തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രൂപമെടുത്തത് ഒരു ഡസന്‍ ചുഴലിക്കാറ്റുകള്‍. 2016 മുതല്‍ ഇതുവരെ റൊവാനു, നാഡ, വര്‍ധ, മാരുഥ, മോറ, ഓഖി, ദായെ, തിത്ളി, ഗജ, പെതായി, ബുള്‍ബുള്‍ അവസാനം ഉം പുന് എന്നീ ചുഴലിക്കാറ്റുകളാണ് ബംഗാള്‍ ഉള്‍ക്കടലില്‍ വെച്ച് രൂപകൊണ്ടത്. ഇത് കൂടാതെ 20ല്‍ അധികം ന്യൂനമര്‍ദങ്ങളും മറ്റിടങ്ങളില്‍ നിന്ന് മേഖലയിലേക്ക് എത്തിയ രണ്ട് ചുഴലിക്കാറ്റുകളും ഉള്‍പ്പെടും. അതേ സമയം മേഖലയിലുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് 1999 ഒക്ടോബര്‍ 26ന് രൂപമെടുത്ത ഒഡീഷ ചുഴലിക്കാറ്റാണ്.
260 കിലോ മീറ്റര്‍ വേഗത്തിലാണ് അന്ന് ഒഡീഷയില്‍ കാറ്റടിച്ചത്. ഇന്ത്യയില്‍ മാത്രം ഏതാണ്ട് 10,000 പേര് മരിച്ച കാറ്റില്‍ മൊത്തം 30,000 പേര്‍ക്ക് ജീവന് നഷ്ടമായി. കാറ്റിന്റെ വേഗത്തില്‍ ഇതേ ഗണത്തില്‍ വരുന്ന ഈ നൂറ്റാണ്ടിലെ ആദ്യ സൂപ്പര്‍ സൈക്ലോണ്‍ ആണ് ഉം പുന്. മറ്റ് ചുഴലിക്കാറ്റുകള്‍ വിശദമായി താഴെ പറയുന്നു.
2016 മെയ് 19ന് ഉണ്ടായ റൊവാനു ചുഴലിക്കാറ്റില്‍ ശ്രീലങ്ക, ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങള്‍, ബംഗ്ലാദേശ്, മ്യാന്മര് എന്നിവിടങ്ങളില്‍ 2.03 ബില്യണ്‍ ഡോളറിന്റെ നാശമുണ്ടാക്കി. നവംബര്‍ 30ന് ഉണ്ടായ നാഡ ചുഴലിക്കാറ്റ് ശ്രീലങ്കയിലും തമിഴ്നാട്ടിലും വലിയ നാശം വിതച്ചു. പിന്നാലെ ഡിസംബര്‍ 8ന് ഉണ്ടായ വര്‍ധ ചുഴലിക്കാറ്റ് ചെന്നൈ, തായ്ലന്റ്, മലേഷ്യ, ശ്രീലങ്ക, ആന്‍ഡമാന്‍, സുമാത്ര എന്നിവിടങ്ങളിലായി 3.37 ബില്യണ്‍ ഡോളറിന്റെ നഷ്ടം വരുത്തിയാണ് കടന്ന് പോയത്.
2017 ഏപ്രില്‍ 15ന് ഉണ്ടായ മാരുഥ ചുഴലിക്കാറ്റ് മ്യാന്മര്, ആന്‍ഡമാന്‍, തായ്ലന്റ് മേഖലകളില്‍ വലിയ നാശമുണ്ടാക്കി. മെയ് 29ന് ഉണ്ടായ മോറ ചുഴലിക്കാറ്റ് ശ്രീലങ്ക, ആന്‍ഡമാന്‍, കിഴക്കന്‍ ഇന്ത്യ, ബംഗ്ലാദേശ്, മ്യാന്മാര്, ഭൂട്ടാന്, ടിബറ്റ് എന്നിവിടങ്ങളിലായി 300 മില്യൺ ഡോളറിന്റെ നാശമുണ്ടാക്കി. നവംബര്‍ 30ന് ഉണ്ടായ അതി തീവ്ര ചുഴലിക്കാറ്റായ ഓഖി ശ്രീലങ്ക, ഇന്ത്യ, മാലിദ്വീപ് മേഖലകളിലായി 318 പേരുടെ ജീവന് കവര്‍ന്നു. 920 മില്യണ്‍ ഡോളറിന്റെ നാശവുമുണ്ടായി.
2018 സെപ്തംബര്‍ 21ന് രൂപമെടുത്ത ദായെ ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ്, ഒഡീഷ മേഖലകളില്‍ വലിയ നാശം വിതച്ചിരുന്നു. പിന്നാലെ ഒക്ടോബര്‍ 9ന് രൂപപ്പെട്ട തിത്ലി ചുഴലിക്കാറ്റും ആന്ധ്രാപ്രദേശില്‍ വലിയ നാശം വിതച്ചു. 920 മില്യണ്‍ ഡോളറിന്റെ നാശമുണ്ടായി, 85 പേര് അന്ന് മരിച്ചു. നവംബര്‍ 12ന് ഉണ്ടായ ഗജ ചുഴലിക്കാറ്റ് ആന്‍ഡമാന്‍, തമിഴ്നാട്, ശ്രീലങ്ക മേഖലകളില്‍ വന്‍ നാശമുണ്ടാക്കി. 52 പേര് മരിച്ച കാറ്റില്‍ 775 മില്യണ്‍ ഡോളറിന്റെ നഷ്ടവുമുണ്ടായി. പിന്നാലെ ഡിസംബര്‍ 15ന് രൂപപ്പെട്ട പെതായി എന്ന ചുഴലിക്കാറ്റില്‍ 100 മില്യണ്‍ കോടിയുടെ നഷ്ടമാണ് ഇന്ത്യയുടെ കിഴക്കന്‍- വടക്ക് കിഴക്കന്‍ മേഖലയില്‍ കാറ്റുണ്ടാക്കിയത്.
2019 നവംബര്‍ ആറിന് രൂപപ്പെട്ട ബുള്‍ബുള്‍ ബംഗാള്‍ തീരത്ത് വലിയ നാശം വിതച്ചിരുന്നു. ഇതേ വര്‍ഷം ഏപ്രില്‍ 28ന് സുമാത്രയുടെ പടിഞ്ഞാറ് രൂപമെടുത്ത ഫാനി ചുഴലിക്കാറ്റും ഒഡീഷയില്‍ നാശം വിതച്ചാണ് കടന്ന് പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: