കോട്ടയം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര ഭൂമികള്‍ ദേവഹരിതം പദ്ധതിയുടെ മറവില്‍ പാട്ടത്തിന് നല്‍കാനും ക്ഷേത്രത്തില്‍ വഴിപാടായി ലഭിക്കുന്ന സ്വര്‍ണവും വിളക്കും ഓട്ടുപാത്രങ്ങളും വിറ്റഴിക്കാനും, ക്ഷേത്രങ്ങളിലെ സപ്താഹവും, നവാഹവും നിരോധിക്കാനും തീരുമാനിച്ച ദേവസ്വം ബോര്‍ഡ് ഉത്തരവുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു ഹിന്ദു ഐക്യവേദി പ്രക്ഷോഭത്തിന്. ഇതിന്റെ ഭാഗമായി 27ന് രാവിലെ 11ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും തിരുവനന്തപുരം മുതല്‍ എറണാകുളംവരെയുള്ള ദേവസ്വം അസി. കമ്മീഷണര്‍ ഓഫീസിനു മുമ്പിലും ഭക്തജന ധര്‍ണ നടത്തും.
ലോക് ഡൗണ്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചയായിരിക്കും പ്രക്ഷോഭമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു അറിയിച്ചു.ഉപദേശകസമിതികള്‍, ഭക്തജന സംഘടനകള്‍ എന്നിവരുമായി കൂടിയാലോചന നടത്താതെയാണ് ഭരണകക്ഷിയിലെ രാഷ്ട്രീയ മേലാളന്മാരുടെ ആജ്ഞ അനുസരിച്ച് ദേവസ്വംബോര്‍ഡ് തീരുമാനം കൈക്കൊള്ളുന്നത്.
ലോക്ഡൗണ്‍ മറയാക്കി ദേവസ്വം സ്വത്തുക്കള്‍ വിറ്റഴിക്കാനും, ദേവസ്വം ഭൂമി കൃഷിയ്ക്കായി പാട്ടത്തിനു നല്‍കാനുമുള്ള തീരുമാനത്തിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: