പേരാമ്പ്ര: ചീഫ് സെക്രട്ടറി ചെയര്‍മാനായ സംസ്ഥാന ഏകജാലക ബോര്‍ഡ് ബുധനാഴ്ച നടത്തിയ ഹിയറിംഗില്‍ ചെങ്ങോടുമല കരിങ്കല്‍ ഖനനവുമായി ബന്ധപ്പെട്ട അജണ്ട മാറ്റി വെച്ചു. ഖനനത്തിന് പാരിസ്ഥിതികാനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് അജണ്ട മാറ്റിയത്. ക്വാറി കമ്പനി സമര്‍പ്പിച്ച പാരിസ്ഥിതികാഘാത റിപ്പോര്‍ട്ട് വിശകലനം ചെയ്തില്ലെന്ന് കാണിച്ച് സംസ്ഥാന പാരിസ്ഥിതികാഘാത സമിതി മെമ്പര്‍ സെക്രട്ടറി ഉഷ ടൈറ്റസ് നല്കിയ കത്തിനെ തുടര്‍ന്നാണ് അജണ്ട മാറ്റിവെച്ചതെന്ന് കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജീവന് അറിയിപ്പ് ലഭിച്ചു.
സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ പറഞ്ഞെങ്കിലും അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് യോഗത്തില്‍ പങ്കെടുത്തത്. ഡിആന്റ്ഒ ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് സാധാരണ നിലയില്‍ ഏകജാലക ബോര്‍ഡ് ഇടപെടുക. എന്നാല്‍ ചെങ്ങോടുമലയുടെ വിഷയത്തില്‍ പാരിസ്ഥിതികാനുമതി ലഭിക്കാതെ തന്നെ ഏകജാലക ബോര്‍ഡ് ഹിയറിംഗ് വിളിക്കുകയായിരുന്നു. നേരത്തെ മൂന്ന് തവണ ബോര്‍ഡ് ചെങ്ങോടുമല ക്വാറിവിഷയത്തില് അനധികൃതമായി ഇടപെട്ടിരുന്നു.
ഹിയറിംഗ് മാറ്റിയതോടെ നാലാം വാര്‍ഡ് ആക്ഷന്‍ കൗണ്‍സില്‍ കോട്ടൂര്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടത്തിവന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. ഇന്നലെ വൈകീട്ട് ചെങ്ങോടുമല ആദിവാസി ഊരുകൂട്ടം മൂപ്പന് പി.സി. കുഞ്ഞിരാമന് നാരങ്ങ നീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. സമരസമിതി കണ്‍വീനര്‍ ദിലീഷ് കൂട്ടാലിട, വൈസ് ചെയര്മാന് കെ. രാജേഷ് എന്നിവര്‍ സംസാരിച്ചു. ഒന്‍പതാം തരം വിദ്യാര്‍ത്ഥി പുവ്വത്തും ചോലയില്‍ കൃഷ്ണേന്ദു, ചെങ്ങോടുമ്മല്‍ ഗീത, പുവ്വത്തും ചോലയില്‍ വജില, സഗിജ മൂലാട്, സി. സത്യന്, സി. ചെക്കിണി എന്നിവരാണ് ഇന്നലെ സത്യഗ്രഹമിരുന്നത്.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി, യുവമോര്‍ച്ച നേതാക്കള്‍ ഇന്നലെയും സമരപന്തല്‍ സന്ദര്‍ശിച്ചു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്. പ്രഫുല്‍ കൃഷ്ണന്, ജയപ്രകാശ് കായണ്ണ, മണ്ഡലം പ്രസിഡണ്ട് ബബീഷ് ഉണ്ണികുളം, കിഷോര്‍ വാകയാട്, പൊന്നൂര് ഉണ്ണികൃഷ്ണന്, നിഖില്‍, ലിബിന് ബാലുശ്ശേരി, ഷാജു ശ്രീജിത്ത്, അരുണ്‍ എന്നിവരാണ് പന്തലിലെത്തിയത്. എം.കെ. രാഘവന് എംപി, ആര്‍എംപി ജില്ലാ സെക്രട്ടറി കെ.പി. പ്രകാശന്, എന്നിവരും സമരപന്തലിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: