ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ അഞ്ചു ഘട്ട പ്രഖ്യാപനങ്ങളുടെ സവിശേഷതകള്‍ വിശദീകരിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്
- കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ രാജ്യത്ത് സാമ്പത്തിക മേഖലയില്‍ എന്തൊക്കെയാണ് സംഭവിച്ചത്? പുതിയ പാക്കേജിനായി എന്തൊക്കെ വിഷയങ്ങളാണ് തെരഞ്ഞെടുത്തത്?
ഉ: ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ സാധാരണ ജനങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും പുതിയ പദ്ധതികള്‍ കൊണ്ടുവരിക എന്നതായിരുന്നു ആദ്യ വെല്ലുവിളി. അതുകൊണ്ടാണ് പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കം വേണ്ടി ഭക്ഷ്യധാന്യങ്ങള്‍ ശേഖരിക്കുന്നതിനായി ആദ്യ പ്രഖ്യാപനം ഉണ്ടായത്. ഇവര്‍ക്ക് പണവും ധാന്യങ്ങളും പാചകവാതകവുമടക്കമുള്ളവ എത്തിച്ചു നല്‍കാനായിരുന്നു ആദ്യ പരിഗണന. അങ്ങനെയാണ് ‘ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് ‘ രൂപപ്പെട്ടത്. ഇതിനു പിന്നാലെ രാജ്യത്തെ സംസ്ഥാന സര്‍ക്കാരുകളും പ്രാദേശിക ഭരണകൂടങ്ങളും വിവിധ സാമൂഹിക വ്യാവസായിക സംഘടനകളും പ്രധാനമന്ത്രിയുടെ ഓഫീസ്, ധനമന്ത്രിയുടെ ഓഫീസ് എന്നിവയുമായി ബന്ധപ്പെട്ട് നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചു. ഇത് പരിഗണിച്ചാണ് ബൃഹത്ത് സാമ്പത്തിക പാക്കേജ് എന്ന ആശയം രൂപപ്പെട്ടത്.
- നേരിട്ട് ജനങ്ങളിലേക്ക് പണം എത്തിക്കാനായി നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നപ്പോഴും താങ്കള്‍ അവകാശവും ശാക്തീകരണവും സംബന്ധിച്ച് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ ചിന്തിച്ചത്?
ഉ: ഒരു പരിധി വരെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയിലൂടെ ജനങ്ങളിലേക്ക് നേരിട്ട് പണം എത്തിക്കുകയാണ് ചെയ്തത്. ബാങ്കുകളിലൂടെ സാധാരണ ജനങ്ങള്‍ക്ക് മാസം 500 രൂപ വീതം മൂന്നു മാസങ്ങളിലായി 1500 രൂപ ഓരോരുത്തര്‍ക്കും നല്കി. ഇത് മതിയാകില്ലെന്നറിയാം. എന്നാല്‍ ഈ തുക അത്യാവശ്യത്തിന് ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കുന്നതിനായാണ് സര്‍ക്കാര്‍ നല്‍കിയത്. ഇതിനു പിന്നാലെ നിരവധി മേഖലകളില്‍ നിന്നും പുതിയ ആവശ്യങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ആവശ്യകത വര്‍ധിപ്പിക്കുക എന്നതാണ് അടുത്ത ഘട്ടത്തില്‍ ചെയ്യേണ്ടിയിരുന്നത്. ഇതിനായി ചെറുകിട മേഖലക്കുള്‍പ്പെടെ ടേം ലോണുകള്‍ അനുവദിച്ച് അധിക പ്രവര്‍ത്തന മൂലധനം നല്‍കേണ്ടതുണ്ട്. ഈ തുക ബാങ്കുകളിലൂടെ നല്‍കുന്നുണ്ടെങ്കിലും ഇത് ചിലവഴിക്കപ്പെടുന്നത് സാധനങ്ങള്‍ വാങ്ങാനാണ്. ഇതോടെ വിപണിയിലെ ആവശ്യകത വര്‍ധിക്കും. കൂടാതെ ബാങ്കിംങ്ങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലൂടെയും വിവിധ പാക്കേജുകള്‍ നടപ്പാക്കുന്നുണ്ട്. ചെറുകിട ഇടത്തരം വ്യവസായശാലകള്‍ക്കുള്‍പ്പെടെ ഈ തുക ലഭിക്കും. ഇത് സാധാരണ ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരവും പിന്നാലെ സാമ്പത്തികവും നല്‍കും.
- ഈ തീരുമാനങ്ങള്‍ മതിയാകുമോ? ചില ബാങ്കുകളെങ്കിലും വായ്പകള്‍ നല്കുന്നതില് വിമുഖത കാണിക്കുന്നില്ല? കൂടാതെ ഇവ ആര്‍ബിഐയുടെ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കുന്നില്ലേ?
ഉ: എനിക്ക് ബാങ്കുകളെ കുറ്റപ്പെടുത്താന്‍ കഴിയില്ല. ഒരു മീറ്റിംഗില്‍ ഞാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു, റിവേഴ്സ് റിപ്പോയായി നിങ്ങള്‍ പണം സൂക്ഷിക്കേണ്ടി വരുമെന്ന്. വൈകാതെ ഈ പണം ചിലവഴിക്കേണ്ടി വരുമെന്നും അന്ന് അറിയിച്ചു. ലോക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ ഈ പണം വായ്പകളായി ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകും.
- പുതിയ പാക്കേജ് തയ്യാറാക്കുന്നതിന് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ എന്തെല്ലാം തടസ്സങ്ങളാണ് നേരിട്ടത്?
ഉ: ഇത് മനസ്സിലാക്കുന്നതിന് വലിയ പ്രയാസമില്ല. ലോക്ഡൗണ്‍ മൂലവും മറ്റ് തടസ്സങ്ങളാലും വരുമാനം കുത്തനെ ഇടിയുകയാണ്. പുതിയ വ്യവസായങ്ങള്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നതിനിടെയാണ് പെട്ടന്ന് ഇത് സംഭവിക്കുന്നത്. അങ്ങനെയാണ് സംരംഭങ്ങള്‍ക്ക് വേണ്ടി കൂടിയാലോചന നടത്തി പുതിയ പാക്കേജിന് രൂപം നല്‍കുന്നത്.
- വ്യോമ ഗതാഗതം, ടൂറിസം തുടങ്ങിയ മേഖലകള്‍ സമ്പൂര്‍ണ തകര്‍ച്ച നേരിടുകയാണല്ലോ. ഇവയേ പരിഗണിച്ചിട്ടുണ്ടോ.?
ഉ: ഞാന്‍ പ്രഖ്യാപിച്ച പാക്കേജില്‍ ടൂറിസം ഉള്‍പ്പെടെയുള്ളവയുണ്ട്. നിങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് പുതിയ വായ്പകള്‍ ലഭിക്കാനും അതുവഴി കൂടുതല്‍ പ്രവര്‍ത്തന മൂലധനം സ്വരൂപിക്കാനും ബാങ്കുകളുമായി ബന്ധപ്പെട്ടാല്‍ മതിയാകും.
- ബാങ്ക് വായ്പകള്‍ക്ക് പ്രഖ്യാപിച്ച മൂന്ന് മാസത്തെ മൊറട്ടോറിയം നീട്ടുമോ?
ഉ: ഞാന്‍ ഇത് ആര്‍ബിഐ ഗവര്‍ണര്‍ക്ക് വിടുന്നു. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ഉള്‍പ്പെടെ പ്രയാസങ്ങള്‍ പഠിച്ച് വേഗത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നയാളാണ് അദ്ദേഹം. മൊറട്ടോറിയം പ്രഖ്യാപിച്ചതു തന്നെ അദ്ദേഹമാണ്.
- 2008 ലെയും ഇപ്പോഴത്തെയും സാഹചര്യങ്ങള്‍ തമ്മില്‍ എങ്ങനെ താരതമ്യം ചെയ്യുന്നു?
ഉ: സാമ്പത്തിക ഉത്തേജനം നല്കാന് ഏറ്റവും നല്ല മാര്‍ഗം ബാങ്ക് വായ്പകള്‍ വിതരണം ചെയ്യുക എന്നതാണ്. 2008 ല്‍ യുപിഎ എടുത്ത നടപടികളില്‍ നിന്നും ഞാന്‍ ഏറെ പാഠങ്ങള്‍ പഠിച്ചു. ശുപാര്‍ശകളുമായി എത്തുന്നവര്‍ക്കെല്ലാം വായ്പകള്‍ വാരിക്കോരി നല്‍കാനാണ് അവര്‍ അന്ന് ശ്രമിച്ചിരുന്നത്. അര്‍ഹതപ്പെട്ടവര്‍ക്ക് അതൊന്നും ലഭിച്ചതുമില്ല. ഇക്കാര്യങ്ങള്‍ പരിഗണിച്ചു കൊണ്ടാണ് പുതിയ നയം രൂപപ്പെടുത്തിയത്.
- അന്താരാഷ്ട്ര വാണിജ്യ ഏജന്‍സികളുടെ റേറ്റിങ്ങുകളെ ഭയന്നുകൊണ്ടാണോ പാക്കേജുകള്‍ തയ്യാറാക്കിയത്?
ഉ: നിങ്ങള്‍ ഇത് ചോദിച്ചത് നന്നായി. സാമ്പത്തിക തിരിച്ചടി ഉണ്ടായാല്‍ റേറ്റിങ്ങുകളില്‍ ഇടിവുണ്ടാകുന്നത് സ്വാഭാവികമാണ്. ഇന്ത്യക്കു മാത്രമാണ് തിരിച്ചടി നേരിട്ടതെങ്കില്‍ സ്വാഭാവികമായും ലോകത്തിന്റെ ഇതര കോണുകളില്‍ നിന്നും വിമര്‍ശനമുയരും. ഇന്ത്യക്കും രാജ്യത്തെ വിവിധ കമ്പനികള്‍ക്കും റേറ്റിങ്ങില്‍ എന്തു സംഭവിക്കുമെന്ന് ഞാന്‍ ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ ലോകം മുഴുവന്‍ കൊറോണ വൈറസിന്റെ പ്രഭാവം മൂലം തിരിച്ചടി നേരിട്ടു കഴിഞ്ഞു. ഇത് ലോകത്തെ റേറ്റിങ്ങ് ഏജന്‍സികള്‍ പരിഗണിക്കും. നമ്മുടെ സാമ്പത്തിക നയങ്ങളും വ്യാവസായിക വികസന നയങ്ങളും മറ്റു രാജ്യങ്ങളെക്കാള്‍ മികച്ചതായാല്‍ അത് റേറ്റിങ്ങില്‍ നമുക്ക് മികച്ച നേട്ടം നല്‍കും.
- ചൈനയില്‍ വ്യവസായശാലകളുള്ള കമ്പനികളെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള പരിശ്രമം എത്രത്തോളം വിജയിക്കും?
ഉ: അതെല്ലാം വാണിജ്യപരമായ തീരുമാനങ്ങളാണ്. നമുക്ക് വ്യവസായ സൗഹൃദ, നികുതി ഇളവുള്ള സാഹചര്യങ്ങള്‍ ഒരുക്കാന്‍ സാധിക്കും. അങ്ങനെ സംരംഭകര്‍ക്കിടയില്‍ നമ്മളില്‍ കൂടുതല്‍ വിശ്വാസം ഉയര്‍ത്താനാകും. ഓരോ വ്യാസായങ്ങള്‍ക്കുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കുന്നതിനും ധാരാളം സമയം നമുക്ക് ആവശ്യമാണ്. ഒരു ഫാര്‍മ കമ്പനിക്കു വേണ്ട സാഹചര്യമല്ല ചിപ്പ് നിര്‍മാണ കമ്പനിക്ക് വേണ്ടത്. അതുപോലെ ഓരോന്നിനും അടിസ്ഥന സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഉറപ്പു വരുത്തണം.
- കുടിയേറ്റത്തൊഴിലാളികള്‍ വലിയ ആശങ്കയിലും അനിശ്ചിതത്വത്തിലുമാണ്. അവര്‍ക്കുവേണ്ടി ചില പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും എങ്ങനെയാണ് അവരെ സംരക്ഷിക്കാന്‍ പോകുന്നത്?
ഉ: കുടിയേറ്റ തൊഴിലാളികള്‍ രാജ്യത്തിന്റെ ഭാഗമാണ്. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും അവരുടെ തൊഴില്‍ ഇടങ്ങളിലേക്ക് തിരിച്ചുവരാം. അവരുടെ സേവനങ്ങള്‍ എല്ലാ സംസ്ഥാനങ്ങളും പ്രയോജനപ്പെടുത്തുന്നുണ്ട്. ചില കമ്പനികളും എന്‍ജിഒകളും അവരെ സംരക്ഷിക്കാനായി എത്തുന്നുണ്ടെന്ന് അറിയാം. നമ്മള് എല്ലാവരും അവരെ സഹായിക്കാന്‍ വേണ്ടിത്തന്നെയാണ് പരിശ്രമിക്കുന്നത്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് അവരെ സംരക്ഷിക്കാന്‍ പരിശ്രമിക്കുന്നത്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: