ന്യൂദല്‍ഹി: ചുവപ്പ്, ഓറഞ്ച്, പച്ച മേഖലകൾ വേർതിരിക്കാൻ പുതിയ മാർഗരേഖ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ജില്ലകളെ വിവിധ മേഖലകളായി തരംതിരിക്കുമ്പോൾ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ചാണ് മാർഗ രേഖയിൽ വ്യക്തമാക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ മേഖലകൾ തിരിക്കുമ്പോൾ ഈ പുതിയ മാർഗരേഖ ബാധകമാകും.
രോഗബാധിതർ, രോഗബാധിതർ ഇരട്ടിയാകുന്നതിന്റെ നിരക്ക്, ലക്ഷം പേരിൽ എത്ര പേർക്കു രോഗം, മരണനിരക്ക്, പരിശോധന അനുപാതം, രോഗസ്ഥിരീകരണ നിരക്ക് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് മേഖലകൾ നിശ്ചയിക്കുന്നത്.
200 സജീവ കേസുകളാണ് റെഡ് സോണില്‍ ഉള്‍പ്പെടുത്താനുള്ള മാനദണ്ഡം. എന്നാല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലോ, അവസാനത്തെ 21 ദിവസത്തില്‍ പുതിയ കേസുകളില്ലെങ്കിലോ ഗ്രീന്‍ സോണില്‍ ഉള്‍പ്പെടും. ഒരുലക്ഷം ജനസംഖ്യയില്‍ 15ല്‍ കൂടുതല്‍ സജീവ കേസുകളുണ്ടെങ്കിലും റെഡ് സോണില്‍ ഉള്‍പ്പെടുത്തും.
രോഗബാധിതര്‍ ഇരട്ടിയാകുന്നതിലെ നിരക്ക് 14 ദിവസത്തില്‍ കുറവാണെങ്കില്‍ ജില്ല റെഡ് സോണാകും. ഗ്രീന്‍ സോണില്‍ ഇത് 28 ദിവസത്തില്‍ അധികമാകണം. മരണനിരക്ക് ആറ് ശതമാനത്തില്‍ കൂടിയാല്‍ റെഡും, ഒരു ശതമാനത്തില്‍ കുറഞ്ഞാല്‍ ഗ്രീനുമാകും. പരിശോധന അനുപാതം 65ല്‍ കുറഞ്ഞാല്‍ റെഡ് സോണാകും. ഗ്രീനില്‍ ഉള്‍പ്പെടാന്‍ ഇത് 200ല്‍ അധികമാകണം.
രോഗസ്ഥിരീകരണ നിരക്ക് ആറ് ശതമാനത്തിലധികമായാല്‍ ചുവപ്പ് മേഖലയിലാണ്. പച്ചയില്‍ ഇത് രണ്ട് ശതമാനത്തില്‍ താഴെയാകണം. ഓരോ പ്രദേശത്തെയും സാഹചര്യം വിലയിരുത്തി ജില്ലകളെയും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളെയും റെഡ്, ഓറഞ്ച്, ഗ്രീന്‍ മേഖലകള്‍ തരംതിരിക്കണം. സബ് ഡിവിഷന്, വാര്‍ഡ് തലങ്ങളിലും തിരിക്കാം.
കണ്ടെയ്നർ, ബഫർ സോണുകൾ തിരിച്ചറിയാനും അതിർത്തി നിർണയിക്കാനുമുള്ള അധികാരം ജില്ലാ ഭരണകൂടത്തിനാണ് നൽകിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ പ്രദേശത്തെയും കണ്ടെയിൻമെന്റ് മേഖലകൾ, ബഫർ മേഖലകൾ എന്നിവയും അടയാളപ്പെടുത്തണം. മാത്രമല്ല, കണ്ടെയിൻമെന്റ് മേഖലകളിൽ വൈറസ് പ്രതിരോധ പദ്ധതികൾ കർശനമായി നടപ്പാക്കണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: