ അനന്തരവൾ ജെ ദീപയെയും അനന്തരവന് ജെ ദീപക്കിനെയും എല്ലാ സ്വത്തുക്കളുടെയും നിയമപരമായ അവകാശികളായി പ്രഖ്യാപിച്ചത്. അനന്തരാവകാശികളുടെ അനുമതിയോടെ മാത്രമേ വേദ നിലയത്തെ ഔദ്യോഗിക വസതിയാക്കി ഏറ്റെടുക്കാനാവൂ.
ജയലളിതയുടെ സ്വത്തുക്കളുടെ ഒരു ഭാഗം പൊതുജനക്ഷേമത്തിനായി വിട്ടുകൊടുക്കുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്ന് ദീപയും ദീപക്കും കോടതിയെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ വേദനിലയം താത്ക്കാലികമായി കൈവശപ്പെടുത്താനുള്ള ഓര്‍ഡിനന്‍സ് പ്രഖ്യാപിച്ചിരുന്നു. വേദ നിലയത്തെ സ്മാരകമായി മാറ്റുന്നതിനുള്ള ദീര്‍ഘകാല ക്രമീകരണങ്ങള്‍ക്കായി പുരട്ച്ചി തലൈവി ഡോ. ജെ. ജയലളിത മെമ്മോറിയല്‍ ഫൗണ്ടേഷന് സ്ഥാപിക്കാനും ഓര്‍ഡിനന്‍സിലൂടെ ഉദ്ദേശിച്ചിരുന്നു. ഇതിന് തിരിച്ചടിയായി ഹൈക്കോടതി വിധി.
ജയലളിതയുടെ സ്വത്തിന്റെ യഥാർഥ അവകാശികൾ തങ്ങളാണെന്ന് ചൂണ്ടിക്കാട്ടി ജയലളിതയുടെ സഹോദര മക്കളായ ദീപ ജയകുമാറും ദീപകും രണ്ട് വർഷം മുമ്പാണ് ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: